പശ്ചിമേഷ്യയിലെ ചരിത്രവും സമകാലീന യാഥാര്‍ത്ഥ്യവും

294
0

എം. ജോണ്‍സണ്‍ റോച്ച്

എവിടെ മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്നുവോ അവിടെ ആ മനുഷ്യര്‍ക്കായി ശബ്ദമുയര്‍ത്തേണ്ടത് മാനവരാശിയുടെ ധര്‍മ്മമാണ്. പാലസ്തീനിലെ ഗാസയില്‍ നിന്നും വിലാപങ്ങള്‍ ഉയരുന്നു. ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പലസ്തീന്‍കാര്‍ക്കൊപ്പം ഇന്ത്യന്‍ ജനതയുടെ മനസ്സുമുണ്ട്. ഇങ്ങനെ വികാരങ്ങള്‍ പലസ്തീന്‍ ജനതയോടൊപ്പം ചേര്‍ന്നുനില്‍ക്കുമ്പോഴും ചരിത്ര വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും വിസ്മരിക്കാതെയുള്ള വിലയിരുത്തലുകള്‍ ആവശ്യമാണ്.
പശ്ചിമേഷ്യയില്‍ മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കേതീരത്ത് സിറിയയ്ക്കും ജോര്‍ദാനും പടിഞ്ഞാറും ഈജിപ്തിനു വടക്കും ലബനനു തെക്കുമായി കിടക്കുന്ന ഭൂപ്രദേശത്തെ 1947- ല്‍ വിഭജിച്ച് ഇസ്രായേല്‍ എന്നും പാലസ്തീന്‍ എന്നും രണ്ടു രാജ്യങ്ങളായി യു.എന്‍. പ്രഖ്യാപിച്ചു. ആ ഭൂപ്രദേശത്തിന്റെ 56 ശതമാനം ഇസ്രായേല്‍ രാജ്യത്തിനും 44 ശതമാനം പാലസ്തീന്‍ രാജ്യത്തിനുമായി പകുത്തുനല്‍കി. യു.എന്‍. തീരുമാനത്തെ ഇസ്രായേല്‍ അംഗീകരിച്ചു.
എന്നാല്‍, യു.എന്‍.പ്രഖ്യാപനം അനുസരിച്ച് നിലവില്‍ വന്ന ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കാന്‍ പാലസ്തീനും മറ്റ് അറബ് രാജ്യങ്ങളും തയ്യാറായില്ല. യു.എന്‍. പ്രഖ്യാപനത്തെ തള്ളിക്കൊണ്ടും മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ മറ്റൊരു രാജ്യം തങ്ങള്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടും അറബ് രാജ്യങ്ങള്‍ ഇസായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ചുറ്റുമുള്ള സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, പലസ്തീന്‍ മുതലായ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ഇസ്രായേലിനെ ആക്രമിച്ചു. സൗദി അറേബ്യ, ഇറാക്ക് എന്നീ പ്രമുഖ അറബിരാജ്യങ്ങളും ഒപ്പം കൂടി.
ഇസ്രായേലുമായുള്ള യുദ്ധങ്ങള്‍ക്ക് മാത്രമാണ് അറബിരാജ്യങ്ങള്‍ ഒന്നുചേര്‍ന്നിട്ടുള്ളത്. അല്ലാത്ത അവസരങ്ങളില്‍ അവര്‍ പരസ്പരം ഏറ്റുമുട്ടലിലാണ്. അറബിരാജ്യങ്ങള്‍ വളഞ്ഞ് ആക്രമിച്ചപ്പോള്‍ ഇസ്രായേലില്‍ ഒരു സൈന്യം പോലും കൃത്യമായി നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. യഹൂതജനതയുടെ നിശ്ചയദാര്‍ഡ്യം ഒന്നുകൊണ്ട് മാത്രമാണ് അറബിരാജ്യങ്ങളോട് മുഴുവന്‍ അവര്‍ ഒറ്റക്കുനിന്നു പൊരുതിയത്. പലസ്തീന്‍, ജോര്‍ദാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളിലെ ചെറിയൊരു ഭാഗം ഈ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കി. യുദ്ധങ്ങളിലൂടെ പിടിച്ചെടുക്കുന്ന ഭൂമികള്‍ സ്വന്തമാക്കുക അക്കാലത്തു സര്‍വ്വസാധാരണം ആയിരുന്നല്ലോ.
