തിരുവിഴ ജയശങ്കറിന്റെ നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകത്തിന്
കാവാലം നാരായണപ്പണിക്കര്‍ എഴുതിയ അവതാരിക
അനിബദ്ധസംഗീതം,നിബദ്ധസംഗീതം എന്നീ രണ്ടു ഘടനകളില്‍ രാഗാലാപനാനിഷ്ഠമായ ആദ്യ ഇനത്തില്‍ താരതമ്യേന പ്രാ ഗല്ഭ്യം തെളിയിച്ചതാണ് നാഗസ്വരത്തിലെ തിരുവിഴാവഴി എന്ന് വിശ്വസിക്കപ്പെടുന്നു. ആ പാരമ്പര്യത്തിന്റെ കരുത്തുറ്റ പിന്തുടര്ച്ചയില് വളര്‍ന്ന അവകാശികളില്‍ അഗ്രഗണ്യനാണ് നാഗസ്വരവിദ്വാ ന് തിരുവിഴ ജയശങ്കര്‍. അദ്ദേഹത്തിന്റെ അനുഗ്രഹീതനായ അച്ഛന് തിരുവിഴ രാഘവപ്പണിക്കരുടെ നാഗസ്വരസേ വ എന്റെ സ്മൃതിയില്‍ ഇന്നും സജീവമാണ്. എന്റെ ചെറുപ്പത്തില്‍ കേട്ടു മറക്കാനാവാതെ മനസ്സില്‍ ഇന്നും അനുഭൂതി പകരുന്ന മറ്റൊരു സ്വര്ഗ്ഗീയനാഗസ്വരശൈലിയെപ്പറ്റി ഇവി ടെ ആദ്യം അനുസ്മരിക്കുന്നത് അപ്രസക്തമാവില്ല എന്നു വിശ്വസിക്കുന്നു. അത് അമ്പലപ്പുഴ സഹോദരന്മാരു ടെ നാഗസ്വരാലാപനയാണ്. ആലാപനയുടെ അനിബദ്ധതയെക്കാള് കൃതികളിലെ വാഗ്ഗേയങ്ങളുടെ ചേരുവയും വാങ്മയത്തിന്റെ ലയവിധാനവും അര്ത്ഥാപേക്ഷതയും ഒന്നിച്ചു ചേര്‍ന്ന ഘടനാപരമായ സഹിതസുഖം പക ര്‍ന്നിരുന്നു എന്നതാണ് അമ്പലപ്പുഴ ബാണിയുടെ മികവ്. പൂതനാമോക്ഷം ആട്ടക്കഥയി ലെ ‘അമ്പാടിഗുണം’ ‘സുകുമാരാ നന്ദകുമാരാ, ‘ദക്ഷയാഗം’ കഥകളിയിലെ ‘കണ്ണിണയ് ക്കാനന്ദം’ തുടങ്ങിയ കഥകളിപ്പദങ്ങള്‍ അല്‍ പംപോലും അര്‍ത്ഥം ചോര്‍ന്നുപോകാതെയും ഭാവനാസാന്ദ്രമായ സൗകുമാര്യം നല്‍കിയുമാണ് അമ്പലപ്പുഴ ശങ്കരനാരായണപ്പണിക്കര്‍ എ ന്ന മഹാവിദ്വാന്‍ ആലപിച്ചിരുന്നത്. അത് ആസ്വാദകലോകത്തെ ഒരു കാലഘട്ടത്തില്‍ ഹരംകൊള്ളിച്ചിരുന്നു. കാതിനെയും കരളിനേയും വിലതീരാത്ത വിരുന്നൂട്ടിയ ആ വായനയുടെ സര്‍ഗ്ഗചൈതന്യം എന്നില്‍ ഗൃഹാതുരത്വത്തിന്റെ നഷ്ടബോധം പകരുന്നു. നാഗസ്വരം എന്ന മാസ്മരവാദ്യവിശേഷത്തിന്റെ ആ കര്‍ഷകമായ ഉറവയില്‍നി ന്നും എന്നെ ചെറുപ്പത്തില്‍ ത്തന്നെ വിളിച്ചുണര്‍ത്തിയ മറ്റൊരു അസാധാരണവ്യക്തിത്വമായിരുന്നു തിരുവിഴ രാഘവപ്പണിക്കരുടേത്. അ മ്പലപ്പുഴ ശൈലിപോലെതന്നെ കേരളീയരുടെ മനസ്സിനെ ആനന്ദംകൊള്ളിച്ച നാഗസ്വരവായനയായിരു ന്നു തിരുവിഴയുടേത്.
