ജൻഡർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത്: സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി. ഒലീന

52
0

തിരുവനന്തപുരം: എഴുത്തുകാർ അധികമില്ലാത്ത മേഖലയായി ജൻഡർ വ്യവഹാരങ്ങൾ ചുരുങ്ങുമ്പോൾ അത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങൾ കാലം വല്ലാതെ ആവശ്യപ്പെടുകയാണെന്ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി. ഒലീന അഭിപ്രായപ്പെട്ടു. “കേരളീയതയുടെ ലിംഗപക്ഷങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംക്രമണം പ്രതിമാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ചരിത്രരചയിതാവ് ഡോ. വിനിൽ പോൾ ആദ്യപ്രതി ഏറ്റുവാങ്ങി. കേരള സർവകലാശാല മലയാളവിഭാഗം അധ്യക്ഷ ഡോ. സീമാ ജെറോം ആണ് പുസ്തകം രചിച്ചത്.

കവി ശാന്തൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഡൊമിനിക് ജെ. കാട്ടൂർ പുസ്തകം പരിചയപ്പെടുത്തി. കേരള സർവകലാശാല മലയാളവിഭാഗം പ്രൊഫസർ ഡോ. സി. ആർ. പ്രസാദ്, മൈത്രി ബുക്സ് ഉടമ എ. ലാൽസലാം, ഡോ. ജംഷീദ് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

കേരളീയത എന്ന ദേശസ്വത്വത്തിനുള്ളിൽ രൂപപ്പെട്ട ലിംഗപദവീസങ്കല്പനങ്ങൾ, ലിംഗാവബോധം എന്നിവയെ സാംസ്കാരികമായും ചരിത്രപരമായും സിദ്ധാന്തവത്കരിക്കുന്ന പുസ്തകം സൗന്ദര്യശാസ്ത്രം, മാധ്യമസമീപനം, മതാത്മകത, തൊഴിൽ, കുടുംബം എന്നിവയെ ആസ്പദമാക്കി ലിംഗവിവേചനങ്ങൾക്കുള്ളിലെ രാഷ്ട്രീയയുക്തികളെയും വിവിധ ലിംഗവിഭാഗങ്ങളിലെ ശ്രേണീകരണങ്ങളെയും സൂക്ഷ്മവിശകലനം ചെയ്യുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണിത്. മൈത്രി ബുക്സ് ആണ് പ്രസാധകർ.

ഫോട്ടോ: “കേരളീയതയുടെ ലിംഗപക്ഷങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ചരിത്രരചയിതാവ് ഡോ. വിനിൽ പോളിന് ആദ്യപ്രതി നൽകി സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി. ഒലീന നിർവ്വഹിക്കുന്നു. കവി ശാന്തൻ, ഡോ. ഡൊമിനിക് ജെ. കാട്ടൂർ, എ. ലാൽസലാം, ഡോ. സീമാ ജെറോം, ഡോ. സി.ആർ. പ്രസാദ്, ഡോ. ജംഷീദ് അബ്ദുള്ള എന്നിവർ സമീപം