1948 ലെ യുദ്ധത്തില്‍ ഇസ്രായേലിനോട് അടിയറവു പറഞ്ഞെങ്കിലും ആ രാജ്യത്തെ അംഗീകരിക്കുകയോ അതു നിലനില്‍ക്കാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് അറബിരാജ്യങ്ങള്‍ പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതിനായി ഇടയ്ക്കിടെ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറ്റം നടത്തി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇസ്രായേലിനെ പാടെ നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അറബിരാജ്യങ്ങള്‍ ശക്തിയാര്‍ജ്ജിച്ച് 1967- ല്‍ ശക്തമായ യുദ്ധം ആരംഭിച്ചു. ഈ കാലയളവിനിടെ ഇസ്രായേല്‍ തങ്ങളുടെ സൈനികശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചുകൊണ്ട് അറബിരാജ്യങ്ങളെ തുരത്തുക മാത്രമല്ല ഇസ്രായേല്‍ ചെയ്തത്. പലസ്തീന്‍ രാജ്യത്തിനായി യു.എന്‍. അനുവദിച്ചുകൊടുത്ത് വെസ്റ്റ് ബാങ്ക് മേഖലയും ഗാസാപ്രദേശങ്ങളും സിറിയയില്‍നിന്നു ഗോലാന്‍ കുന്നുകളും ജോര്‍ദ്ദാന്റെയും ഈജിപ്തിന്റെയും ചില പ്രദേശങ്ങളും ഇസ്രായേല്‍ കീഴടക്കി. ഈ യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രായേലിനെ സഹായിക്കാന്‍ റഷ്യ തയ്യാറെടുപ്പു നടത്തുന്നതിനിടെ അതിനു തടയിടാനായി അമേരിക്ക ചാടിവീണ് ഇസ്രായേലിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്തു. എന്നാല്‍, അമേരിക്ക യുദ്ധത്തില്‍ പങ്കാളിയായില്ല.
അറബിരാജ്യങ്ങള്‍ തുടക്കമിട്ട 1967 ലെ യുദ്ധം അവസാനിച്ചപ്പോള്‍ പലസ്തീന്‍ എന്ന രാജ്യം തന്നെ ഇല്ലാതായി. തങ്ങളുടെ ഭൂപ്രദേശമായി യു.എന്‍. അനുവദിച്ചുതന്ന 56 ശതമാനത്തില്‍ നിന്നും 77 ശതമാനമായി ഇസ്രായേല്‍ ഉയര്‍ത്തിയെടുത്തു. പലസ്തീന്‍ രാജ്യത്തിനു വെസ്റ്റ് ബാങ്കും ഗാസയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ചെറിയൊരു ഭൂപ്രദേശമായി പലസ്തീന്‍ ഒതുങ്ങി. കൂടെനിന്ന അറബിരാജ്യങ്ങള്‍ യുദ്ധത്തില്‍ നിന്നു പിന്‍വാങ്ങി. തങ്ങളിനി ഇസ്രായേലിനോടു യുദ്ധത്തിനില്ലെന്ന നിലപാടാണ് പിന്നീട് അവര്‍ സ്വീകരിച്ചത്.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസര്‍ സമാധാനസന്ധിയിലൂടെ നീങ്ങിയതിനാല്‍ പിടിച്ചെടുത്ത ഈജിപ്ഷ്യന്‍ ഭൂപ്രദേശങ്ങള്‍ ഇസ്രായേല്‍ അവര്‍ക്കു വിട്ടുകൊടുത്തു. തങ്ങള്‍ പിടിച്ചെടുത്ത ജോര്‍ദാന്‍ പ്രദേശം ജോര്‍ദാനും ഗോലാന്‍ കുന്നുകളിലെ സിംഹഭാഗവും സിറിയയ്ക്കും 1978 ലെ ക്യാമ്പ് ഡേവിഡ് കരാര്‍ പ്രകാരം ഇസ്രായേല്‍ വിട്ടുകൊടുത്തു. ഗോലാന്‍ കുന്നുകളിലെ ചില ഭാഗങ്ങള്‍ ഇന്നും ഇസ്രായേലിന്റെ കൈയിലുണ്ട് ഇസ്രായേലുമായുള്ള യുദ്ധത്തില്‍ നിന്നു മറ്റ് അറബിരാജ്യങ്ങള്‍ പിന്‍മാറിയതോടെ പലസ്തീന്‍ ഒറ്റപ്പെടുകയും വെസ്റ്റ്ബാങ്ക് പ്രദേശവും ഗാസാമേഖലയും നഷ്ടപ്പെട്ട ഭൂപ്രദേശമായി അതു ചുരുങ്ങുകയും ചെയ്തു.
