ഈ അഞ്ചാം പത്തിയെ കമ്യുണിസ്റ്റുകാർ എങ്ങിനെ വെച്ചുപൊറുപ്പിക്കും?

150
0

ദേശാഭിമാനി മുൻ എഡിറ്റർ G. ശക്തിധരൻ എഴുതുന്നു

ഒന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പു മുതൽ കമ്മ്യുണിസ്റ്റ് പാർട്ടി, പ്രാക്ടീസിങ് ഡോക്റ്റർമാരെ സ്ഥാനാർഥി ആക്കിയിട്ടുണ്ട്. അവരുടെ ഒന്നും സ്ഥാനാർഥി പ്രഖ്യാപനം ഒരാശുപത്രിയിലും നടന്നതായി അറിവില്ല. അവരൊന്നും ഓപ്പറേഷൻ തിയറ്ററിലെ വേഷത്തിലല്ല സ്ഥാനാർഥിയാകുന്നവിവരം മാധ്യമപ്രവർത്തകരെ വിളി ച്ചുകൂട്ടി അറിയിച്ചതും. . തൃക്കാക്കരയിലെ സിപിഎം സ്ഥാനാർഥിയെ സംബന്ധിച്ച എന്തെങ്കിലും ആലോചന എറണാകുളത്തെ കത്തോലിക്കാ സഭയുടെ ഉടമസ്ഥയിലുള്ള ലിസി ആശുപത്രിയിൽ ഒരിക്കൽ പോലും നടന്നതായി ഇതേവരെ ആരും സൂചിപ്പിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് സ്ഥാനാർഥിയെ “പുറത്തിറക്കൽ” പ്രഖ്യാപന ചടങ്ങ് ഇങ്ങിനെ നാടകീയമായി ലിസി ആശുപത്രിയിൽ ആയത്? അതും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പാർട്ടി ആസ്ഥാനമായ ലെനിൻ സെന്ററിൽ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കഴിഞ്ഞിരിക്കെ. എന്തുകൊണ്ട് രണ്ടാമത്തെ പ്രഖ്യാപനവേദിയിൽ നിന്ന് ജയരാജൻ മാത്രം വിട്ടുനിന്നു? രണ്ടാമത്തെ പ്രഖ്യാപനം വിവാദത്തിലേക്ക് എടുത്തെറിയപ്പെടുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നതാണോ?അതോ ജയരാജനെ ഹൈജാക്ക് ചെയ്തു മറ്റാരെങ്കിലും ഇതിന്റെ പിന്നിൽ കളിച്ചോ? ആർക്കും കുരുക്കഴിക്കാൻ ആവാത്ത ഊരാക്കുടുക്ക് ആവും ഈ നാടകം.
കൃത്യമായ ഒരു ഈവന്റ് മാനേജ്‌മെന്റ് തിരക്കഥയുടെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്തതാണിത് എന്നത് വ്യക്തം. ആരാണ് പാർട്ടിയെ ഇങ്ങിനെ അധിക്ഷേപ കഥാപാത്രമാക്കിയത് . ആകസ്മികമായി സംഭവിച്ചതല്ല ഇത്. സ്ഥലത്തുണ്ടായിരുന്ന ഏറ്റവും സീനിയർ നേതാവായ ഇ പി ജയരാജൻ ഇവിടെ ഒരു മാപ്പുസാക്ഷി മാത്രമായിരുന്നോ ?. ദേശീയതലത്തിൽ തന്നെ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ ഈ വിഷയത്തിൽ പാർട്ടി ഗൗരവതരമായി ഇനി ചർച്ച നടത്തേണ്ടിവരുമെന്നുറപ്പാണ്. ജയരാജന്റെ നേതൃത്വപരമായ കഴിവുകേടിന്റെ മറ്റൊരു ഉദാഹരണമായേ ഇത് വരവുവെക്കുകയുള്ളൂ. എൽ ഡി എഫ് കൺവീനർ പദവി ഏറ്റെടുത്തുടനെ മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന്മേലുള്ള ശാസനയുടെ ചൂടാറും മുമ്പാണ് പുതിയ പിടിപ്പുകേടിൽ ജയരാജൻ കുടുങ്ങിയത്… പലപ്പോഴും ഇത്തരത്തിലുള്ള കെണികളിൽ ചെന്നുപെടുക ജയരാജന്റെ ദുര്യോഗമാണ്.
