ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്നവർക്ക് മാത്രം ആർ. ടി. പി. സി. ആർ

389
0


ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവർക്ക് മാത്രം, ആർ. ടി. പി. സി. ആർ നടത്തുന്നതാണ് ഈ ഘട്ടത്തിൽ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർ. ടി. പി. സി. ആർ ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തിൽ ഇതാണ് ഉചിതം. ഐസിഎംആറിന്റെ പുതിയ മാർഗ്ഗനിർദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയിൽവേ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
ആശുപത്രികളിൽ തടസമില്ലാതെ വൈദ്യുതി ഉറപ്പുവരുത്തണം. ഇതിനായി ആശുപത്രികൾ എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ കെഎസ്ഇബിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓക്‌സിജൻ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ നിർദ്ദേശിച്ചു. ഓക്‌സിജൻ ഉപയോഗിക്കുന്ന ഇടങ്ങളിൽ ഓക്‌സിജൻ ഓഡിറ്റ് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടുത്തം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കായി ഓർഡർ ചെയ്ത വാക്‌സിൻ അവർക്ക് തന്നെ നൽകും. പൾസ് ഓക്‌സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾ വഴി നിർമ്മിക്കുന്നത് പരിഗണിക്കും. അതിന്റെ സാങ്കേതിക കാര്യങ്ങൾ കെൽട്രോണിനെക്കൊണ്ട് നിർവഹിക്കാൻ വ്യവസായ വകുപ്പിന് നിർദ്ദേശം നൽകി.
ചില സ്ഥലങ്ങളിൽ 18 വയസ്സിനു താഴെയുള്ള കുട്ടികളെ മാസ്‌ക് ധരിക്കാതെ പൊതുനിരത്തിൽ കാണുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തവും കടമയുമാണ്. ഇക്കാര്യം മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.