ഇന്ത്യന്‍ മാധ്യമരംഗത്ത് വനിതാ പ്രാതിനിധ്യം കുറയുന്നുവെന്ന് പഠനം

125
0

ഇന്ത്യന്‍ മാധ്യമരംഗത്ത് വനിതാ പ്രാതിനിധ്യം കുറയുന്നുവെന്ന് പഠനം; ദൃശ്യമാധ്യമരംഗത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ട്
……….

ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമരംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതായി പഠന റിപ്പോരട്ട്. ടെലിവിഷന്‍ മാധ്യമത്തില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ടെലിവിഷന്‍ മാധ്യമരംഗത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ മുന്‍ഗണന ലഭിക്കുന്നതിന് കാരണം ലൈംഗികതയും ഗ്ലാമറും ഫാഷനും ആണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഗ്ലോബല്‍ മീഡിയ മോണിറ്ററിംഗ് പ്രൊജക്ടിന്റെ ആറാം എഡിഷനിലെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നെറ്റ് വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ ഇന്‍ ഇന്ത്യയുമായി സഹകരിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. അച്ചടി,. ദൃശ്യ, ശ്രാവ്യ മാധ്യമവിഭാഗങ്ങളില്‍ വാര്‍ത്തകളുടെ ഉറവിടമായും വിഷയമായും സ്ത്രീകളുടെ പ്രാതിനിധ്യം പതിനാല് ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. 2010ല്‍ ഇത് 22ഉം 2015ല്‍ 21ലേക്കും ആയിരുന്നു സ്ത്രീകളുടെ എണ്ണം ചുരുങ്ങിയത്.
അതേസമയം പുരുഷന്‍മാരുടെ കാര്യത്തില്‍ ഇത് 68ശതമാനത്തില്‍ നിന്ന് 89 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ലിംഗ-അനുബന്ധ വിഭാഗത്തില്‍ വാര്‍ത്തകളുടെ ഉറവിടം എന്നനിലയില്‍ താരതമ്യേന സ്ത്രീ പങ്കാളിത്തം കൂടുതലാണ്. 32 ശതമാനമാണ് ഈ മേഖലയില്‍ സ്ത്രീ പങ്കാളിത്തമുളളത്. അതേസമയം രാഷ്ട്രീയവും സര്‍ക്കാരും സംബന്ധിച്ച വിഭാഗത്തില്‍ പതിനൊന്ന് ശതമാനം മാത്രമാണ് സ്ത്രീകളുടെ പങ്കാളിത്തം. ലിംഗ-അനുപാത വിഭാഗത്തില്‍ പുരുഷന്‍മാരുടെ പങ്കാളിത്തം 68ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

പിന്നീട് സ്ത്രീകള്‍ക്ക് പങ്കാളിത്തം ലഭിക്കുന്ന മേഖല സെലിബ്രിറ്റി വിഭാഗമാണ്. പിന്നാലെ കലയും മാധ്യമങ്ങളും, കായികം എന്നിവയുണ്ട്. തൊട്ടുപിന്നാലെ സമൂഹ്യ-നിയമ വിഭാഗവുമുണ്ട്. കായികരംഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ 25ശതമാനംസ്്ത്രീപങ്കാളിത്തമുള്ളപ്പോള്‍ സാമൂഹ്യ നിയമ മേഖലയില്‍ ഇത് പതിനേഴ് ശതമാനം മാത്രമാണ്. കുറ്റകൃത്യം, അക്രമം തുടങ്ങിയ രംഗത്ത് പതിനഞ്ച് ശതമാനം സ്്ത്രീ പ്രാതിനിധ്യമാണുള്ളത്. ശാസ്ത്രം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം പതിനാല് ശതമാനം മാത്രമാണ്. സാമ്പത്തികം 12ശതമാനം സ്ത്രീ പ്രാതിനിധ്യമാണുള്ളത്.
ലൈംഗികാതിക്രമങ്ങളില്‍ ഇരയാകുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് വാര്‍ത്തകളില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്.
വാര്‍ത്താ ഉറവിടങ്ങളോ വിഷയങ്ങളോ ആകുന്ന സ്ത്രീകളുടെ എണ്ണം കുറയുന്നതിനൊപ്പം വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിലും കുറവുണ്ടാകുന്നുണ്ട്. 2015ല്‍ നിന്ന് 2020ല്‍ എത്തിയപ്പോഴേക്കും അച്ചടി മാധ്യമരംഗത്ത് വനിതാ റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം 43 ശതമാനത്തില്‍ നിന്ന് പതിമൂന്ന് ശതമാനമായി ചുരുങ്ങി. ടെലിവിഷന്‍ രംഗത്ത് ഇത് അറുപത് ശതമാനത്തില്‍ നിന്ന് 52ശതമാനത്തിലേക്ക് താഴ്ന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2015ല്‍ റേഡിയോ രംഗത്തുള്ള വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പഠനവിധേയമാക്കിയിരുന്നില്ല. 2020ല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതാ റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം 20ശതമാനം മാത്രമാണ്.

ടെലിവിഷന്‍ മാധ്യരംഗത്താണ് അച്ചടിയെക്കാള്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ളത്. 52ശതമാനം സ്ത്രീകള്‍ ഈ മേഖലയില്‍ റിപ്പോര്‍ട്ടര്‍മാരായും അനൗണ്‍സര്‍മാരായും അവതാരകരായും പ്രവര്‍ത്തിക്കുന്നു.

യുവതികളായ വനിതകളെ ദൃശ്യമാധ്യമരംഗത്തേക്ക് കൂടുതല്‍ പരിഗണിക്കുന്നതിന് കാരണം ഇതില്‍ ഒരു ഒളിഞ്ഞിരിക്കുന്ന ലൈംഗിക ഉദ്ദേശ്യമുണ്ടെന്നതിന്റെ തെളിവാണെന്ന് പഠനം വ്യക്തമാക്കുന്നു. ആകര്‍ഷകമായ സ്ത്രീകള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് കാഴ്ചക്കാര്‍ ഏറുന്നു. ഇതിലെ ഉള്ളടക്കത്തിന് യാതൊരു പ്രാധാന്യവും അവിടെ പരിഗണിക്കപ്പെടുന്നുമില്ല.