അതേത്തുടര്‍ന്നുള്ള കാലഘട്ടത്തിലാണ് പലസ്തീനില്‍ ഫത്താപാര്‍ട്ടിയും ഹമാസും വളര്‍ന്നു തുടങ്ങിയത്. ഫത്താപാര്‍ട്ടിയിലൂടെ പലസ്തീന്റെ അനിഷേധ്യ നേതാവായി യാസര്‍ അരാഫത്ത് മാറി. തുടക്കത്തിലെ തീവ്രവാദം അരാഫത്ത് ഏറെക്കുറെ ഉപേക്ഷിച്ച് ചര്‍ച്ചകള്‍ക്കായി മുന്നോട്ടുവരികയും തങ്ങള്‍ക്കു നഷ്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടാനായി സഹായിക്കണമെന്നു ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അരാഫത്തിന്റെ അഭ്യര്‍ത്ഥനയെ ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചു. അതിന്റെ ഫലമായി 2005 ല്‍ ഗാസാ മേഖല ഇസ്രായേല്‍ പലസ്തീന് തിരിച്ചുനല്‍കി. അത് അന്നത്തെ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ കാണിച്ച ഒരു വിഡ്ഢി ത്തമായും ഇസ്രായേല്‍ ജനങ്ങളോട് കാണിച്ച വഞ്ചനയായും ഭൂരിപക്ഷം ഇസ്രായേലികളും ഇപ്പോള്‍ കരുതുന്നു. യുദ്ധത്തില്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക് പ്രദേശത്ത് അഞ്ചുലക്ഷത്തോളം യഹൂദരെ ഇസ്രായേല്‍ സര്‍ക്കാര്‍ കുടിയേറി പാര്‍പ്പിച്ചു.
പലസ്തീന്റെ പ്രതീകമായി ലോകത്ത് അറിയപ്പെടുന്ന യാസര്‍ അരാഫത്തിന്റെ മരണത്തോടെ തീവ്രവാദി സംഘടനയായ ഹമാസ് ശക്തി പ്രാപിച്ചു. ഇസ്രായേലിലേക്കു കൂടുതല്‍ റോക്കറ്റുകള്‍ തൊടുത്തുവിടാന്‍ ഹമാസ് തുടങ്ങി. ഈ റോക്കറ്റുകളെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രായേല്‍ നേരിട്ടുവെങ്കിലും ചുരുക്കം ചിലതു ലക്ഷ്യത്തിലെത്തി. 2005 നു ശേഷം 18,000 ത്തിലധികം റോക്കറ്റുകള്‍ ഹമാസ് ഇസ്രായേലിലേക്കു വിക്ഷേപിച്ചുവെന്നാണ് കണക്ക.് ഇക്കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 1600 ലധികം മിസൈലുകള്‍ ഇസ്രായേലിലേക്കു തൊടുത്തുവിട്ടു. കൊച്ചുകുട്ടികളെയും സ്ത്രീകളെയും മനുഷ്യബോംബായി ഹമാസ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെ കൊന്നുമരിച്ചാല്‍ ഉടന്‍ സ്വര്‍ഗ്ഗം കിട്ടുമെന്നാണ് തീവ്രവാദികളുടെ പ്രചരണം. പലരും അത് വിശ്വസിച്ച് മനുഷ്യബോംബുകളായി മാറുന്നു.
