ആറ്റുകാൽ പൊങ്കാല; തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം; ഭക്ഷ്യസ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

54
0

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് മാർഗരേഖ നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്തജനങ്ങൾക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു.

പൊങ്കാലയക്ക് മുന്നോടിയായി ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംരംഭകർ ഭക്ഷ്യവകുപ്പ് നടത്തുന്ന ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഫെബ്രുവരി 13നായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഇ-മെയിലിലേക്ക് പങ്കെടുക്കുന്നവരുടെ പേര്, ഫോൺ നമ്പർ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ തുടങ്ങിയവ നൽകി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്‌ട്രേഷൻ പകർപ്പോ പ്രദർശിപ്പിക്കണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുന്ന സർട്ടിഫിക്കറ്റും ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റും കയ്യിൽ കരുതണമെന്നും സ്ഥാപങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്നദാനം, ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന സംരംഭകർ, ദാഹജലവിതരണം തുടങ്ങിയവ നടത്തുന്നവരും ഭക്ഷ്യസുരക്ഷാ വകുപ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.