അഫ്ഗാനിൽ നിന്ന് മുഴുവൻ മലയാളികളെയും തിരിച്ചെത്തിച്ചു; 50 പേരെ ദില്ലിയിലെത്തിച്ചത് വ്യോമസേനാ വിമാനത്തിൽ

161
0

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങിനെ രക്ഷാപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളിൽ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും തിരിച്ചെത്തിച്ചത്.

168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റൺ ബേസിൽ ലാന്റ് ചെയ്തത്. അഫ്ഗാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് മാത്രം 390 പേരെയാണ് ദില്ലിയിലേക്ക് എത്തിച്ചത്. വ്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ച 168 പേരെ ഇന്നലെ താലിബാൻ തടഞ്ഞുവെച്ചതായി വാർത്തകളുണ്ടായിരുന്നു. പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് താലിബാൻ ഇവരെ വിട്ടയച്ചത്.

മലയാളികൾക്കൊപ്പം ദില്ലിയിലെത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരുമുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചിരുന്നു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരെയാണ് ഇവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിലേക്ക് എത്തിച്ചത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.