കോട്ടയം സി.എം.എസ് കോളേജില്‍ ഞാന്‍ ഇന്റര്‍ മീഡിയറ്റ് ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്,അതായത്, കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്പതുകള്ക്കു മുന്‍പ് തിരുനക്കര ക്ഷേത്രത്തില്‍ നിന്നും വടക്കോട്ടുള്ള റോഡിന്റെ അരികില്‍ ഞാ ന് താമസിച്ചിരുന്ന വീട്ടില്‍ എന്നും കൊച്ചുവെളുപ്പാന്‍കാലത്ത് എന്നെ തഴുകി ഉണര്‍ത്താന്‍ എത്തിയിരുന്ന നാഗസ്വരസാധകം ആരുടേതെന്നറിയാതെ പാതി ഉറക്കത്തില്‍ ഞാന്‍ ഇഷ്ടപ്പെട്ടു. അവിസ്മരണീയമായ ആ നാഗധാരയ്ക്കുടമ രാഘവപ്പണിക്കരായിരുന്നു.അന്ന് ഞാന്‍ അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് പരിചയപ്പെട്ടത് ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. പിന്നീട് അദ്ദേഹത്തിന്റെ പ്രിയപുത്രനായ ജയശങ്കറിനെ തിരുവനന്തപുരം ആകാശവാണിയില്‍വച്ച് പരിചയപ്പെടാനും,ചെറുപ്പത്തില്‍ത്തന്നെ പാകംവന്ന അദ്ദേഹത്തിന്റെ നാഗസ്വരവായന കേള്‍ക്കാനും കഴിഞ്ഞിട്ടുള്ളപ്പോ ഴൊക്കെ തിരുവിഴാപാരമ്പര്യത്തിന്റെ സവിശേഷത വീണ്ടും വീണ്ടും ഓ ര്‍ത്ത് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ജയശങ്കര്‍ ഏറ്റെടുത്തിരിക്കുന്ന ഈ ഗ്രന്ഥരചന സര്‍വ്വഥാ പ്രശംസനീയമായ ഒരു കൃത്യമാണ്. നാഗസ്വരം എന്ന വാദ്യത്തെക്കുറിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട ധാരണകള്‍ അടങ്ങുന്ന ഇത്തരം ഒരു ഗ്ര ന്ഥം നടാടെയാണ് മലയാളത്തില്‍ ഉണ്ടാകുന്നതെന്നു തോന്നുന്നു. പഴ യ തലമുറയില്‍പ്പെട്ടവരും ഇന്നും പ്രവര്‍ത്തനനിരതരുമായ കേരളീയനാഗസ്വരവിദ്വാന്മാരെപ്പറ്റിയെല്ലാമു ള്ള ലഘുവിവരണങ്ങള്‍ അടങ്ങുന്നുണ്ടെന്നതിനുപുറമേ തെന്നിന്ത്യന്‍ വിദ്വാന്മാരില് പ്രധാനപ്പെട്ട ചിലരെപ്പറ്റിയെങ്കിലും പ്രതിപാദിക്കുവാനും ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രയോക്താക്കളില്‍ ഇ വിടെ പരിഗണിക്കപ്പെടാത്ത അനേകംപേരുണ്ട്. എങ്കിലും കേരളക്ഷേത്രങ്ങളുമായി ഉത്സവകാലങ്ങളില്‍ ബന്ധം പുലര്‍ത്തിയിരുന്ന പ്രാമാണികരായ വിദ്വാന്മാരുടെ പേരുകള്‍ വിസ്മരിച്ചിട്ടില്ല. വടക്കേ ഇന്ത്യയില്‍ ദ്രുപദ് സംഗീതത്തിലെ ഘരാനകള്‍ പോലെ സംഗീതഗൃഹങ്ങളോട് ബന്ധിച്ച അനേകം വായനാശീലങ്ങള്‍ തമിഴ്നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. കൂടുതലും തമിഴ്നാട്ടിന് അവകാശപ്പെട്ട ഒരു വാദ്യമാണല്ലോ നാഗസ്വരം. കേരളീയരായ പേരുകേട്ട ഏ തു നാഗസ്വരവിദ്വാന്മാര്ക്കും പാണ് ഡ്യനാട്ടുകാരായ ഗുരുഭൂതന്മാരില് നിന്നും അറിവും അനുഗ്രഹവും നേടാതെ ഈ കലയിലെ വല്ലഭന്മാരാകാന് കഴിഞ്ഞിരുന്നില്ല.
