ഓർമ്മകൾ

312
0

ദീപു R.S ചടയമംഗലം

വർഷങ്ങൾ വെയിലിൻ വസന്തങ്ങളെങ്ങോ 

മറഞ്ഞു പോയെങ്കിലുമോർമ്മയിൽത്തളിരാ-

യിയുണ്ടൊരു ചെമ്പരത്തിപ്പൂ പോലെ സ്നേഹം

അന്നും അനന്തതയ്ക്കുള്ളിലൊളിക്കുന്ന

കന്നിക്കുറുമ്പനാം  സൂര്യ ദേവൻ

 ഇന്നും വരാറുണ്ടിടക്കിടെത്തൊടിയിലെ

കന്നിമണ്ണിന്നെ ചുംബിച്ചിടാൻ

 കളിവണ്ടിയോടിച്ച് ബാല്യമിടയ്ക്കിടെ

 കവിതകൾ മൂളിയിരിക്കുന്നു.

കാളകൾ പോലെ വലിക്കുന്ന ജീവിത-

ച്ചുമടുകൾക്കിടയിൽ ഞെരിഞ്ഞിരുന്നു

അറിയില്ല നമ്മൾ പിരിഞ്ഞതന്നെപ്പോഴോ

 പഴയൊരെൻ തൈമുല്ല വാടിയതും

 ഇന്നിവിടെ

തൊടിയില്ല, മാവില്ല,വയലില്ല

കാവിലെയുത്സവപ്പാട്ടുമില്ല

അംബരം ചുംബിക്കുമീയുമ്മറത്തൊരു

അന്യരനാഥരാം   നാഗരീകർ

തമ്മിലഞ്ജാതരായി  മലിനരായി

അവരിരു  വഴികളിലൊഴുകും പുഴകളായി 

ഓർമ്മതൻ  ജാലകം തള്ളിത്തുറക്കുമ്പോളതി

രൂക്ഷ സ്നേഹത്തിൻ നാടകങ്ങൾ 

പാഴ് വൃദ്ധയന്ത്രമായിപ്പാഴായവർ

 നമ്മൾ ഏകാന്ത മരുഭൂവിനവകാശികൾ

പാതിരാപ്പാലകൾ പവിഴമല്ലിത്തറകൾ

 പ്രണയ സംഗീതത്തിനിന്നലകൾ

കൊഴിയുന്ന കരളിലെ ഭൂമികയിൽ,

കവിതകളേ നിങ്ങൾ  പറയൂവെൻ,

നക്ഷത്ര – ഹൃദയത്തിലെവിടെയാണാശകൾ ചുംബിച്ചത്..?

പുതിയ  നീലാംബരപ്പവിഴമല്ലിത്തറയിലെ-

വിടെയാണിന്നലകൾ പൂവിട്ടത്…? !

എവിടെയീ, ശിശിരവും സന്ധ്യയും,  മഞ്ഞും,

എവിടെ എന്നുടലിന്റെ തന്മാത്രയും.? !

കപട ലോകത്തിലെ ശകുനിശാസ്ത്രങ്ങളാൽ

  ശവമഞ്ചലേറി നാം  യാത്രയായി

എങ്കിലും പൂവായി വിരിയുന്നു

 ഞാനിവിടെയൊരിത്തിരി ചില്ലകളിൽ

  പൂങ്കിനാവായിപ്പടരുവാനായി

തേനായുദിക്കു നീ പ്രിയതോഴിയിന്നതിൽ

 പ്രണയപ്രസാദമായി ഞാനുണരാം.

അന്നവിടെ കീറിയ   ജീവിതക്കസവാട

ഒന്നേന്ന് പിന്നെയും  നെയ്തെടുക്കാം.

നവ സൂര്യ ലോകവും, ചന്ദ്ര പ്രകാശവും

 പുതിയ സ്വപ്‌നങ്ങളും പങ്ക് വയ്ക്കാം.

ജനിമൃതിയിൻ  ജനലഴിയിൽ കൈകൾ കൊരുക്കാം .

ജീവൽപ്രഭാതത്തിൽ പൂത്തുലയാം ..