ഇതിനുപുറമെ സ്ത്രീകളെയും കുട്ടികളെയും മറകളായും ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ഹമാസിലെ ലക്ഷ്യം വച്ചുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നു. ഹമാസ് നടത്തുന്ന ഓരോ ആക്രമണത്തിനും പലമടങ്ങ് വരുന്ന തിരിച്ചടി ഇസ്രായേല്‍ സൈന്യം ഹമാസിന് നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഹമാസിന്റെ തുടര്‍ച്ചയായുള്ള മിസൈല്‍ ആക്രമണത്തില്‍ സഹികെട്ടാണ് ഇസ്രായേല്‍ പ്രത്യാക്രമണം തുടങ്ങിയിരിക്കുന്നത്.
ഇസ്രായേലി സൈന്യത്താല്‍ കൊല്ലപ്പെടുന്ന പലസ്തീനികളുടെയും കുട്ടികളുടെയും മരണങ്ങള്‍ മുതലാക്കാനും ഹമാസ് ശ്രമിക്കുന്നു. ഓരോ മരണവും ഓരോ ഘോഷയാത്രയാക്കി മാറ്റി മറ്റ് അറബി രാജ്യങ്ങളുടെ വൈകാരികതലങ്ങളെ ചൂഷണം ചെയ്യുകയാണ് ഹമാസ്. അറബ് രാജ്യങ്ങളില്‍ നിന്നുകിട്ടുന്ന വമ്പിച്ച ധനസഹായംകൊണ്ടാണ് ഹമാസ് വളരുന്നതും റോക്കറ്റുകളും ആയുധങ്ങളും വാങ്ങിക്കൂട്ടുന്നതും. ഇസ്രായേലിലേക്കു തുരങ്കങ്ങള്‍ നിര്‍മ്മിച്ച് അവിടെ കടന്നുകയറി ആക്രമണങ്ങള്‍ നടത്തുന്നു. യഹൂദരെ ഇടയ്ക്കിടെ ആക്രമിക്കേണ്ടതു ഹമാസിന്റെ നിലനില്‍പ്പിന്റെ ആവശ്യമായി തീര്‍ന്നിരിക്കുന്നു. ഇതിന് ഇസ്രായേല്‍ നല്‍കുന്ന മറുപടിയാണ് ഗാസയിലെ രക്തച്ചൊരിച്ചില്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത് യഹൂദജനതയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ കുടിയേറിപ്പാര്‍ത്തു. ഇസ്രായേല്‍ ജനത ആദ്യം പീഡിപ്പിക്കപ്പെട്ടതു റോമാക്കാരാലാണ്. റോമാക്കാര്‍ നിരവധി ഇസ്രായേലികളെ കൊന്നൊടുക്കി. കഴിഞ്ഞ രണ്ട് നൂറ്റാണ്ടില്‍ അവര്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയതു റോമന്‍ കത്തോലിക്കക്കാരായ ജര്‍മ്മന്‍ കാരില്‍ നിന്നുമാണ്. ജര്‍മ്മനിയില്‍ കുടിയേറിയ യഹൂദര്‍ അവിടെ നിര്‍ണ്ണായകശക്തിയായി വളര്‍ന്നു. ജര്‍മ്മനിയിലെ സാമ്പത്തികമേഖലയിലും മറ്റു പ്രധാന മേഖലകളിലും യഹൂദര്‍ ഒന്നാമതെത്തിയതു ഹിറ്റ്‌ലറെയും കൂട്ടരെയും ചൊടിപ്പിച്ചു. ഹിറ്റ്‌ലര്‍ അധികാരത്തിലേറിയ ഉടന്‍ യഹൂദരെ ഉന്മൂല നാശം വരുത്താന്‍ തുടങ്ങി. ജര്‍മ്മനിയിലെ 