കെ എം ബഷീറിന്റെ കൊലപാതകം; കേസ് സെഷന്‍ കോടതിക്ക് കൈമാറി

778
0

പ്രതികള്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവ്

ഡി വി ഡിയുടെ ആധികാരികതയില്‍ വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികള്‍ സത്യവാങ്മൂലം നല്‍കി

തിരുവനന്തപുരം: സിറാജ് ദിനപത്രം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തു. ഒന്നും രണ്ടും പ്രതികളായ ശ്രീറാമും വഫയും സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടു. സി സി ടിവി ദ്യശ്യങ്ങടങ്ങിയ രണ്ട് ഡിവിഡികളുടെ അധികാരികതയിലും കൃത്യതയിലും വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അനീസയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഡി വി ആര്‍ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ഡിവൈസ് സഹിതം ഹൈടെക് സെല്‍ എസ് പിയും അന്വേഷണ ഉദ്യോഗസ്ഥനായ െ്രെകം ബ്രാഞ്ച് എസ് പി ഷാനവാസും ഫെബ്രുവരി 24 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത് പ്രകാരമാണ് അടച്ചിട്ട കോടതി ഹാളില്‍ പ്രോസിക്യൂട്ടറുടെയും പ്രതിഭാഗത്തിന്റെയും സാന്നിധ്യത്തില്‍ ലാപ് ടോപ്പില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുത്തത്. ഇന്നലെ ഉച്ച തിരിഞ്ഞ് 2. 30ന് ആരംഭിച്ച പ്രദര്‍ശനം 4.30 വരെ നീണ്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് രണ്ട് ഡി വി ഡി ദൃശ്യങ്ങളുടെ പകര്‍പ്പെടുത്തത്.
ഫോറന്‍സിക് പരിശോധനക്ക് മുമ്പേ ഡി വി ഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ട് ഫെബ്രുവരി രണ്ടിന് കോടതിയില്‍ സമര്‍പ്പിച്ചു. ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ട് പ്രകാരം പകര്‍പ്പുകളെടുക്കാന്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് ഡിവിഡികള്‍ പ്രതികള്‍ക്ക് നല്‍കും മുമ്പ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തെളിവിന്റെ സൂക്ഷ്മത നഷ്ടപ്പെടുന്ന അവസ്ഥയായ ഹാഷ് വാല്യൂ മാറ്റം വരില്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അപ്രകാരം സംഭവിച്ചാല്‍ പ്രതികള്‍ക്ക് നല്‍കേണ്ട ക്ലൗണ്‍ഡ് കോപ്പിയില്‍ (അടയാള സഹിത പകര്‍പ്പ്) കൃത്രിമം നടന്നുവെന്ന് പ്രതികള്‍ വിചാരണ കോടതിയില്‍ തര്‍ക്കമുന്നയിക്കില്ലേയും കോടതി ചോദിച്ചു. പകര്‍പ്പ് നല്‍കും മുമ്പ് ഡിവിഡികളുടെ വെറാസിറ്റി (കൃത്യത) വിചാരണ വേളയില്‍ തര്‍ക്കമായി ഉന്നയിക്കില്ലെന്ന സത്യവാങ്മൂലം പ്രതികള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഡിവിഡിയുടെ ആധികാരികതയില്‍ വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികള്‍ സത്യവാങ്മൂലം നല്‍കിയത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം വഫയുടെ കാര്‍ അമിതവേഗതയില്‍ ഓടിച്ച് മ്യൂസിയം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ച് ബഷീറിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ രക്തസാമ്പിള്‍ നല്‍കാതെ വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിച്ചതായും പ്രതികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കളവായ വിവരം നല്‍കിയെന്നും, വഫ ശ്രീറാമിനെ മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.