‘വാക്‌സിൻ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല, അത് കേന്ദ്ര സർക്കാർ ചെയ്യണം’-സുപ്രീംകോടതി

277
0

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് നാല് ലക്ഷത്തോട് അടുക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ വാദം തുടരുകയാണ്. വിവിധ വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ചോദ്യങ്ങളുന്നയിച്ച സുപ്രീംകോടതി ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് തങ്ങൾ ഇടപെടുന്നതെന്ന് വ്യക്തമാക്കി.

പൗരന്മാർ സമൂഹ മാദ്ധ്യമങ്ങളിലൂടെ കൊവിഡ് കാല ദുരിതങ്ങൾ പങ്കുവച്ചാൽ അത് തെ‌റ്രായ വിവരമെന്ന് കരുതിയോ ആ വിവരങ്ങൾ പങ്കുവയ്‌ക്കുന്നത് വെട്ടിക്കുറയ്‌ക്കാനോ പാടില്ലെന്ന് കോടതി കേന്ദ്ര സർക്കാരിനോട് നി‌ർദ്ദേശിച്ചു. അങ്ങനെ ചെയ്‌താൽ കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കൊവിഡ് സംബന്ധിച്ച പ്രാദേശികമായ പ്രശ്‌നങ്ങൾ സംബന്ധിച്ച ഹർജികൾ പ്രാധാന്യമുള‌ളതാണെന്നും അവ ഹൈക്കോടതികളിലാണ് ഉന്നയിക്കേണ്ടതെന്നും ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

തുടർന്ന് സർക്കാരിനോട് രൂക്ഷമായ ചില ചോദ്യങ്ങളും ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആരാഞ്ഞു. ഓക്‌സിജൻ ടാങ്കറുകളും സിലിണ്ടറുകളും കൃത്യമായി വിതരണം ചെയ്യാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്? വിതരണം ചെയ്യുന്ന ഓക്‌സിജന്റെ കണക്കെത്രയാണ്? ഇന്റർ‌നെ‌റ്റ് സംവിധാനം ഇല്ലാത്തവ‌ർക്കും നിരക്ഷരർക്കും വാക്‌സിൻ വിതരണത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ എന്ത് നടപടിയാണ് സ്വീകരിക്കുക? 18നും 45നുമിടയിൽ രാജ്യത്തെ ജനസംഖ്യ എത്രവരും എന്നിങ്ങനെ ചോദ്യങ്ങൾ ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു.

കൊവിഡ് വാക്‌സിൻ വില സംബന്ധിച്ച് കോടതി വീണ്ടും കേന്ദ്രത്തിനോട് ചോദ്യങ്ങൾ ചോദിച്ചു. വാക്‌സിനുകൾക്ക് എന്തുകൊണ്ട് രണ്ട് വില വന്നു? അവയുടെ വില നിയന്ത്രിക്കണം. വില തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്നും അത് കേന്ദ്ര സർക്കാർ ചെയ്യണമെന്നും കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വില വാക്‌സിനുകൾക്ക് നൽകുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് വാക്‌സിൻ മുഴുവൻ കേന്ദ്ര സർക്കാർ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും സുപ്രീംകോടതി സർക്കാരിനോട് ആരാഞ്ഞു. കമ്പനികൾക്ക് നൽകിയ പൊതു ഫണ്ടുപയോഗിച്ചാണ് കമ്പനികൾ വാക്‌സിൻ ഉൽപാദിപ്പിക്കുന്നത്. അങ്ങനെ നോക്കിയാൽ വാക്‌സിൻ പൊതു ഉൽപന്നമാണെന്നും കോടതി നിരീക്ഷിച്ചു.