മറ്റ് ഏതു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാ ലും കര്‍ണ്ണാടകസംഗീതത്തില്‍ തമിഴ്നാടിനുതന്നെയാണ് കൂടുതല്‍ മി കവ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. പ്ര ചാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളില്‍ തമിഴ്കലാകാരന്മാര്ക്ക് പ്രത്യേകിച്ച് നാഗസ്വരവിഷയത്തില് നേടാന്‍ കഴിഞ്ഞിട്ടുള്ളത് അനന്യലബ്ധമായ ആദരവാണ്. ഹരിപ്പാട്ട് സുബ്രഹ്മണ്യക്ഷേ ത്രം ആലപ്പുഴ മുല്ലയ്ക്കല് ക്ഷേത്രം, വൈക്കം ക്ഷേത്രം തുടങ്ങി കേരളമൊട്ടുക്കുള്ള പല ക്ഷേത്രോത്സവങ്ങള്‍ക്കും കൊഴുപ്പുകൂട്ടിയിരുന്ന വാദ്യങ്ങളില്‍ നാഗസ്വരം മേല്‍ക്കൈ നേടിയിരുന്നു. വീരുസ്വാമിപ്പിള്ള രാജരത്നംപിള്ള എന്നിവരുടെ കച്ചേരികള്‍ അന്ന് മലയാളിസംഗീതാസ്വാദകരെ ആകര്‍ഷിച്ചിരുന്നു. അമ്പലപ്പുഴ ശങ്കരനാരായണപ്പണിക്കര്‍ തന്റെ ഗുരുനാഥനായ വീരുസ്വാമിപ്പിള്ളയുമായി പലപ്പോഴും രാജരത്നംപിള്ളയുമായി ഒരിക്കലെങ്കിലും ചേര്‍ന്നു വായിക്കുന്നത് കേള്‍ക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. രാജരത്നംപിള്ളയുമായി ഒരിക്കല്‍ നടന്ന വായന ഒരു വിവാഹാഘോഷത്തോടനുബന്ധിച്ചായിരുന്നു. മഹാപ്രതിഭാധനനായ ആ കലാകാരന്റെ അനിയന്ത്രിതമായ ഭാവനാവിലാസത്തെപ്പറ്റിയുള്ള ഓരോര്‍മ്മ ഇവിടെ കുറിക്കുന്നത് വായനക്കാര്‍ക്ക് രസം പകര്‍ന്നേക്കാം. അന്ന് കച്ചേരിയില്‍ വായിച്ച മൂന്നാമത്തെ കീര്‍ത്തനം കേള്‍വിക്കാരില്‍ അന്നോളം കിട്ടാ ത്ത അനുഭൂതി പകര്‍ന്നു. പ ക്ഷേ, കേട്ടവര്‍ക്കാര്‍ക്കും വിദ്വാന്മാര്‍ക്കുപോലും രാഗം പിടികിട്ടിയില്ല, പല രാഗവുമാണെന്നും തോന്നിച്ചു. രാഗങ്ങളുടെ നിര്‍ണ്ണയത്തില്‍ അല്‍ പജ്ഞാനവുമായി പിച്ചനടക്കുന്ന കാലമായിരുന്നതിനാല്‍- ഇന്നും അങ്ങനെതന്നെ- ഞാന്‍ നല്ല വിശ്വാസമുള്ളവരോട് ചോദിക്കാന്‍ മടിച്ചില്ല. പക്ഷേ ആര്‍ക്കും ഒരു ദിശാബോധം ലഭിച്ചില്ല. ഞാന്‍ ശങ്കരനാരായണപ്പണിക്കരോടു ചോദിച്ചു. എ ന്താ ആ രാഗമെന്ന് . അദ്ദേഹവും ഇതേ ചോദ്യം