കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ അംഗീകരിച്ച 23,123 കോടി രൂപയുടെ ‘കോവിഡ് -19 അടിയന്തര പ്രതികരണത്തിനും ആരോഗ്യ സംവിധാന മുന്നൊരുക്കത്തിനുമുള്ള പാക്കേജ് രണ്ടാം ഘട്ടം’ പ്രകാരമുള്ള തയ്യാറെടുപ്പുകൾ ഇന്ന് അവലോകനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ പങ്കെടുത്തു. 2021 ജൂലൈ 01 മുതൽ 2022 മാർച്ച് 31 വരെയാണ് രണ്ടാം ഘട്ടം നടപ്പാക്കുക.
അവലോകന യോഗത്തിൽ, സംസ്ഥാന സർക്കാരുകൾ / കേന്ദ്ര ഭരണപ്രദേശങ്ങളോട് , അവരുടെ ചെലവുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾക്കുള്ള അംഗീകാരവും അനുമതിയും കേന്ദ്ര ഗവൺമെന്റ് നിന്നും വേഗം ലഭിക്കുന്നതിന് എത്രയും വേഗം നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു .
യോഗത്തിൽ ഇനിപ്പറയുന്നവ പ്രധാനമായും ചർച്ച ചെയ്തു
•പരിശോധന, കണ്ടെത്തൽ, ചികിത്സ , ക്വാറന്റീൻ എന്നിവ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത
• ഉപജില്ലാ തലങ്ങളിൽ പരിശോധന ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, ശിശുരോഗ പരിചരണത്തിനുപ്പെടെയുള്ള അധിക കിടക്കകൾ, താൽക്കാലിക ആശുപത്രികൾ എന്നിവ വർദ്ധിപ്പിക്കുക
•ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, പിപിഇകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക
•ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുകയും വീട്, ഗ്രാമീണ / സാമൂഹിക ഐസൊലേഷൻ കേന്ദ്രങ്ങൾ / കോവിഡ് കെയർ സെന്ററുകൾ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുക
•കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി വിദഗ്ധ മെഡിക്കൽ, പാരാ മെഡിക്കൽ വിഭവ ശേഷി നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക
ഇസിആർപി രണ്ടാം ഘട്ടത്തിന്റെ ഇനിപ്പറയുന്ന ലക്ഷ്യങ്ങൾ, അവലോകന യോഗത്തിൽ ആവർത്തിച്ചു:
•രാജ്യത്തെ 736 ജില്ലകളിലും പ്രത്യേക ശിശു സംരക്ഷണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങളെ പിന്തുണയ്ക്കുക
•ഓരോ സംസ്ഥാനത്തും / കേന്ദ്ര ഭരണ പ്രദേശത്തും പീഡിയാട്രിക് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാൻ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുക
• 20% പീഡിയാട്രിക് ഐസിയു കിടക്കകൾ ഉൾപ്പെടെ ഐസിയു കിടക്കകളുടെ ലഭ്യത ആവശ്യമനുസരിച്ച് വർദ്ധിപ്പിക്കുക
• മെഡിക്കൽ ഗ്യാസ് പൈപ്പ്ലൈൻ സംവിധാനത്തോടുകൂടിയ ദ്രവ മെഡിക്കൽ ഓക്സിജൻ (എൽഎംഒ) സംഭരണ ടാങ്കുകൾ (എംജിപിഎസ്) ( ഒരു ജില്ലയ്ക്ക് കുറഞ്ഞത് ഒരെണ്ണം) എന്ന അടിസ്ഥാനത്തിൽ ഇത്തരം 1050 ടാങ്കുകൾ സജ്ജമാക്കുന്നതിന് സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുക.
•പ്രതിദിനം 5 ലക്ഷം വരെ ടെലി-കൺസൾട്ടേഷൻ സേവനങ്ങൾ നൽകുന്നതിന് ടെലി-കൺസൾട്ടേഷൻ പ്ലാറ്റ്ഫോം ശക്തിപ്പെടുത്തുക
•എല്ലാ ജില്ലാ ആശുപത്രികളിലും ഹോസ്പിറ്റൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എച്ച്എംഐഎസ്) നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളെ പിന്തുണയ്ക്കുക
•ആംബുലൻസ് സേവനങ്ങൾ വർദ്ധിപ്പിക്കുക, പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനാ ശേഷിയും അനുബന്ധ ചികിത്സാ നിർണയ സംവിധാനവും വർദ്ധിപ്പിക്കുക.
•ഫലപ്രദമായ ചികിത്സ നടത്തിപ്പിനായി യുജി, പിജി ഇന്റേൺസ്, അവസാനവർഷ എംബിബിഎസ്, ബിഎസ്‌സി, ജിഎൻഎം നഴ്സിംഗ് വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്താൻ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുക