വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സ കിട്ടാതെ മരിച്ചു ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

463
0

തിരുവനന്തപുരം : അനന്തപുരി ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മെഡിക്കൽകോളേജ് കാഷ്വാലിറ്റിയിൽ ചികിത്സ കിട്ടാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
മാർച്ച് 12 ന് രാവിലെ നടന്ന അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വള്ളക്കടവ് പള്ളം സ്വദേശി സബീറാണ് മരിച്ചത്. ഉടൻ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും യഥാസമയം ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. കാഷ്വാലിറ്റിയിൽ സീനിയർ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും പി.ജി. വിദ്യാർത്ഥികൾക്കാണ് ചുമതലയെന്നും മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.
സബീറിന്റെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കാഷ്വാലിറ്റിയിൽ 24 മണിക്കൂറും രണ്ട് മുതിർന്ന ഡോക്ടർമാരുടെയെങ്കിലും സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.