ഇതെത്ര ലജ്ജാകരം

211
0


ഇയ്യംങ്കോട് ശ്രീധരന്‍


പത്രം നിവര്‍ന്നു തുടുത്ത പുലരിതന്‍
ചിത്രത്തിനിപ്പുറം ചോരയും മാംസവും
ഞെട്ടിപ്പകച്ചു തരിച്ച മിഴികള്‍,കൈ-
വെട്ടിയ, മാറുപിളര്‍ന്ന,ബോംബേറിനാല്‍
ഞെട്ടറ്റുവീണു പിടഞ്ഞ താരുണ്യമായ്
കൊത്തിവലിച്ചു കടിച്ച ക്രൌര്യങ്ങളായ്
മൃത്യുപൂജയ്ക്കുള്ള രക്തപുഷ്പങ്ങളായ്
ആളെത്തിരിച്ചറിഞ്ഞീടാതനാഥമായ്
പാതയോരത്തു കിടക്കും ശവങ്ങളായ്
മാലോകരേ-നമ്മള്‍ കാണ്മൂ, അരാഷ്ട്രീയ-
മൂടുപടത്തിലൊളിപ്പൂ,നിഷ്പക്ഷരായ്
മേനി നടിപ്പൂ-ഇതെത്ര ലജ്ജാകരം!
തല്ലുന്നവനെയും കൊള്ളുന്നവനെയും
തുല്യമായ്ക്കാണുന്ന നീതിബോധം
തല്ലുകൊണ്ടാല്‍ തടുത്താലതക്രമം
വാര്‍ത്തകള്‍ വാര്‍ക്കുന്നവരെ
ഇതെത്ര ലജ്ജാകരം!
കാടുനാടായതില്‍ തേങ്ങിക്കരഞ്ഞവര്‍
മാവുമുറിയ്‌ക്കെ വികാരവീക്ഷുബ്ധരായ്
നാവു വാളാക്കിയോര്‍, മര്‍ത്ത്യനെക്കൊല്ലുമീ-
നാടകം കണ്ടുരസിക്കയൊ,വേദിയില്‍
മാനവ സംസ്‌കാര മേദുരഗാഥകള്‍
പാടുന്നവരെ-ഇതെത്ര ലജ്ജാകരം
ഞാനില്ല,ഞങ്ങളുമില്ലെന്നൊഴിവായ
ഞായം പറഞ്ഞു ഞെളിയുന്ന കൂട്ടരെ
ഇപ്രതിരോധനിര തകര്‍ന്നീടുകി-
ലെത്തുന്ന ചോരമണക്കുന്ന കത്തികള്‍
നിങ്ങള്‍ക്കുനേരെ-
സമാധാനചിത്തരായ്
ഒന്നിനുമില്ലെന്നു ചൊല്ലി നിഷ്പക്ഷരായ്
വ്യത്യസ്ത ജാതി മതങ്ങള്‍ക്കിടയിലും
ഒത്തൊരുമിച്ചു കഴിഞ്ഞുകൂടീടുന്ന
നിങ്ങള്‍ക്കുനേരെ-
ഈ നിഷ്പക്ഷതയുടെ
നിന്ദ്യമാം പൊയ്മുഖം തല്ലിപ്പൊളിക്കുവിന്‍
ജീവിച്ചിരിയ്‌ക്കെ ജ്ജഡങ്ങളായ് മാറ്റുന്ന-
ജീര്‍ണ്ണബോധത്തെ കുഴിവെട്ടിമൂടുവിന്‍

*1981 ല്‍ പ്രസിദ്ധീകരിച്ചത്‌