അവശ്യ സർവീസുകാർക്ക് പോസ്റ്റൽ വോട്ട് 28 മുതൽ 30 വരെ

403
0

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോട്ട് ജില്ലയിൽ മാർച്ച് 28 മുതൽ 30 വരെ നടക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഇതിനായി ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും പ്രത്യേക പോസ്റ്റൽ വോട്ടിങ് സെന്റർ ക്രമീകരിച്ചിട്ടുണ്ട്. അവശ്യ സർവീസിൽപ്പെട്ടവരും അപേക്ഷ നൽകിയവരിൽ പോസ്റ്റൽ വോട്ടിന് അർഹരായവരുമായ സമ്മതിദായകർക്ക് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിലെ പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങൾ ഇവ

നെടുമങ്ങാട് – ടൗൺ എൽ.പി. സ്‌കൂൾ – പടിഞ്ഞാറുഭാഗത്തുള്ള പുതിയ കെട്ടിടം (ബസ് സ്റ്റാൻഡിനു സമീപം), നെടുമങ്ങാട്
വാമനപുരം – വെഞ്ഞാറമ്മൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ
നെയ്യാറ്റിൻകര – റവന്യൂ റിക്കവറി വിഭാഗം തഹസിൽദാരുടെ കാര്യാലയം, നെയ്യാറ്റിൻകര
കാട്ടാക്കട – കുളത്തുമ്മൽ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, കാട്ടാക്കട
നേമം – ചിത്തിരതിരുന്നാൾ കോളജ് ഓഫ് എൻജിനീയറിങ്, പാപ്പനംകോട്
ആറ്റിങ്ങൽ – ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ആറ്റിങ്ങൽ
ചിറയിൻകീഴ് – ഗവൺമെന്റ് യു.പി. സ്‌കൂൾ കോരാണി, എടക്കാട് പി.ഒ.
കഴക്കൂട്ടം – ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസ്, അൽസാജ് ഓഡിറ്റോറിയത്തിനു സമീപം, കഴക്കൂട്ടം(പോത്തൻകോട്)
വട്ടിയൂർക്കാവ് – സ്‌പെഷ്യൽ തഹസിൽദാർ എൽ.എ, കിഫ്ബി 1, എൽ.ആർ.എം. ക്യാംപ് ഓഫിസ് കെട്ടിടം(കവടിയാർ വില്ലേജ് ഓഫിസിന് എതിർവശം)
വർക്കല – എൽ.എം.എസ്. എൽ.പി.എസ്. പുത്തൻചന്ത, വർക്കല പി.ഒ.
കോവളം – ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ
പാറശാല – എം.ജി.എൻ.ആർ.ഇ.ജി.എസ്. ഹാൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പാറശാല
അരുവിക്കര – വെള്ളനാട് ഗവൺമെന്റ് യു.പി. സ്‌കൂൾ
തിരുവനന്തപുരം – എസ്.എം.വി. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവനന്തപുരം

അവശ്യ സർവീസ് വിഭാഗത്തിലുള്ളവരും തെരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ളവരുമായ ജീവനക്കാർ പോസ്റ്റൽ ബാലറ്റിനുവേണ്ടി നൽകിയ അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ എസ്.എം.എസ്. മുഖേനയോ ബന്ധപ്പെട്ട വകുപ്പിലെ നോഡൽ ഓഫിസർ മുഖേനയോ ബി.എൽ.ഒ. മുഖേനയോ തപാൽ വോട്ട് രേഖപ്പെടുത്തേണ്ട ദിവസവും സമയവും പോസ്റ്റൽ വോട്ടിങ് സെന്റർ സംബന്ധിച്ച വിവരങ്ങളും അതതു വരണാധികാരികൾ അറിയിക്കും. ഇത്തരത്തിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. ഇവർക്ക് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ ആറിന് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയില്ല

വോട്ട് രേഖപ്പെടുത്തുന്നതിന് എത്തുന്ന ജീവനക്കാർ അവരവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം കരുതണം. ബാലറ്റ് പേപ്പറും സത്യപ്രസ്താവന അടക്കമുള്ള അനുബന്ധ ഫോമുകളും പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽനിന്നു ലഭിക്കും. സത്യപ്രസ്താവന അറ്റസ്റ്റ് ചെയ്യുന്നതിന് പോസ്റ്റൽ വോട്ടിങ് സെന്ററിൽ ഗസറ്റഡ് തസ്തികയിലെ ജീവനക്കാരന്റെ സേവനം ലഭ്യമാക്കുമെന്നും കളക്ടർ അറിയിച്ചു.