ശകുന്തളാദേവി

81
0

സര്‍ക്കസില്‍ നിന്ന് തുടങ്ങി ‘മനുഷ്യ കംപ്യൂട്ടര്‍’ എന്ന നിലയില്‍ എത്തിനില്‍ക്കുന്ന പ്രശസ്തയായ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞയാണ് ശകുന്തളാദേവി. യന്ത്രസഹായമൊന്നും ഇല്ലാതെ തന്നെ ഗണിതശാസ്ത്രത്തിലെ സ ങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കൊണ്ടാണ് ഈ മഹത്‌വനിത പ്രശസ്തിയിലേക്ക് പടികയറിയത്.
1939 നവംബര്‍ നാലിന് ബാംഗ്ലൂരിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ശകുന്തളാദേവി ജനിച്ചത്. ഒരു സര്‍ക്കസുകാരന്റെ മകളായി പിറന്ന ശകുന്തളാദേവിയിലെ കഴിവുകള്‍ അവരുടെ മൂന്നാമത്തെ വയസ്സില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. ചെറുപ്രായത്തിലേ അച്ഛനുമൊത്ത് ചീട്ട് കളിയിലേര്‍പ്പെട്ട അവര്‍ 52 ചീട്ടുകളുടേയും ക്രമം കൃത്യമായി ഓര്‍ത്തുവെക്കുന്നത് ഒരു ശീലമാക്കി. പിന്നീട് ആറാമത്തെ വയസ്സില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കണക്ക് കൂട്ടാനുള്ള പാടവവും ഓര്‍മ്മശക്തിയും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാനുള്ള അവസരവും ലഭിച്ചു. തുടര്‍ന്നുള്ള നാളുകളില്‍ പല സ്ഥലങ്ങളിലും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
1977ലാണ് ശകുന്തളാദേവിയുടെ ജീവിതം വഴിമാറ്റിവിട്ട ഒരു സംഭവം ഉണ്ടായത്. ടെക്‌സാസിലെ ഒരു പൊതുവേദിയില്‍ പ്രശസ്തനായൊരു പണ്ഡിതന്റെ ചോദ്യത്തിന് ക്ഷണനേരംകൊണ്ട് ഉത്തരം നല്‍കാന്‍ അവര്‍ക്ക് സാധിച്ചു. ബ്ലാക്ക് ബോര്‍ഡില്‍ 201 അക്കങ്ങള്‍ എഴുതിയതിനുശേഷം അതിന്റെ തുക കണ്ടെത്താനായിരുന്നു ശകുന്തളാദേവിയോടാവശ്യപ്പെട്ടത്. അക്കങ്ങളെ ഒരു നിമിഷമൊന്നു നോക്കി കണ്ണ് പൂട്ടി വെറും 50 സെക്കന്റുകള്‍ക്കുള്ളില്‍ ശകുന്തളാദേവി ഉത്തരം പറഞ്ഞു- 546372891 ! ശേഷം സംഖ്യകള്‍ കൂട്ടി നോക്കിയപ്പോള്‍ പ്രൊഫസറിന് ലഭിച്ചതും അതേ ഉത്തരംതന്നെ! അക്കാലത്തെ ഡിശ്മര 1108 എന്ന കംപ്യൂട്ടറിന് ഇതേ ഉത്തരം കണ്ടെത്താന്‍ 62 സെക്കന്റ് വേണമായിരുന്നു എന്നോര്‍ക്കുമ്പോഴാണ് ശകുന്തളാദേവിയുടെ മാനസിക ശേഷിയുടെ വ്യാപ്തി നമുക്ക് മനസ്സിലാകുന്നത്.