കേരളത്തിലെ ഏത് ജില്ല കേന്ദ്രീകരിച്ചുള്ള എന്ത് പ്രവർത്തനത്തിന്റെയും ചുമതല ഏറ്റെടുക്കാൻ കെൽപ്പുള്ള ആളാണ് ജയരാജൻ. കോടിയേരി കഴിഞ്ഞാൽ ജില്ലാ നേതൃത്വങ്ങളുമായി അത്രയേറെ ഉള്ളഴിഞ്ഞ അടുപ്പമുള്ള ആളുമാണ്. പക്ഷെ എറണാകുളം ജില്ലയിലെ ഏതു കാര്യത്തിലും അപ്രമാദിത്വം വേണമെന്ന ഒരു നേതാവിന്റെ ശാഠ്യത്തെ സംഘടനാ ശൈലിയുടെ കാർക്കശ്യം ഉപയോഗിച്ച് അതിജീവിക്കാൻ ജയരാജന് കഴിയുന്നില്ല. അതിലത്ര മോശക്കാരനൊന്നുമല്ല ജയരാജൻ എന്നത് പി ജയരാജനെ മൂലക്കിരുത്തിയതിൽ നിന്ന് തന്നെ വ്യക്തം.
സ്ഥാനാർഥി നിർണയം പാർട്ടിയുടെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം അലങ്കോലമാക്കിയതും പാർട്ടി അവഹേളിതമായതിന്റെ പിന്നിലെ കറുത്ത കരം ആരുടേതാണ്? അതാരായാലും പാർട്ടിയെ ചതിക്കുകയായിരുന്നു. ചതി എന്ന് പറഞ്ഞാൽ പോരാ കൊടും ചതി. വിശാലമായ ചുമരെഴുത്തും എം എൽ എ യുടെ പോസ്റ്ററുമാണല്ലോ പാർട്ടിയെ ഇവിടെ ഊരാക്കുടുക്കിലാക്കിയത്. സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം പട്ടാപ്പകൽ ഇത്ര കലാഭംഗിയോടെ ഇത്രദൂരം ചുമരെഴുതാൻ ആരുടെ കയ്യിലും അത്ഭുതവിളക്കൊന്നും ഇല്ലെന്ന്. ഒരു ദിവസമെടുത്ത് പൂർത്തിയാക്കിയ ഈ ചുമരെഴുത്ത് ഈ ഇട്ടാ വട്ടത്തു നടക്കുമ്പോൾ, അത് തത്സമയം ചാനലുകളിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ പാർട്ടി എന്ന് പറയുന്ന ഈ ഉണ്ണാണന്മാർ മുഴുവൻ അടിച്ചു പൂസായി കിടക്കുകയായിരുന്നോ ? അതോ യുഡിഎഫി ന് വിജയ സാധ്യത ഉറപ്പിക്കത്തക്ക അഞ്ചാം പത്തി പണി എടുക്കുകയായിരുന്നോ? ഇത് ചെയ്തവനെ ചാക്കിൽ കെട്ടി കൊച്ചി കായലിന്റെ അഗാധതയിൽ കൊണ്ട് തള്ളുന്നതാണ് അഭിമന്യുമാരോടുള്ള നമ്മുടെ കൂറ് തെളിയിക്കൽ.
ഒന്ന് ആലോചിച്ചു നോക്കൂ, ജില്ലാ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച സ്ഥാനാർഥി അഡ്വ അരുൺകുമാറിന് വേണ്ടി പാർട്ടി അർത്ഥവും ആളെയും കൊടുത്ത് ചുമരെഴുത്ത് നടത്തുന്നു , അതേസമയത്തു
തന്നെ മറുഭാഗത്തു ഈ സ്ഥാനാർത്ഥിയെ അട്ടിമറിക്കാനുള്ള മാരീചകനായി ഡോ ജോ യെ ലിസി ആശുപത്രിയിൽ വേഷം കെട്ടിക്കുന്ന തിരക്കഥ എഴുത്തു പൊടിപൊടിക്കുന്നു! ഇവരൊക്കെ എഴുപതോ എൺപതോ വയസ്സ് എത്തുമ്പോൾ , ഈ മാരീചക വിദ്യയെ എങ്ങനെയാവും ഓർമ്മച്ചെപ്പ് തുറന്ന് ഓർമ്മകൾ അയവിറക്കുക. ഒന്നുകിൽ അവർ അന്ന് വേറെ പാർട്ടിയിൽ ആയിരിക്കാം, അതല്ലെങ്കിൽ ഈ പാർട്ടി തന്നെ വംശമറ്റു പോകാം.
