സ്വാതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവം: വെബിനാർ നടത്തി

10
0

കണ്ണൂർ: ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വർത്തമാന കാലം നവീകരിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിൻ്റെ അമൃതോത്സവം സാർത്ഥകമാവുകയെന്ന് വെബിനാർ നിരീക്ഷിച്ചു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിനു കീഴിൽ കണ്ണൂരിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവൺമെൻറ് വിമൻസ് കോളജ് എൻ എസ് എസ് യൂണിറ്റുമായി ചേർന്നാണ് വെബിനാർ നടത്തിയത്.

കോളജ് പ്രിൻസിപ്പൽ ഡോ.സി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു.
ജനാധിപത്യാധിഷ്ഠിതമായ ഒരു നവലോക ക്രമം സൃഷ്ടിക്കുന്നതി നുള്ള ശ്രമമായിരുന്നു ഇന്ത്യൻ ദേശീയ പ്രസ്ഥാനം എന്ന് വെബിനാറിൽ പ്രഭാഷണം നടത്തിയ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗം അസോഷ്യേറ്റ് പ്രഫസർ വസിഷ്ഠ്എം സി പറഞ്ഞു.

ഇന്ത്യ എന്ന ദേശ രാഷ്ട്രം ലോക ഭൂപടത്തിൽ പ്രത്യക്ഷമായത് ദേശീയ പ്രസ്ഥാനത്തിനു ശേഷമാണ്.
മനുഷ്യൻ്റെ അന്തസിലും നന്മയിലും വിശ്വസിച്ചിരുന്ന പല ചിന്താധാരകളിൽ പെട്ട ദേശീയ നേതാക്കളെ പുതു തലമുറ എത്ര ഉൾക്കൊണ്ടു എന്നും അവരിൽ നിന്ന് എത്ര വ്യതിചലിച്ചു എന്നും വിലയിരുത്താൻ കാലമായെന്നും വസിഷ്ഠ് എം സി പറഞ്ഞു.

കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യു അധ്യക്ഷത വഹിച്ചു.
എൻ എസ് എസ് യൂണിറ്റ് ഭാരവാഹികളായ ഷഫ് ന റഫീഖ്, ഫിദ എന്നിവർ പ്രസംഗിച്ചു.