രാജരത്നംപിള്ളയോട് കച്ചേരി കഴിഞ്ഞ് ചോദിച്ചിരുന്നു. ഒരു മ ടിയും കൂടാതെ അദ്ദേഹം രാഗത്തിന്റെ പേരു പറഞ്ഞത്രേ! ശീലാന്തി അങ്ങനെയൊരു രാഗം പണിക്കരുടെ അറിവി ല്പ്പെട്ടിട്ടേയില്ല. അത് ശാസ്ത്രത്തിനതീതമായ ഒരു പറക്കലിന്റെ കഥയാണ്. വ്യാകരണത്തെ മറികടക്കുന്ന മനോധര്‍മ്മത്തിന്റെ ഇത്തരം അങ്കുശമില്ലായ്കയ്ക്ക് ഉദാത്തമാതൃകകള്‍ ഏതു സര്ഗ്ഗാത്മകരംഗത്തിലും അവധൂതസ്വാഭാവത്തോടെ നിലനില്‍ക്കുന്നുണ്ട്.
കലാസേവനത്തില് ഉണ്ടാകാറുള്ള അത്തരം പ്രതിഭകള്‍ കൈകാര്യംചെയ്ത കലാവിഷയത്തില്‍ അവര്‍ക്കുമാത്രം സ്വായത്തമായിരുന്ന ശൈലീവിശേഷങ്ങളേയും വ്യക്തിപരമായ പ്രത്യേകസിദ്ധികളേയും മറ്റും വിഷയമാക്കി വിശദവും സൂക്ഷ്മവുമായ പഠനങ്ങള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ ഭാരതീയര്‍ ഇന്നും വേണ്ടത്ര ശ്രദ്ധിക്കാറില്ല. മലയാളത്തെ സംബന്ധിച്ചിടത്തോളം നാം ഈ രംഗത്ത് തികച്ചും ദരിദ്രരാണെന്നുതന്നെ പറയാം. പഴയ തലമുറയിലെ കലാശ്രേഷ്ഠന്മാരെപ്പറ്റിയുള്ള മേല്‍ച്ചൊന്ന പഠനങ്ങള്‍ക്കുപുറമേ അവരുടെ പ്രകടനങ്ങളെ ദൃ ശ്യവും ശ്രവ്യവുമായി ഭാവിതലമുറയ്ക്കുവേണ്ടി രേഖപ്പെടുത്തുന്നതി ലും നാം തികഞ്ഞ ശ്രദ്ധപുലര്‍ത്തിക്കാണുന്നില്ല. കുറേയൊക്കെ പരിശ്രമങ്ങള്‍ ദേശീയതലത്തില്‍ സംഗീതനാടക അക്കാദമിപോലെ ചുരുക്കം ചില സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും അതൊക്കെ ഇന്നും നമ്മുടെ രാജ്യത്തിന്റെ ബൃഹദ്ദേശിയായ സംസ്കൃതിയെ സ്പര്‍ശിച്ചു സമഗ്രമാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്ന് ഓര്‍മ്മിക്കേണ്ടതാണ്. വാമൊഴിവഴക്കങ്ങള്‍ വരമൊഴിയിലാക്കുന്നതിലും ദൃശ്യശ്രവ്യമാര്ഗ്ഗങ്ങളെ രേഖാങ്കിതമാക്കുന്നതിലും തുടര്‍ച്ചയായ ശ്രദ്ധ ഒരു സംസ്കാരത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. നാഗസ്വരകലയില്‍ പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ അനുഗൃഹീതകലാക്രന്മാരെപ്പറ്റി ഒരു വിഹഗ വീക്ഷണത്തിനെങ്കിലും ത ന്റെ ഗ്രന്ഥത്തിലൂടെ ജയശങ്കര്‍ ശ്രമിച്ചുവെന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. തീര്‍ച്ചയായും കഴിഞ്ഞ ത ലമുറയിലെ വിദ്വാന്മാരായ പലരുടെ യും കാര്യത്തില്‍ ആസ്വാദകരുടെ ഇ ടയ്ക്ക് അവര്‍ ആവേശത്തോടെ പ്ര വര്‍ത്തിച്ചിരുന്ന കാലത്ത് എന്തെ ല്ലാം രസകരങ്ങളായ കഥകള്‍ നിലനിന്നിരിക്കാം! കലാപ്രവര്‍ത്തനങ്ങളി ല്‍ കാട്ടിയ മികവിനെ കുറിക്കന്നവ മാത്രമല്ല, വ്യക്തിബന്ധങ്ങളുടെ രസകരങ്ങളായ കഥകളും കണ്ടിരുന്നിരിക്കാം. ഒരു കലാകാരനെ പഠിക്കുന്നതില്‍ ഇതൊന്നും അപ്രധാനമാണെ ന്ന് വിചാരിച്ചു കൂടാ. വ്യക്തികളേയും പ്രസ്ഥാനങ്ങളേയുംപറ്റി അത്യാവശ്യം ലഭ്യമായ വിവരങ്ങള്‍ സമ്പാദിച്ച് തന്റെ ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ ജയശങ്കര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആ ശ്രമം വിജയം കൈവരിച്ചിരിക്കുന്നു.
കേരളീയസംഗീതോപകരണങ്ങളെപ്പറ്റിയുള്ള പഠനഗ്രന്ഥങ്ങളില് നാഗസ്വരം എന്ന മംഗളവാദ്യം വിശദമായ പഠനത്തിന് വിഷയമായി കാണാറില്ല. കേരളീയവാദ്യപ്രയോഗങ്ങളില് പ്രധാനമായി ഊന്നല്‍ കൊടുക്കുന്നത് അവനദ്ധവും ഘനവുമായ വാദ്യങ്ങള്ക്കാണ്. തന്ത്രി, സുഷിരവാദ്യങ്ങള്‍ വളരെ കുറവായി മാത്രമേ പരിഗണിക്കാറുള്ളൂ. ഇവിടെ തന്ത്രിവാദ്യത്തില്‍ പുള്ളുവവീണതന്നെയാണ് പ്രധാനം. സുഷിരവാദ്യങ്ങള്‍ കുറുംകുഴലും കൊമ്പുമാണ്. തന്ത്രിവാദ്യത്തില്‍ താളപ്രയോഗംകൂടി കലര്ന്നുവരുന്നതാണ് നന്തുണി എന്ന വാദ്യം. അ തുപോലെ പുള്ളുവക്കുടവും ശ്രുതിവിടാതെ താളം ദീ ക്ഷിക്കുന്ന ഇനമായി കാണാം. ഒരു വാദ്യവും ഇന്നു കാണുന്ന അവസ്ഥയില്‍ പൂര്‍ണ്ണതയോടെ ജനിച്ചതാണെന്ന് പറയാന്‍ സാധിക്കുന്നതല്ല. പരിണാമദശകളുടെ പ്രാതിനിധ്യം വഹിക്കുന്നതും, പ്രത്യേക സാമൂഹ്യ സംഗീതഗതി തന്ത്രത്തിന്റെ ഭാഗമായുള്ളതാണെന്നും ധ രിക്കേണ്ടതുണ്ട്. വളര്‍ച്ചയുടെ അനിവാര്യതയെ ക ണക്കിലെടുത്തു മാത്രമേ ആദിവാസി-ഗ്രാമീണ സം ഗീതോപകരണങ്ങളുടെ ക്ര മാനുഗതമായ പരിണാമത്തെയും പ്രയോഗസിദ്ധികളെയുംപറ്റി നിഗമനത്തിലെത്തുവാന്‍ കഴിയൂ.
പക്കവാജ്,ചെണ്ട ഇതെല്ലാം പ്രാചീനസമൂഹത്തില്‍ ആദിവാസി,നാടോടി സാഹചര്യങ്ങളില്‍ ഉപയോഗിച്ചുവന്നിരുന്നു. ചെണ്ട നാടോടിക്കലയിലെന്നപോലെ കഥകളിയില്വരെയും ഉപയോഗിക്കുന്നുണ്ടെങ്കിലും, രണ്ടിലുമുള്ള പ്രയോഗവ്യതിയാനം ശ്രദ്ധിക്കാവുന്നതാണ്. കഥകളിച്ചെണ്ടയില് അഭിനയത്തോടൊപ്പം വീണവായിക്കുന്ന ചെറുസാധകംതന്നെ വളര്‍ന്നത് സംഗീതോപകരണങ്ങളിലൂടെയാണെന്നു ചിന്തിക്കാന്‍ കുറുംകുഴലില്നിന്നോ മഗുഡിയില്നിന്നോ നാഗസ്വരത്തിലേക്കുള്ള വളര്‍ച്ച ഉദാഹരിക്കാവുന്നതാണ്. എങ്കിലും മഗുഡിക്കും കുറുംകുഴലിനുമുള്ള വ്യക്തിത്വം, നാഗസ്വരത്തിന്റെ വരവിനു ശേഷവും നിരാകരിക്കാന്‍ കഴിയാത്തതാണ്. പഞ്ചവാദ്യം,തായമ്പക തുടങ്ങിയ കേരളത്തിലെ അവനദ്ധവാദ്യപ്രയോഗങ്ങളിലെ ശബ്ദപ്രചരണത്തിന് ഘനവും സുഷിരവുമായ കൂട്ടുവാദ്യങ്ങള് വഹിക്കുന്ന പങ്കും അവയുടെ വ്യക്തിത്വവും അവഗണിക്കാനാവാത്തതാണ്.
ഭരതമുനി നാട്യശാസ്ത്രത്തില്‍ അവനദ്ധം, തതം, സുഷിരം, ഘനം എന്നിങ്ങനെ നാലുവിധത്തില്‍ വാദ്യങ്ങളെ വിഭജിക്കുന്നു. സംഘകൃതികളില്‍ തോല്ക്കരുവി (അവനദ്ധം)നരമ്പ്ക്കരുവി(തതം) തുളൈക്കരുവി(സുഷിരം) കഞ്ചക്കരുവി(ഘനം- ലോഹം) മിടൈറ്റ് കരുവി(മനുഷ്യശബ്ദം) എന്നിങ്ങനെയാണ്. ഗാത്രവീണ എന്നും ഈ ഉപകരണത്തെ പറയാം. ഈ പേര് കാവ്യാത്മകവും താത്വികവുമാണ്. ഒന്‍പതു സുഷിരങ്ങളുള്ള തുളൈക്കരുവിയാണ് മനുഷ്യഗാത്രം. ആ മനുഷ്യന്‍തന്നെയാണ് കൈകള്‍കൊ ണ്ടും കാറ്റൂതിയും മറ്റു വാദ്യങ്ങളെ സജീവമാക്കുന്നത്. സുഷിരവാദ്യമാണല്ലോ ഇവിടത്തെ പ്രതിപാദ്യം . ആദ്യത്തെ തുളവാദ്യക്കാരന് സാക്ഷാല്‍ വായുഭഗവാന് അല്ലാതെ മറ്റാരുമായിരുന്നില്ല. മനുഷ്യനിലെ വായുസ്തോഭംതന്നെയാണ് സുഷിര വാദ്യത്തിലെ സംഗീതത്തിന് കാരണമാകുന്നത്. സാമാന്യത്തിലധികമായ വായുസ്തോഭം ആവശ്യപ്പെടുന്ന ഒരുപകരണമാണ് നാഗസ്വരം. ദീര്‍ഘകാലത്തെ സാധകംകൊണ്ടു മാത്രമേ ആ ഉപകരണത്തെ മെരുക്കിയെടുക്കാന്‍ കഴിയൂ. സാധകം ഏതു വിദ്യയ്ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണെങ്കിലും നാഗസ്വരം ഈ കാര്യത്തില്‍ വേറിട്ടുതന്നെ നില്ക്കുന്നു. തീവ്രമായ അഭ്യാസം പ്രയോഗനിപുണത നേടാന്‍ കൂടിയേതീരൂ. പണ്ടുള്ളവര്‍ ‘നിലാവുസാധകം’ എന്നു പറഞ്ഞിരുന്നത് ഈ തീവ്രാനുഷ്ഠാനത്തിനാണ്. അമാവാസി കഴിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ചന്ദ്രന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കനുസരിച്ച് സാധകസമയം കൂട്ടിക്കൊണ്ടുവന്ന് പൗര്‍ണ്ണമിയെത്തുമ്പോള്‍ രാവ് മുഴുവന്‍ സാധകം നിര്‍വ്വഹിക്കുന്നതാണ് ഈ പദ്ധതി. ഇന്നൊരു കലയ്ക്കും സാധകം ആരും പ്രമാണമാക്കുന്നില്ല.
സാഗസ്വരം ചെണ്ടപോലെ താണ്ഡവപ്രധാനമായ അസുരവാദ്യമല്ലെങ്കിലും മംഗല്യവുമായുള്ള ബന്ധം അതിനൊരു ദൈവികപരിവേഷം നല്‍കുന്നുണ്ട്. ഇതിനര്‍ത്ഥം താണ്ഡവപ്രാധാന്യത്തിന് ഐശ്വര്യം ഇല്ലെന്നല്ല. ലാസ്യപ്രധാനമായ ഭാവങ്ങള്‍ ഉതിര്‍ക്കുന്ന അനന്തസാദ്ധ്യത കഥകളിയില്‍ കൃഷ്ണന്കുട്ടിപ്പൊതുവാളിനെപ്പോലുള്ളവര് ചെണ്ടയില്പ്പോലും തെളിയിച്ചിട്ടുണ്ടല്ലോ. നാഗസ്വരം എന്ന വാദ്യത്തിന്റെ അപാരസാദ്ധ്യതകള് പ്രയോഗക്ഷമമാക്കുന്നതിലും അതിനെ മെരുക്കിയെടുക്കുന്നതിനാവശ്യമായ അതിതീവ്രസാധന നേടുന്നതിലും പാരമ്പര്യമായി കിട്ടിയ വാസനയെ പരിപോഷിപ്പിക്കുന്നതിലും, ഇതിനെല്ലാം ഉപരിയായി പെരുമാറ്റത്തില്‍ തികഞ്ഞ മര്യാദയും വിനയവും പുലര്‍ത്തുന്നതിലും വിജയംവരിച്ച ജയശങ്കര്‍ രചിച്ച നാഗസ്വരത്തെക്കുറിച്ചുള്ള ഈ ഗ്രന്ഥം സഹൃദയസമക്ഷം സന്തോഷപൂര്‍വ്വം സമര്‍പ്പിച്ചുകൊള്ളട്ടെ.