അധികാരത്തിൻ്റെ ഭരണ തുടർച്ചയിൽ പിണറായി വിജയന് മത്തു പിടിച്ചെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഫലപ്രഖ്യാപന ദിവസം തന്നെ പ്രതിപക്ഷ പാര്‍ട്ടികളെയും ‘വലത് മാധ്യമ’ങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നവരെയും പുലഭ്യം പറഞ്ഞുകൊണ്ടാണ് പിണറായി വിജയന്‍ തുടങ്ങിയത്.
രണ്ടാം ദിവസവും അതേ അധിക്ഷേപങ്ങള്‍ പിണറായി തുടര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച നേടിയ ഏക മുഖ്യമന്ത്രിയല്ല പിണറായി വിജയനെന്നും വി.മുരളീധരൻ ഫെയ്സ് ബുക്കിൽ കുറിച്ചു. വി.മുരളീധരൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ:
2019ലെ തിളക്കമാര്‍ന്ന തിരിച്ചുവരവിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീനരേന്ദ്രമോദി ഇങ്ങനെ പറഞ്ഞു, “ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്, പക്ഷേ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അന്തസത്ത. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്ര പ്രതിപക്ഷമടക്കം എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതായിരിക്കും”.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ രണ്ടാമതും വന്‍വിജയം നേടിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദി തന്‍റെ പ്രസംഗത്തിലെവിടെയും പ്രതിപക്ഷ പാര്‍ട്ടികളെ അധിക്ഷേപിച്ചില്ല.
പ്രതിപക്ഷ പരാജയത്തിന്‍റെ കാരണം എണ്ണിപ്പെറുക്കിയില്ല.
തന്നെ കള്ളനെന്ന് ആവര്‍ത്തിച്ച് വിളിച്ചവരെപ്പോലും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയില്ല.
മറിച്ച് വിനയത്തോടെ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ആ മനുഷ്യന്‍ തലകുനിച്ചു.
പക്ഷേ ഫലപ്രഖ്യാപന ദിവസം തന്നെ പ്രതിപക്ഷ പാര്‍ട്ടികളെയും ‘വലത് മാധ്യമ’ങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നവരെയും പുലഭ്യം പറഞ്ഞുകൊണ്ടാണ് പിണറായി വിജയന്‍ തുടങ്ങിയത്.
രണ്ടാം ദിവസവും അതേ അധിക്ഷേപങ്ങള്‍ പിണറായി തുടര്‍ന്നു.
അതാണ് നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം.
വിജയം മോദിയെ വിനയാന്വിതനാക്കുമ്പോള്‍ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുന്നു.
ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച നേടിയ ഏക മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍.
മഹാമാരിയുടെ സവിശേഷ സാഹചര്യത്തില്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ടി വന്ന ജനക്ഷേമ പദ്ധതികള്‍ പല സര്‍ക്കാരുകള്‍ക്കും ജനവിധി അനുകൂലമാക്കി.
കേരളത്തിന്‍റെ ചരിത്രത്തിലും ആദ്യമായല്ല ഒരു സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുന്നത്. ഈ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് തന്നെ കൈ പിടിച്ചു നടത്തിയ മാധ്യമങ്ങളെത്തന്നെയാണ് മുഖ്യമന്ത്രി ആദ്യ ദിനം വിമര്‍ശിച്ചത്.
2019ല്‍ കേരള ജനത എഴുതിത്തള്ളിയ പിണറായിക്കും പാര്‍ട്ടിക്കും തിരിച്ചുവരവിനുള്ള കളമൊരുക്കിയത് കോവിഡ്‌കാല വാര്‍ത്താസമ്മേളനങ്ങളാണെന്ന് രാഷ്ട്രീയത്തിന്‍റെ ബാലപാഠമറിയുന്നവര്‍ക്ക് പോലും വ്യക്തം.
മഹാമാരിയുടെ സമയത്ത് കേരളസര്‍ക്കാരിന് പിന്തുണ കൊടുക്കേണ്ട കേന്ദ്രമന്ത്രി വിമര്‍ശനങ്ങളല്ലേ നടത്തിയത് എന്നൊരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നിരീക്ഷിക്കുന്നത് കേട്ടു.