90 ശതമാനം യഹൂദരെയും ഹിറ്റ്‌ലര്‍ കൊന്നുതള്ളി. ആ ചാരത്തില്‍നിന്നാണ് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് ഇന്നത്തെ നിലയിലേക്ക് ഇസ്രായേല്‍ രാജ്യത്തിന്റെ വളര്‍ച്ച മുന്നേറുന്നത്. ഇസ്രായേലില്‍ 20 ശതമാനം മുസ്ലീം അറബികളാണ് അവര്‍ അവിടെ സുരക്ഷിതത്വത്തോടും സന്തോഷത്തോടും ജീവിക്കുക, മാത്രമല്ല ഇസ്രായേല്‍ രാജ്യത്തോട് സ്‌നേഹം പ്രകടിപ്പിക്കുകയും രാജ്യത്തിന്റെ വളര്‍ച്ചക്കായി നിലകൊള്ളുകയും ചെയ്യുന്നു.
ഇസ്രായേല്‍ നടത്തുന്ന അരുംകൊലകളെ അപലപിക്കേണ്ടതു തന്നെയാണ്. അതുപോലെ ഇസായേലിലേക്കു ഹമാസ് നടത്തുന്ന ആക്രമണ ങ്ങളെയും അപലപിക്കേണ്ടതുണ്ട്. സുന്നികള്‍ ഷിയാകളെ വേട്ടയാടിപ്പിടിച്ച് കൂട്ടത്തോടെ കൊന്നൊടുക്കുന്നതും നമുക്കു കണ്ടില്ലെന്ന് നടിക്കാനാകുമോ? മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് ഒരു പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. പലസ്തീന്‍കാര്‍ക്ക് പലസ്തീനിലും ഇസ്രായേലികള്‍ക്ക് ഇസ്രായേലിലും സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ആ മേഖലയില്‍ സംജാതമാകുമെന്നു പ്രത്യാശ പുലര്‍ത്താം.
ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുത്തൊരു ജനത അന്യദൈവങ്ങളെ ആരാധിച്ചതുകൊണ്ടുള്ള ശാപം മുഖേന വന്നുഭവിച്ച ദുരന്തങ്ങളാണ് ഇസ്രായേല്‍ ജനത നേരിടേണ്ടിവന്നതായി ബൈബിള്‍ വിശ്വാസികള്‍ വിശ്വസിക്കുന്നു. അവരുടെ പ്രധാന ദേവാലയമായ ജെറുസേലം ദേവാലയത്തെ കല്ലില്‍മേല്‍ കല്ല് ശേഷിക്കാത്ത വിധത്തില്‍ നശിപ്പിക്കുമെന്ന് ബൈബിള്‍ പ്രവചിച്ചിട്ടുണ്ട്. ”നിങ്ങള്‍ അന്യ ദൈവങ്ങളെ സേവിച്ചു നമസ്‌കരിച്ചതിനാല്‍ ഞാന്‍ നിങ്ങളെ പറിച്ചുകളയും. ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയം ഞാന്‍ എന്റെ മുന്നില്‍ നിന്ന് നീക്കികളയും.” അങ്ങനെ തന്നെ ഭവിക്കുകയും ചെയ്തിരിക്കുന്നു. ദൈവത്തില്‍ നിന്ന് അകന്നതിനായുള്ള ശിക്ഷയായി മറ്റൊന്നുകൂടി ബൈബിളില്‍ പറയുന്നു. ”ഞാന്‍ നിങ്ങളെ ചിതരിക്കും പിന്നെ ഒത്തുകൂട്ടും.” അതും സംഭവിച്ചിരിക്കുന്നു.

മൊബൈല്‍: 9495520611