സജി സഖാവിന്റെ പോസ്റ്റ് ചുവടെ:
ഒരാഴ്ച്ച മുൻപാണ് മാന്നാർ കുട്ടംപേരൂർ സ്വദേശിയായ ആദർശ് എന്ന ചെറുപ്പക്കാരൻ എന്നെ കാണാൻ വരുന്നത്. തിരുവല്ല മാർത്തോമ്മ കോളേജിലെ ബിരുദവിദ്യാർത്ഥിയായ ആദർശ് ഫുട്ബോൾ താരമാണ്. ആദർശിന് വലിയൊരു അവസരം ലഭിച്ചിട്ടുണ്ട്, എന്നാൽ സാമ്പത്തികം എന്ന കടമ്പയിൽ തട്ടി ആ അവസരം നഷ്ടപ്പെടും എന്ന പ്രതിസന്ധിഘട്ടത്തിലാണ് എം.എൽ.എ എന്ന നിലയിൽ എന്നെ കാണാൻ വന്നത്.
സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദർശിന് അവസരം ലഭിച്ചു. അഞ്ചോളം മത്സരങ്ങളും ഈ കാലയളവിൽ കളിക്കുവാൻ സാധിക്കും. പ്രകടനം ക്ലബിനോ മറ്റ് ക്ലബുകൾക്കോ ഇഷ്ടപ്പെടുകയാണെങ്കിൽ കോണ്ട്രാക്റ്റ് ലഭിക്കുവാനും സാധ്യതയുണ്ട്. സ്‌പെയിൻ പോലെയുള്ള ഫുട്ബാൾ രംഗത്തെ അതികായ രാജ്യത്ത് ലീഗ് മത്സരങ്ങളിൽ കളിക്കുവാൻ അവസരം ലഭിക്കുക എന്നത് നമ്മുടെ നാട്ടിലെ ഫുട്ബാൾ താരത്തെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ അവസരമാണ്. എന്നാൽ ഇതിന് ആവശ്യമായ ചിലവ് നമ്മൾ സ്വയം കണ്ടെത്തണം. ഇതായിരുന്നു ആദർശിന്റെ പ്രതിസന്ധി.
ഇക്കാര്യം അറിഞ്ഞ നമ്മുടെ പ്രിയ താരം Sanju Samson ആദർശിന്റെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ സ്പോൺസർ ചെയ്തിട്ടുണ്ട്. നാട്ടിലെ അഭ്യുദയകാംഷികളും പഠിച്ച വിദ്യാലയവുമൊക്കെ അവരാൽ കഴിയുന്ന സഹായം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വേണ്ടി വന്ന തുക നൽകുവാൻ കായികവകുപ്പിന്റെ സാധ്യതകൾ പരിശോധിച്ചെങ്കിലും ആദർശിന് ഉടനെ പോകേണ്ടതിനാൽ അതിന് മുമ്പ് ലഭിക്കുവാൻ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടായി. ഈ സാഹചര്യത്തിൽ കാരക്കാട് ലിയോ ക്ലബ് സമാഹരിച്ച 50000 രൂപ ഇന്ന് ആദർശിന് കൈമാറി. ബാക്കി ആവശ്യമായ തുക ഞാൻ ആദർശിന് കൈമാറി. മറ്റന്നാൾ ആദർശ് മാഡ്രിഡിലേക്ക് യാത്ര തിരിക്കും.
ലെഫ്റ്റ് വിങ് ഫോർവേഡാണ് ആദർശ്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കടുത്ത ആരാധകൻ. നാളെ ആദർശ് നമ്മുടെ അഭിമാനതാരമാകും എന്നെനിക്ക് ഉറപ്പുണ്ട്. അതിന് ഈ അവസരം വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു.