ഇന്ന് നടരാജപിള്ളയുടെ ജൻമദിനം

116
0

ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയ ധനമന്ത്രി

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു പി.എസ്. നടരാജപിള്ള. ചരിത്ര പണ്ഡിതനും തത്ത്വചിന്തകനും നാടകകൃത്തും ആയിരുന്ന മനോന്മണീയം പി. സുന്ദരംപിള്ളയുടെ ഏകമകനായി 1891 മാര്‍ച്ച് പത്തിന് തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലായിരുന്നു ജനനം. ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യം ഉണ്ടായിരുന്ന നടരാജപിള്ള ദ പോപ്പുലര്‍ ഒപ്പീനിയന്‍, വഞ്ചികേസരി എന്നീ പത്രങ്ങളുടെ അധിപനായിരുന്നു.

സര്‍ സി.പി. രാമസ്വാമി അയ്യര്‍ അദ്ധ്യക്ഷനായിരുന്ന തിരുവിതാംകൂര്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാവായിരുന്നു നടരാജപിള്ള. ഭൂപരിഷ്‌കരണത്തിനുള്ള കരടുരേഖ ഇദ്ദേഹമാണ് തയ്യാറാക്കിയത്. തിരുക്കൊച്ചിയില്‍ 1954-55 കാലഘട്ടത്തില്‍ ധനകാര്യമന്ത്രിയായിരുന്ന അദ്ദേഹം ലോക്‌സഭാംഗവും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മന്ത്രി, നിയമസഭാ സാമാജികന്‍, പാര്‍ലമെന്റ് അംഗം, പ്രജാസഭാ മെമ്പര്‍, കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പര്‍, നിയമജ്ഞന്‍, ചരിത്രപണ്ഡിതന്‍, ഭാഷാപണ്ഡിതന്‍, പത്രാധിപര്‍ എന്നീ നിലയില്‍ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. 1966 ജനുവരി പത്തിന് അദ്ദേഹം അന്തരിച്ചു