അട്ടപ്പാടി ജനതയുടെ ആരോഗ്യവും അന്തസും വീണ്ടെടുക്കും : കെ രാധാകൃഷ്ണൻ

162
0

തിരു.. അട്ടപ്പാടി ആദിവാസി മേഖലകളില്‍ ശിശുമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ അടിയന്തിര നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. അട്ടപ്പാടിയിൽ 2021 ൽ 9 ശിശു മരണങ്ങളുണ്ടായതായും
പ്രതിപക്ഷ നേതാവ്. വി.ഡി. സതീശന്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

  പാൽ നെറുകയിൽ കയറിയതടക്കം വിവിധ രോഗാവസ്ഥകളുടെ ഭാഗമായാണ് കുട്ടികള്‍ മരണപ്പെട്ടത് . അട്ടപ്പാടിയില്‍ വിവിധ മാതൃ ശിശു സൗഹാര്‍ദ പദ്ധതികള്‍ ആവിഷ്കരിച്ച് വിവിധ വകുപ്പുകള്‍  സംയോജിത പദ്ധതികൾ നടപ്പാക്കി  വരികയാണ്. കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക വിഭാഗത്തിൽ നിന്ന് പാരാമെഡിക്കൽ കോഴ്സുകൾ പാസായ കുട്ടികളെ വിവിധ പഞ്ചായത്തുകളിൽ ആരോഗ്യ സേവനത്തിന് നിയോഗിച്ചിട്ടുണ്ട്.  

2021 നവംബറില്‍ ഉണ്ടായ ശിശുമരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടനെ അട്ടപ്പാടിയിലെ ഊരുകളില്‍ എത്തി സ്ഥിതി നേരിട്ട് വിലയിരുത്തി. മേഖലയില്‍ നിലവിലുള്ള എല്ലാ ഗര്‍ഭിണികളെയും ഉള്‍പസിക്കിള്‍സെല്‍ അനീമിയ രോഗികളായവരെയും നിശ്ചിത ഇടവേളകളില്‍ നേരിട്ട് നിരീക്ഷിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ICDS സൂപ്പര്‍ വൈസര്‍മാര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തി.
വിവിധ വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സംയോജിത പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചു. ഗർഭിണികൾക്ക് പോഷകാഹാര വിതരണവും സാമൂഹ്യ അടുക്കള വഴി ഭക്ഷണവും വിതരണം ചെയ്തിട്ടും വിളർച്ചയും ശിശുമരണവും ഉണ്ടാകുന്നത് പ്രത്യേകം പരിശോധിച്ച് പരിഹരിക്കണം. ആദിവാസികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സ്വയം പര്യാപ്തരാക്കിയെങ്കിൽ മാത്രമേ മാറ്റമുണ്ടാകു . വ്യാജമദ്യം ഇവിടെ സുലഭമാണ് – ഇത് തടയണം. സാക്ഷരതാ പ്രവർത്തനങ്ങൾ ശക്തമാക്കണം. പുതിയ പ്രമോട്ടർമാർ ചുമതലയേൽക്കുന്നതോടെ കൂടുതൽ ഇടപെട്ട് പ്രവർത്തിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി – അട്ടപ്പാടി ജനതയുടെ ആരോഗ്യവും അന്തസും ഉടനെ വീണ്ടെടുക്കുകയാണ് എൽ ഡി എഫ് സർക്കാരിന്റെ ലക്ഷ്യം – കെ രാധാകൃഷ്ണൻ വ്യക്തമാക്കി.