അദ്ദേഹമടക്കം വിശാരദന്‍മാരോട് ഒരു ചോദ്യം, കോവിഡ്‌കാലത്ത് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് നെടുനീളന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കാം.
സംസ്ഥാനങ്ങളുടെ വീഴ്ചകളുടെയക്കം ഉത്തരവാദിത്തം മോദിയുടെ തലയില്‍ച്ചാരി ചര്‍ച്ചകള്‍ നടത്താം.
പ്രവാസികളെയുള്‍പ്പെടെ ദുരിതത്തിലാക്കിയ മുഖ്യമന്ത്രിയെ വിമര്‍ശിക്കരുത് എന്ന് പറയുന്നതിന്‍റെ യുക്തി എന്താണ്?
കേരളത്തില്‍ ആശുപത്രി പ്രവേശനം കിട്ടാതെ രോഗി മരിക്കുകയും, രോഗി ആംബുലന്‍സില്‍ മാനഭംഗത്തിനിരയാവുകയും വാക്സിനേഷന്‍ ക്യാംപുകളില്‍ ആളുകള്‍ തളര്‍ന്ന് വീഴുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിശബ്ദരാവുകയോ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന് നിങ്ങള്‍ പറയുന്നു. പയ്യാമ്പലത്ത് കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹം സംസ്ക്കരിക്കാന്‍ കഴിയുന്നില്ലെന്ന ദേശാഭിമാനി റിപ്പോര്‍ട്ട് പോലും നിങ്ങള്‍ അവഗണിക്കുന്നു.
ഡല്‍ഹിയിലെ കൂട്ട സംസ്ക്കാരം നിങ്ങള്‍ മോദിയുടെ വീഴ്ചയായി ഒന്നാം പേജില്‍ നല്‍കുന്നു.
ഇതെന്ത് മാധ്യമപ്രവര്‍ത്തനമാണ് പ്രിയ വിശാരദന്‍മാരേ?
കോവിഡ്‌കാലത്ത് കേന്ദ്രമന്ത്രി രാഷ്ട്രീയവിമര്‍ശനങ്ങള്‍ നടത്തിയില്ലേ എന്ന് കുറ്റപ്പെടുത്തുന്നവര്‍ കോവിഡ് പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ രോഗകണക്ക് പറയാനെന്ന വ്യാജേന വിളിക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി നടത്തുന്ന രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ച് നിശബ്ദരാവുന്നതെന്ത്?
പിണറായി വിജയനെ വിമര്‍ശിക്കാന്‍ ധൈര്യമില്ലെങ്കില്‍ അത് തുറന്നുസമ്മതിക്കുക.
അതിന് മറ്റൊരു പരിവേഷം നല്‍കുന്നത് അത്മവഞ്ചനയാണ്.
ബിജെപിയുടെ വോട്ട് കച്ചവടമെന്ന് കോവിഡ് വാര്‍ത്താസമ്മേളനത്തില്‍ വിവരിക്കുന്ന പിണറായി വിജയനോട് പറയാനുള്ളത്
ബിജെപിയുടെ വോട്ട് ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ പരിശോധിച്ചുകൊള്ളാം എന്നാണ്.
പക്ഷേ തൃത്താലയിലും നേമത്തും കഴക്കൂട്ടത്തും താനൂരിലും പൂഞ്ഞാറിലുമെല്ലാം എസ്‌ഡിപിഐയുടെ വോട്ട് ആര്‍ക്കാണ് കിട്ടിയതെന്ന് പറയണം.
എസ്‌ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമെല്ലാം വിശുദ്ധപശുക്കളാണോ ?
( ഇതിനിടയില്‍ ചീത്തവിളിക്കാന്‍ പാഞ്ഞെത്തുന്ന സൈബര്‍ പോരാളികള്‍ക്ക്, പിണറായിയുടെ വിജയത്തിന്‍റെ ക്രെഡിറ്റ് 50 ശതമാനം മുഖ്യധാരാ മാധ്യമങ്ങള്‍ക്കെങ്കില്‍ 50 ശതമാനം നിങ്ങള്‍ക്കുള്ളതാണ്. അഭിനന്ദനങ്ങൾ. ഖജനാവിലെ നികുതിപ്പണം കൊണ്ട് നിങ്ങളെ തീറ്റിപ്പോറ്റുന്ന സഖാവിനൊപ്പം എന്നുമുണ്ടാവണം )