ലോറൻസേ എന്തിന് ഇങ്ങിനെ ഒരു പാർട്ടിക്ക് വേണ്ടി എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് ഓരോ പ്രഭാതത്തിലും തടവുകാരുടെ മലവും തലയിലേറ്റി പോലീസുകാരുടെ ഇടിയും കുത്തും ഏറ്റു വേച്ചു വേച്ചു നടന്ന് കായൽ തീരത്തു അത് കൊണ്ട് തള്ളി മടങ്ങി അതേ ലോക്കപ്പിൽ തിരിച്ചെത്തിയത്.പത്തൊമ്പതോ ഇരുപതോ വയസ്സ് പ്രായമെത്തിയ ലോറൻസിനു അന്ന് ബുദ്ധി ഉദിച്ചിരുന്നില്ലേ? എന്തൊക്കെ അനുഭവിച്ചു ഈ ജീവിതത്തിലും പാർട്ടിയിലും നിന്ന്. അതെല്ലാം ഇതിന് വേണ്ടിയായിരുന്നോ?
ഇപ്പോൾ ലഭിക്കുന്ന സൂചനയനുസരിച്ചു ഇതിന്റെ മുഴുവൻ തിരക്കഥയും തയ്യാറാക്കിയത് തെരെഞ്ഞെടുപ്പ് ചുമതലയിലുള്ള ഒരു നേതാവിന്റെ അടുത്ത ചില പാർശ്വവർത്തികളുടെ സഹായത്തോടെയായിരുന്നു എന്നാണ്.ലെനിൻ സെന്റർ, ലിസി ആശുപത്രി എന്നീ ലൊക്കേഷനുകളിൽ ആണ് തിരക്കഥയിലെ പ്രധാന അങ്കങ്ങൾ അരങ്ങേറാൻ തിരഞ്ഞെടുത്തിരുന്നത്. സാധാരണ, ലിസി ആശുപതി ചിത്രത്തിൽ വരേണ്ട കാര്യമേയില്ല. എന്തെന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ സീറ്റിൽ എൽ ഡി എഫ് സ്ഥാനാർഥി നഗരത്തിലെ ലിസി ആശുപത്രിയുടേതിനേക്കാൾ എത്രയോ വലിയ പാരമ്പര്യവും ബൃഹത്തുമായ മറ്റൊരു ആശുപത്രിയിലെ ഏറെ ജനപ്രിയ ഡോക്ട്ടർ ആയിരുന്നു. അന്നാരും ആ ആശുപത്രിയെ ആ ചിത്രത്തിൽ ഉൾപ്പെടുത്തിയില്ല.
എന്നാൽ ഇവിടെ ഓരോ രംഗവും മുൻകൂട്ടി വരച്ചെഴുതിയ ബ്ലൂ പി[പ്രിന്റ് റെഡിയായിരുന്നു. കൃത്യമായ സമയ പട്ടികയും സ്ഥാനാർത്ഥിയുടെയും ക്രൈസ്തവ സഭയിൽ നിന്ന് ഇതിൽ വേഷമിടുന്നവരുടെ വേഷവുംപോലും മുൻകൂട്ടി തീരുമാനിച്ചിരുന്നതാണ് ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ആണ് . സഭയുടെ പ്രതിനിധികളുടെ പ്രതികരണങ്ങൾ പോലും മുൻകൂട്ടി തിരക്കഥയിൽ ചേർത്തിരുന്നു. എല്ലാം നാടകീയമായ രംഗങ്ങൾ. മനസിലാകാത്ത കാര്യം നാമനിർദേശപത്രിക സമർപ്പിക്കാൻ ഇനിയും നാല് ദിവസം കൂടിയുണ്ട്. . പിന്നെന്തിനാണ് തിടുക്കപ്പെട്ട് ഓപ്പറേഷൻ തിയറ്ററിൽ നിന്ന് സ്റ്റെതസ്ക്കോപ്പ് തോളിലിട്ടു കിറ്റും അണിഞ്ഞു തലപ്പാവും ചൂടി ഇങ്ങിനെ നാടകീയമായി സ്ഥാനാർത്ഥിയെ സിനിമാ സ്റ്റൈലിൽ പൊടുന്നനെ ഇറക്കിക്കൊണ്ടുവരുന്നു എന്ന് വരുത്തിത്തീർത്തത്. എന്താ ആനമണ്ടന്മാരെ മാത്രം പാർപ്പിച്ചിരിക്കുന്ന സ്ഥലമാണോ തൃക്കാക്കര.
