ആറാമത് ആയുർവേദ ദിനാചാരണം സംസ്ഥാനതല ഉദ്ഘാടനം നവംബർ 2ന്

126
0

പോഷണം ആഹാരത്തിലൂടെ, ജീവനം ആയുർവേദത്തിലൂടെ
ആറാമത് ആയുർവേദ ദിനാചരണത്തിന്റെയും ഒരു വർഷം നീളുന്ന വിവിധ പരിപാടികളുടെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ 2ന് തിരുവനന്തപുരത്ത് ബഹു. ആയുഷ് – ആരോഗ്യ കുടുംബക്ഷേമ  വകുപ്പ് മന്ത്രി ശ്രീമതി.വീണ ജോർജ്  നിർവ്വഹിക്കുന്നു. “പോഷണത്തിന് ആയുർവേദം” എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം. ഒരു വർഷം നീളുന്ന വിവിധ പരിപാടികളാണ് ആയുഷ് വകുപ്പ് ഈ വിഷയത്തെ അടിസ്ഥാനമാക്കി നാഷണൽ ആയുഷ് മിഷൻ, ഐ.എസ്.എം വകുപ്പ്, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് എന്നീ വകുപ്പുകളുമായും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന്  ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.

ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ, കൗമാരപ്രായക്കാർ, ഗർഭിണികൾ,സൂതികകൾ എന്നീ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‌ പൊതുവായി നടപ്പിലാക്കാവുന്ന  പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും രൂപരേഖ തയ്യാറാക്കുന്നതിനും കാലികപ്രസക്തമായ ആഹാരരീതികൾ അവതരിപ്പിക്കുന്നതിനുമായി ആയുഷ് വകുപ്പിലെയും വനിതാ ശിശു വികസന വകുപ്പിലെയും  വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാല സംഘടിപ്പിക്കുന്നു.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ 33,115  അംഗനവാടികളും കേന്ദ്രീകരിച്ച് പോഷണ സംബന്ധമായ ആയുർവേദ അറിവുകൾ പകർന്നു നല്കുകയും പ്രായോഗികമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്  ശില്പശാലയെ തുടർന്ന് ഈ മേഖലയിൽ ആദ്യഘട്ടത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്. സർക്കാർ-സ്വകാര്യമേഖലയിലെ 2000 ത്തോളം ഡോക്ടർമാരാണ് ഈ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. കുട്ടികളുടെയും കൗമാരപ്രായക്കാരായ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഗർഭിണികളുടെയും സൂതികകളുടെയും ആരോഗ്യ സംരക്ഷണണത്തിന് പോഷണ സംബന്ധമായ ആയുർവേദ അറിവുകളും രീതികളും  ഫലപ്രദമായി ഉപയോഗിക്കുന്നതിനും  ആരോഗ്യ ജീവിതത്തിന് സഹായകമായ ആയുർവേദ ജീവിതചര്യകൾ പരിചയപ്പെടുത്തുന്നതിനും  ഉതകുന്ന കാര്യങ്ങളാണ് ബോധവൽക്കരണ ക്ലാസുകളിൽ ഉൾപ്പെടുത്തുന്നത്. 

ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന ശില്പശാലയുടെയും  കുട്ടികളിലെ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമുള്ള ആയുർവേദ പദ്ധതിയായ കിരണത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ 2ന് ആയുർവേദ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനത്തോടൊപ്പം ബഹു. ആരോഗ്യ – ആയുഷ് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി.വീണ ജോർജ്  നിർവ്വഹിക്കും.