ഇടതുപക്ഷ താത്വികാചാര്യനായ ഡോ.ആസാദ് പ്രതികരിക്കുന്നു

200
0

അനുപമ എന്ന അമ്മയില്‍നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഏത് കുട്ടിക്കടത്ത് സംഘമാണ്? അതില്‍ ആരൊക്കെ ഉള്‍പ്പെടും?

കുട്ടിക്കടത്തു സംഘത്തെ പിടിച്ചുകെട്ടി കുഞ്ഞിനെ മോചിപ്പിച്ച് അമ്മയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ കുഞ്ഞുണ്ടായത് നേരായ വഴിയിലോ എന്നു ശങ്കിക്കുന്നത് ഏതു സാംസ്കാരിക സദാചാരവാദികളാണ്? കുഞ്ഞിന് അമ്മയോടൊപ്പം ജീവിക്കാനുള്ള അവകാശം വഴിപ്പിശകില്‍ തീര്‍ത്തുകളയാം എന്നു മോഹിക്കുന്ന ഹിംസാബോധം ആരുടേതാണ്?

അമ്മയില്‍നിന്ന് കുഞ്ഞിനെ വേര്‍പെടുത്തി നാടു കടത്തിയ സംഭവം അതില്‍ ഉള്‍പ്പെട്ട കുറ്റവാളികളുടെ രാഷ്ട്രീയ ബന്ധംകൊണ്ട് ന്യായീകരിക്കപ്പെടണമെന്ന് കരുതുന്ന അന്ധാനുയായിസംഘങ്ങള്‍ ഏതൊക്കെയാണ്? അവര്‍ സഹായിക്കുന്നത് ആരെയാണ്?

ഹോണര്‍ കില്ലിങ്ങിലും ഒട്ടും കുറവല്ലാത്ത ഒരു കൊടും പാതകത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളാകെ സഹായം നല്‍കി എന്നറിയുമ്പോള്‍ സര്‍ക്കാറിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള വിധേയത്വംകൊണ്ട് മൗനം തുടരണമെന്ന് കരുതുന്ന ക്ഷണപ്രതികരണ സാംസ്കാരിക നായകര്‍ ആരൊക്കെയാണ്? കുറ്റകൃത്യത്തെ നിശ്ശബ്ദതകൊണ്ട് പിന്തുണയ്ക്കുന്ന ഒപ്പിടല്‍സംഘങ്ങള്‍ ഏതൊക്കെയാണ്?

അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തി അവരുടെ അവകാശങ്ങള്‍ നിഷേധിച്ച സംഭവത്തെ കക്ഷിരാഷ്ട്രീയ സങ്കുചിത കാഴ്ച്ചയിലാണോ കേരളം കാണേണ്ടത്? സകല സ്ഥാപനങ്ങളും കൂട്ടുനിന്ന കൊടും പാതകത്തെ അപലപിക്കാനും പ്രതിഷേധിക്കാനും വൈകുന്നതെന്ത്?

ആ അമ്മയ്ക്ക് കുഞ്ഞിനെ തിരിച്ചു നല്‍കുന്നതുവരെ ഇവിടെ ഒരു ജനാധിപത്യ ഭരണ സംവിധാനമുണ്ടെന്ന് കരുതുക പ്രയാസമാണ്. നീതി ലഭിക്കാതെ പോകുന്ന അമ്മമാരുടെ നിലവിളികള്‍ ഭീതിദമാംവിധം പെരുകുകയാണ്. കൊച്ചുകേരളം അതില്‍ മുങ്ങിത്താഴുകയാണ്.

അനുപമയ്ക്കും അജിത്തിനും അവരുടെ കുഞ്ഞിനെ ലഭിക്കാന്‍ നമ്മുടെ നീതിബോധം ഉണര്‍ന്നിരുന്നേ പറ്റൂ.