അടിസ്ഥാനവർഗത്തിന്റെ വകുപ്പ്: ഫയലുകളിൽ അടിയന്തിര തീർപ്പ് വേണമെന്ന് തൊഴിൽ മന്ത്രി

74
0


അടിസ്ഥാനവർഗമായ തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വകുപ്പായ തൊഴിൽ വകുപ്പിലെ എല്ലാ ഫയലുകളിലും അടിയന്തര നടപടി ഉറപ്പാക്കണമെന്നും ഫയലുകളിലെ അനാവശ്യ കാലതാമസം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികളുടെ ആനുകൂല്യങ്ങളും തൊഴിൽ തർക്കങ്ങളുമായും ബന്ധപ്പെട്ട ഫയലുകൾ പ്രത്യേക പരിഗണന അർഹിക്കുന്നു. ഗ്രാറ്റുവിറ്റി, മിനിമം വേതന കുടിശ്ശിക എന്നിവ സംബന്ധിച്ച ഫയലുകൾ അടിയന്തിര പ്രധാന്യത്തോടെ പരിഗണിച്ച നടപടി ഉറപ്പാക്കണം. പ്രതിമാസ റിവ്യൂ നടത്തി ലേബർ കമ്മിഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പ്രത്യേക ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ തർക്കം സംബന്ധിച്ച ഫയലുകൾ ചില ലേബർ ഓഫീസുകളിൽ കെട്ടികിടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം ഇത്തരത്തിലുള്ള എല്ലാ ഫയലുകളിലും നടപടി പൂർത്തിയാക്കണം. ബിൽഡിംഗ് സെസ് സംബന്ധിച്ച ഫയലുകളിലും അടിയന്തിര നടപടി സ്വീകരിക്കണം . സെസ് അദാലത്തുകൾ ഊർജ്ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഫയൽ അദാലത്ത് സംബന്ധിച്ച് ജില്ലാ അടിസ്ഥാനത്തിൽ റിവ്യൂ മീറ്റിംഗുകൾ നടത്തണം. സബ് ഓഫീസുകളിൽ നിന്നും കിട്ടാനുള്ള റിപ്പോർട്ടുകൾ അടിയന്തിരമായി ലഭ്യമാക്കുന്നതിന് മേൽ ഓഫീസുകൾ കർശനമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ലേബർ കമ്മിഷണർ ഡോ കെ വാസുകി, അഡീ ലേബർ കമ്മിഷണർമാരായ രഞ്ജിത്ത് പി മനോഹർ, കെ ശ്രീലാൽ, കെ എം സുനിൽ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.