‘അഡ്വഞ്ചർ തിരുവനന്തപുരം’; ആക്കുളത്തെ സാഹസിക വിനോദ പാര്‍ക്ക് തുറന്നു

98
0

അവധി ദിവസങ്ങളിൽ തിരുവനന്തപുരത്തുകാർക്ക് ഇനിയൊരല്‍പ്പം അഡ്വഞ്ചറൊക്കെയാകാം. കുട്ടികൾക്കൊപ്പം സുരക്ഷിതമായി സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഉഗ്രൻ റൈഡുകൾ സെറ്റാക്കിയിട്ടുണ്ട്. ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിൽ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്‌കോസ്)യുടെ സഹകരണത്തോടെ നിര്‍മിച്ച സാഹസിക വിനോദ പാര്‍ക്ക് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ വലിയ രീതിയിലുള്ള വളർച്ച നേടാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ കേരള ടൂറിസത്തിന് ലഭിച്ച അംഗീകാരങ്ങൾ നമുക്കാകെ അഭിമാനകരമാണ്. കൂടുതൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ പദ്ധതികൾ തയ്യാറാക്കും. ആക്കുളം ടൂറിസ്റ്റ് വില്ലേജിലേക്കുള്ള റോഡ് ആധുനിക രീതിയിൽ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബമായും സുഹൃത്തുക്കള്‍ക്കൊപ്പവും തിരുവനന്തപുരം നഗരത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായി സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന വിധമാണ് പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. ആകാശത്ത് കൂടി സൈക്കിള്‍ ചവിട്ടാന്‍ ആകാശ സൈക്കിളും നിരങ്ങി നീങ്ങാന്‍ സിപ്പ് ലൈനും കൂടാതെ ബര്‍മ ബ്രിഡ്ജ്, ബാംബൂ ലാഡര്‍, ഫിഷ് സ്പാ, ബലൂണ്‍ കാസില്‍, കുട്ടികള്‍ക്കുള്ള ബാറ്ററി കാറുകള്‍ തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ആദ്യ സാഹസിക വിനോദ പാര്‍ക്കാണിത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സാഹസിക പാര്‍ക്ക് പ്രവര്‍ത്തിക്കുക.

ഇതിന് പുറമെ ടൂറിസ്റ്റ് വില്ലേജില്‍ ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഫയര്‍ ഫൗണ്ടയ്ന്‍ ഷോയും സഞ്ചാരികള്‍ക്ക് കൗതുകമാകും. 350 പേര്‍ക്ക് ഒരേ സമയം ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. നൂറുരൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കുട്ടികളുടെ പാര്‍ക്ക്, എയര്‍ഫോഴ്‌സ് മ്യൂസിയം, കോക്പിറ്റിന്റെ ചലിക്കുന്ന മാതൃക, കുട്ടവഞ്ചി സവാരി തുടങ്ങിയവയും ആസ്വദിക്കാനുള്ള സൗകര്യമുണ്ട്. വിനോദ സഞ്ചാരികൾക്ക് ഒരു ദിവസം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള രീതിയിലാണ് സജ്ജീകരണം. വൈകുന്നേരങ്ങളിൽ സാംസ്കാരിക പരിപാടികളും അരങ്ങേറും. ഉദ്ഘാടന ദിവസം സാഹസിക വിനോദ പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. പുതുവത്സരം വരെ സാഹസിക വിനോദങ്ങള്‍ ആസ്വദിക്കാന്‍ പൊതുജനങ്ങള്‍ക്ക് 30 ശതമാനവും കുട്ടികള്‍ക്ക് 40 ശതമാനവും ഇളവ് ലഭിക്കും.

സംസ്ഥാനത്തെ ആദ്യ സിനിമാ കഫേയും ആക്കുളത്ത് ഡിസംബറോടെ പ്രവർത്തനം തുടങ്ങും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഒരു കൂട്ടം സിനിമാ പ്രേമികളുമാണ് ഇതിനു പിന്നിൽ. 350 പേർക്ക് ഇരിക്കാവുന്ന ഇൻഡോർ തിയേറ്റർ, സിനിമാ ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രറി, വെജ് – നോൺ വെജ് റെസ്റ്റോറന്റ് തുടങ്ങിയവയും ഇവിടെയുണ്ടാകും. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ അധ്യക്ഷനായ ചടങ്ങിൽ വി. കെ പ്രശാന്ത് എം. എൽ. എ, വാർഡ് കൗൺസിലർ കെ.സുരേഷ് കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ വീട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.