എന്തുകൊണ്ട് ആ സുപ്രധാന മുഹൂർത്തത്തിൽ ജയരാജനെ മാത്രം മാറ്റി നിർത്തി. ഇതെല്ലം തന്റെ കഴിവ് കൊണ്ടുമാത്രമാണെന്ന് ഒരു നേതാവിന് വരുത്തിത്തീർക്കണം. എത്ര അല്പത്വമാണിത്. രാഷ്ട്രീയത്തിൽ എത്രവട്ടം മലക്കം മറിച്ചിൽ നടത്തിയാണ് ഇദ്ദേഹം കണ്ണടച്ച് തുറക്കും മുൻപ് ഇന്നത്തെ പദവികൾ എല്ലാം അടക്കിക്കൂട്ടി പിടിച്ചത്. ആരുടെയെല്ലാം കാലുവാരി. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ എത്രപേരെ അഴിമതിയിൽ അഴുക്കുചാലിലേക്ക് തള്ളിവിട്ടിട്ട് അതിന്റെ സ്വാദ് മുഴുവൻ ഊറ്റിയെടുത്തിട്ട് കരിമ്പിൻ ചണ്ടിപോലെ ഏലൂർ പുഴയിൽ തള്ളി. ആ കഥകൾ ഇപ്പോഴും പെരിയാറിലൂടെ ഒഴുകി നടക്കുന്നുണ്ട്. ഒപ്പം നിർത്തി എല്ലാം സമാഹരിച്ചുകൊടുത്തവൻ പെരും കള്ളനും അതിന്റെ ഗുണഭോക്താവ് ഹരിചന്ദ്രനും! ഇതാണ് എറണാകുളം രാഷ്ട്രീയത്തിന്റെ ഇന്നത്തെ നഖചിത്രം.
എങ്ങിനെയാണ് എറണാകുളം കമ്മ്യുണിസ്റ്റുകാരില്ലാത്ത ഒരു നാടായത്.? സമീപകാലത്തെ കേരളത്തിൽ എത്രവേണമെങ്കിലും മുഖ്യമന്ത്രിമാരെ ഉയർത്തിക്കാട്ടാൻ പോന്ന ഏക ജില്ല ആയിരുന്നില്ലേ എറണാകുളം? ഈ ബാലാനന്ദനെ പോലെ ഫാക്ടറി തൊഴിലാളിയെ എത്രവട്ടം വേണമെങ്കിലും മുഖ്യമന്ത്രിയാക്കാൻ അവിടെ ഉണ്ടായിരുന്നു. അങ്ങിനെ ഒരു സ്വപ്നം തൊഴിലാളിവർഗത്തിന് ഉണ്ടായിരുന്നെങ്കിലും പാർട്ടി നേതൃത്വത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ ആപത്ത് മനസിലാക്കി നേരത്തെ ദില്ലിയിലേക്ക് തുരത്തിയത് . അന്നത്തെ വടക്കേക്കര മണ്ഡലത്തിൽ നിന്ന് ഒന്നാം നമ്പർ കാറിൽ ഒരു തൊഴിലാളി, പച്ചയായ തൊഴിലാളി, സെക്രട്ടറിയറ്റിൽ എത്തുന്നതിന്റെ സാധ്യത അങ്ങിനെ അടച്ചു. ഇ എം എസ്സും ഒന്നും ചെയ്തില്ല. പക്ഷെ നായനാർ മുഖ്യമന്ത്രി ആകണമെന്ന ഘട്ടത്തിൽ മാത്രം എന്തുകൊണ്ട് ടി കെ രാമകൃഷ്ണൻ ആയിക്കൂടാ എന്ന ചോദ്യം ഇ എം എസ്സ് മുന്നോട്ടുവെച്ചു എന്നത് ശരിയാണ്. എറണാകുളത്തെ പാർട്ടിയിലെ ഉരുക്കു മനുഷ്യനായിരുന്ന ലോറൻസിനെ എന്തൊക്കെ കുതന്ത്രങ്ങൾ ഉപയോഗിച്ചാണ് ഒന്നാമൻ ആകുന്നതിൽ നിന്ന് ഒതുക്കിയത്. താത്വിക അതിപ്രസരം തലയ്ക്ക് പിടിച്ചുവെന്നല്ലാതെ സംസ്‌ഥാനത്തെ ഭരണസാരഥ്യം ഏറ്റെടുക്കാൻ അതിസമർത്ഥൻ ആയിരുന്നില്ലേ സ്ഫടികം പോലെ സംശുദ്ധനായ കെ എൻ രവീന്ദ്രനാഥ് . വി വിശ്വനാഥമേനോന്റെ ജനസ്വീകാര്യതയ്ക്കു ഒപ്പം നിർത്താൻ മറ്റാരുണ്ടായിരുന്നു അവിടെ . മുൻ സ്പീക്കർ എ പി കുര്യനെ പോലെ സർവ്വ സമ്മതനായ ഒരു കമ്മ്യുണിസ്റ്റ് കാരൻ ഉണ്ടോ ഇന്ന് എറണാകുളത്തു? അങ്ങിനെ എത്ര എത്ര മുഖ്യമന്ത്രിമാരെക്കുറിച്ചു ജനങ്ങൾക്കുള്ള സ്വപ്‌നങ്ങൾ പൂവണിയാതെ പോയ ജില്ലയാണ് എറണാകുളം. എന്നാൽ ഒരു ധൂമ കേതു ഉദിച്ചതോടെ നേതൃത്വ നിരയിലുള്ളവർ കൂട്ടത്തോടെ ഉന്മൂലനം ചെയ്യപ്പെട്ടു. വിഭാഗീയത തലയ്ക്കുപിടിച്ചവർ ഈ ചേരിതിരിവിന് വളമിട്ടുകൊടുത്തു. മറ്റെല്ലാ നേതാക്കളും ധൂളിയായി. കാരണഭൂതന്റെ ഒരേ ഒരു പിടിവള്ളിയിലാണ് ഈ അഭ്യാസങ്ങൾ മുഴുവൻ. പകിട ഉരുട്ടിക്കളിക്കുമ്പോൾ ഭാഗ്യശാലികൾക്ക് ചിലപ്പോൾ ഈരാറ്‌ പന്ത്രണ്ട് വീണുകിട്ടും. അത് പ്രത്യേക വൈദഗ്ധ്യം കൊണ്ടല്ല ഭാഗ്യം കൊണ്ടാണ്.
സിപിഎമ്മിൽ പോളിറ്റ് ബ്യുറോ മുതൽ കേന്ദ്രകമ്മിറ്റിവരെയുള്ള ഉന്നത സമിതികളിൽ ദശാബ്ദങ്ങളോളം പ്രാതിനിധ്യം ഉണ്ടായിരുന്ന ജില്ലയാണ് എറണാകുളം .അതിൽ മരുന്നിനുപോലും ഒരാൾ ഇന്നില്ല. അതാണ് എറണാകുളത്തെ പാർട്ടിയുടെ വളർച്ച. സംസ്ഥാന സെക്രട്ടറിയറ്റിൽ പുതുതായി പ്രവേശിപ്പിക്കപ്പെട്ട മാന്യദേഹത്തിന്റെയും പിള്ളത്തൊട്ടിൽ എറണാകുളം അല്ല. എറണാകുളത്തുകാരൻ എന്ന് പറയാവുന്ന ഒറ്റ സഖാവ് പോലും ഇന്ന് സംസ്ഥാനകമ്മിറ്റിക്ക് മുകളിൽ ഇല്ല. തെരഞ്ഞെടുപ്പുകളും സമ്മേളനങ്ങളും അടിക്കടി വരും വൻകിട മുതലാളികളിൽ നിന്ന് കോടികൾ സമാഹരിക്കും. അതുമാത്രമാണ് ഇന്നത്തെ എറണാകുളത്തെ ഇടതുപക്ഷ രാഷ്ട്രീയം.