ആര്‍ ഓ ബി നിര്‍മ്മാണം വേഗത്തിലാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

139
0

‘പ്രധാന പാതകളില്‍ ലെവല്‍ക്രോസില്ലാത്ത കേരളം ‘ പദ്ധതിയിലെ റെയില്‍വെ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണം വേഗതയിലാക്കാന്‍ തീരുമാനം . പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ആര്‍ ഓ ബി നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

72 റെയില്‍വെ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി. നിലവിൽ നിർമ്മാണത്തിലുള്ള പതിനൊന്ന് റെയിൽവെ ഓവർ ബ്രിഡ്ജുകൾ 2022 സപ്തംബറിനകം പൂര്‍ത്തിയാക്കാനാകും.
നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്ന മൂന്ന് ആര്‍ ഓ ബികള്‍ 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഷെഡ്യൂളിനും യോഗം അംഗീകാരം നല്‍കി. 27 ആര്‍ ഓ ബികളുടെ ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗിന് റെയില്‍വെയുടെ അംഗീകാരം ലഭിച്ചു. 14 എണ്ണത്തിന്റെ സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ പുരോഗമിക്കുന്നു. 17 ആര്‍ ഓ ബികളുടെ പദ്ധതി രേഖ തയ്യാറാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇതില്‍ 67 എണ്ണം കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.

ആര്‍ ഓ ബികളില്‍ ആദ്യഘട്ടത്തില്‍ സ്റ്റീൽ കോണ്‍ക്രീറ്റ് കോംപസിറ്റ്  രീതി അനുസരിച്ച് നിർമ്മിക്കുന്ന 10 റെയിൽവെ ഓവർ ബ്രിഡ്ജുകളിൽ അഞ്ചെണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. ചാലക്കുടി മണ്ഡലത്തിലെ  ചിറങ്ങര, കരുനാഗപ്പള്ളിയിലെ മാളിയേക്കല്‍, പട്ടാമ്പിയിലെ വാടാനംകുറിശി, മലമ്പുഴയിലെ അകത്തേത്തറ,തലശേരിയിലെ കൊടുവള്ളി എന്നിവിടങ്ങളിലാണ് പൈലിംഗിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. താനൂര്‍ തെയ്യല, ചിറയന്‍കീഴ്, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ പ്രവൃത്തി ഉടന്‍ ആരംഭിക്കാനാകുമെന്ന് ആര്‍ ബി ഡി സി കെ അറിയിച്ചു. ഡിസൈനിന് മദ്രാസ് ഐഐടിയുടെ അംഗീകാരം കൂടി വാങ്ങിയാണ് പ്രവൃത്തി നടത്തുന്നത്. 

ആര്‍ബിഡിസികെ എം ഡി സുഹാസ് ഐ എ എസ്, കെആര്‍എഫ്ബി സി ഇ ഓ, ശ്രീറാം സാംബശിവറാവു ഐ എ എസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.