സനീഷ് കുമാര്‍ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

12
0

സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ട് തമിഴ്‌നാടുമായി ചര്‍ച്ച നടത്തി പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1988-ലാണ് പുനരവലോകന ചര്‍ച്ചകള്‍ ആരംഭിച്ചതെങ്കിലും അധികജലം പങ്കുവയ്ക്കുന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പരസ്പര ധാരണയാകാത്തതിനാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ സംബന്ധിച്ച് 25.09.2019-ല്‍ തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിതല യോഗത്തില്‍ കരാര്‍ പുതുക്കാന്‍ തമിഴ്‌നാട് സമ്മതമറിയിച്ചിരുന്നു. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സാങ്കേതിക അംഗങ്ങളുള്‍പ്പെടെ അഞ്ചംഗങ്ങള്‍ വീതമുള്ള കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ കമ്മിറ്റിയുടെ മൂന്ന് യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഈ യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യുന്നത് സംബന്ധിച്ച് ഒരു പ്രാരംഭ ചട്ടക്കൂടുണ്ടാക്കുന്നതില്‍ തമിഴ്‌നാടുമായി സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ പ്രകാരം ജലവിഭജനത്തിനും വിതരണത്തിനും അധികാരമുള്ള സംയുക്ത വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡിന്റെ യോഗങ്ങളുടെ എണ്ണം കൂട്ടാനും തമിഴ്‌നാട് സമ്മതിച്ചിട്ടുണ്ട്. പറമ്പിക്കുളം ഡാമില്‍ അനുവദിക്കാവുന്ന പരമാവധി ജലനിരപ്പ് നിശ്ചയിക്കേണ്ടതിന്റെ ആവശ്യകത ബോര്‍ഡ് യോഗങ്ങളില്‍ സംസ്ഥാനം ശക്തമായി ഉന്നയിക്കുന്നുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരം പറമ്പിക്കുളം-ആളിയാര്‍ കരാറിലുള്‍പ്പെടുന്ന എല്ലാ നദികളിലേക്കും ഉള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് (E-flow) നിലനിര്‍ത്തണമെന്നും -Eflow-യ്ക്കുള്ള വ്യവസ്ഥ പുതുക്കുന്ന കരാറില്‍ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.  
2018-ലെ പ്രളയത്തിനുശേഷം പെരിങ്ങല്‍കുത്ത് ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ ഒരു വിദഗ്ദ്ധസമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെയും ഡാം സേഫ്റ്റി റിവ്യൂ പാനല്‍ നടത്തിയ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഡാം ബലപ്പെടുത്തുന്നതിനുള്ള  പ്രവര്‍ത്തികള്‍ അവാര്‍ഡ് ചെയ്യുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി ഇടമലയാറിലേക്ക് കൂടുതല്‍ ജലം തിരിച്ചുവിട്ട് ചാലക്കുടി പുഴയിലേക്കുള്ള ജലത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയും.
ഈ വര്‍ഷം പറമ്പിക്കുളം ഡാം തുറന്നതിനാല്‍  പെരിങ്ങല്‍കുത്ത് ഡാം തുറക്കേണ്ട സാഹചര്യമുണ്ടായി.  ഇതേ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുകയും ചാലക്കുടി പുഴയോട് ബന്ധപ്പെട്ടു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.  

സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പൊതുവായ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.