1823ൽ ചിദംബരത്തിനടുത്തുള്ള മരുദൂർ ഗ്രാമത്തിൽ രാമയ്യാ പിള്ളയുടേയും ചിന്നമ്മയാറുടേയും അഞ്ചാമത്തെ മകനായി ജനനം. കുട്ടിക്കാലം മദ്രാസ്സിലായിരുന്നു.സ്കൂൾ പഠനത്തിനു പോകാതെ അടുത്തുള്ള കോവിലുകളിൽ ധ്യാനനിരതനായി കഴിയാനായിരുന്നു ചെറുപ്പത്തിൽ തന്നെ താൽപ്പര്യം. ഒൻപതാം വയസ്സിൽ ഭക്തിഗാനങ്ങളും ശ്ലോകങ്ങളും രചിച്കു തുടങ്ങി. മുരുകനെക്കുറിച്ചുള്ള ദേവമണിമാല ഏറെ പ്രസിദ്ധം.സമുദായസേവനമാണ് മോക്ഷത്തിനുള്ള മാർഗ്ഗം എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. മതം ഇരുട്ടിൽ തപ്പുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് ഭൂതദയയാൽ മാത്രമേ മോക്ഷം കിട്ടുകയുള്ളൂ എന്നദ്ദേഹം ഉദ്ഘോഷിച്ചു. വഡലൂരിൽ സത്യജ്ഞാനസഭ തുടങ്ങിയ അദ്ദേഹം ഭൗതികകാര്യങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കും തുല്യ പ്രാധാന്യം കൊടുത്തു. ജാതി മത വർഗ്ഗ ഭേദമന്യേ മനുഷ്യകുലത്തെ ഒന്നായി കണ്ട സാമൂഹ്യ പരിഷ്കർത്താവായിരുന്നു രാമലിംഗർ.തമിഴിൽ അദ്ദേഹം ഏതാനും കൃതികൾ രചിച്ചു.1865ൽ മുടക്കമില്ലാതെ അന്നദാനം നടത്താൻ ധർമ്മശാല തുറന്നു. അവിടത്തെ അടുപ്പിലെ തീ നാളിതു വരെ കെട്ടിട്ടില്ല. അന്ന ദാനം മഹാപുണ്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം.
ആരാധകരുടേയും ശിഷ്യരുടേയും മുൻപിൽ വച്ച് 1874ൽ അദ്ദേഹം അപ്രത്യക്ഷനായി.
ഭാരത സർക്കാർ 2007ൽ അദ്ദേഹത്തിന്റെ സ്മരണക്കായി 5 രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കി.