ഇ-ചെലാന്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ നിലവില്‍വന്നു

312
0

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കുന്ന ഇ-ചെലാന്‍ സംവിധാനത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-ചെലാന്‍ സംവിധാനം നിലവില്‍ വന്നു.

ഉദ്ഘാടനച്ചടങ്ങില്‍ എ.ഡി.ജി.പി മനോജ് എബ്രഹാം, ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി ഐ.ജി ജി.ലക്ഷ്മണ്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്സ് ഓഫീസറുമായ പി.വി മോഹന്‍ കൃഷ്ണന്‍, ട്രഷറി വകുപ്പ് ഐ.റ്റി വിഭാഗം മേധാവി രഘുനാഥന്‍ ഉണ്ണിത്താന്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്‍റും ഡിജിറ്റല്‍ സെന്‍റര്‍ ഓഫ് എക്സലന്‍സ് തലവനുമായ ജിതേഷ്.പി.വി, പൈന്‍ലാബ്സിന്‍റെ ഗവണ്‍മെന്‍റ് ആന്‍റ് എമര്‍ജിംഗ് ബിസിനസ് വിഭാഗം അസിസ്റ്റന്‍റ് സെയില്‍സ് മാനേജര്‍ വിനായക്.എം.ബി എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണ് ഇ-ചെലാന്‍. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഈ സംവിധാനം കഴിഞ്ഞ വര്‍ഷം നിലവില്‍ വന്നു. 11 മാസത്തിനിടെ ഈ അഞ്ച് പ്രധാന നഗരങ്ങളില്‍ നിന്നായി 17 കോടിയിലധികം രൂപയാണ് ഇ-ചെലാന്‍ വഴി പിഴയായി ഈടാക്കിയത്.

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്‍റെ നമ്പരോ ഡ്രൈവിംഗ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാം. വാഹനപരിശോധനയ്ക്കിടെ രേഖകള്‍ നേരിട്ട് പരിശോധിക്കുന്നത് മൂലമുളള സമയനഷ്ടം പരിഹരിക്കാന്‍ ഇതിലൂടെ കഴിയും. പിഴ അടയ്ക്കാനുളളവര്‍ക്ക് ഓണ്‍ലൈന്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാനും കഴിയും. ഇത്തരം സംവിധാനങ്ങള്‍ കൈവശം ഇല്ലാത്തവര്‍ക്ക് പിഴ അടയ്ക്കാന്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും.

ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഒരു വിധത്തിലുമുളള പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല. സുതാര്യത പൂര്‍ണ്ണമായും ഉറപ്പാക്കാനാകും. കേസുകള്‍ വിര്‍ച്വല്‍ കോടതിയിലേയ്ക്ക് കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. ഫെഡറല്‍ ബാങ്ക്, ട്രഷറി വകുപ്പ്, പൈന്‍ലാബ്സ് എന്നിവയുടെ സഹകരണവും ഈ പദ്ധതിക്കുണ്ട്.