അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യതയ്ക്ക് പോല്‍-ആപ്പില്‍ പുതിയ സംവിധാനം

568
0

അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളാ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. പോല്‍-ബ്ലഡ് എന്ന ഈ സംവിധാനത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു.

രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോല്‍-ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം. രക്തം ആവശ്യമുളളവരും ബ്ലഡ്ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ്ബാങ്ക്, തീയതി എന്നീ വിവരങ്ങള്‍ നല്‍കി പോല്‍-ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്യണം. രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നവരെ പോലീസ് ബന്ധപ്പെട്ട് രക്തലഭ്യത ഉറപ്പാക്കും. രക്തദാതാവിനെയും സ്വീകര്‍ത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് പോല്‍-ആപ്പ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ പോല്‍-ആപ്പ് കണ്‍ട്രോള്‍ റൂമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.

രാജ്യത്ത് ആദ്യമായാണ് ഒരു പോലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കാവലിനൊപ്പം കരുതലും എന്ന ആശയം മുന്‍നിര്‍ത്തിയാണ് പൊതുജനസേവനാര്‍ത്ഥം പോലീസിന്‍റെ ഈ പുതിയ സംവിധാനം. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ്, എസ്.പി ഡോ. ദിവ്യ വി ഗോപിനാഥ്, കേരളാസ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അസിസ്റ്റന്‍റ് ഡയറക്ടര്‍ സിനു കടകംപളളി എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 ന് പ്രവര്‍ത്തനം ആരംഭിച്ച പോല്‍-ആപ്പ് രാജ്യത്തെ ഏറ്റവും പ്രചാരമുളള പോലീസ് ആപ്പാണ്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പോലീസിന്‍റെ 27 ല്‍ പരം സേവനങ്ങള്‍ ഈ ആപ്പ് മുഖേന ലഭിക്കും. നിലവില്‍ പോല്‍-ആപ്പിന് മൂന്ന് ലക്ഷത്തോളം ഉപയോക്താക്കളുണ്ട്.