വള്ളം മറിഞ്ഞു മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം

217
0

വിഴിഞ്ഞം കടലിൽ ശക്തമായ കാറ്റിലും തിരയിലുംപെട്ടു വെള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്നു മത്സ്യത്തൊഴിലാളികളുടേയും ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ചു സർക്കാരിന്റെ അടിയന്തര സഹായമായി പതിനായിരം രൂപ ബന്ധുക്കൾക്കു കൈമാറി.

വിഴിഞ്ഞം സ്വദേശി സേവ്യർ, പൂന്തുറ സ്വദേശികളായ ഡേവിഡ്‌സൺ, ജോസഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. മരിച്ച മൂന്നു പേരുടേയും വീടുകളിലെത്തിയ മന്ത്രിമാർ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാർ നിശ്ചയിച്ചിട്ടുള്ള പൂർണ ധനസഹായം ഉടൻ നൽകുമെന്നു ബന്ധുക്കൾക്ക് ഉറപ്പു നൽകുകയും ചെയ്തു.

വിഴിഞ്ഞത്തു കടലിലേക്കുള്ള ചാനലിൽ മണ്ണു അടിഞ്ഞുകൂടിക്കിടക്കുന്നതുകൊണ്ട് ഈ ഭാഗത്ത് പതിവായി അപകടങ്ങൾ ഉണ്ടാകുന്നതായി മത്സ്യത്തൊഴിലാളികൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്നു (മേയ് 28) മുതൽ ഈ മണ്ണു നീക്കം ചെയ്യുന്നത് ആരംഭിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 93 മീറ്റർ വീതിയാണ് ഈ ചാനലിനുള്ളത്. ഈ ഭാഗത്തു തിരമാലയ്‌ക്കൊപ്പം മണ്ണ് അടിഞ്ഞുകൂടുന്നതു പതിവാണ്. ഇതു മത്സ്യത്തൊഴിലാളികൾക്കു ഭീഷണിയാകുന്നതിനാൽ ഈ സാഹചര്യം ഇല്ലാതാക്കുന്നതിനുള്ള നടപടിക്കായി പഠനം നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ ഇക്കാര്യത്തിൽ ശാശ്വത പരിഹാരമുണ്ടാകും.

കാലവർഷം വരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നു മന്ത്രി പറഞ്ഞു. ലൈഫ് ജാക്കറ്റ് അടക്കമുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ നിർബന്ധമായും ഉപയോഗിക്കണം. മത്സ്യബന്ധനത്തിനായി കടലിന്റെ ഏതു ഭാഗത്താണു പോകുന്നതെന്നു ഫിഷറീസ് അധികൃതരെ അറിയിക്കണം. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.