രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ മണ്ഡലം ലക്ഷ്യമാക്കി കാട്ടാക്കട

12
0

കാട്ടാക്കട നിയോജക മണ്ഡലത്തെ കാർബൺ ന്യൂട്രൽ നിയോജക മണ്ഡലമാക്കുന്നതിനുള്ള ബൃഹത് പദ്ധതിക്ക് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി. പ്രപഞ്ചത്തിലെ ജീവൻ എന്ന അത്ഭുത പ്രതിഭാസത്തിന്റെ സുപ്രധാന ഘടക മൂലകമാണ് കാർബൺ. എന്നാൽ കാർബൺ ഡൈ ഓക്സൈഡിന്റെ ക്രമാതീതമായ വർദ്ധനവ് ആഗോള താപനത്തിനും ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്നു. കാർബൺ ചക്രത്തിന് വലിയ പാരിസ്ഥിതിക പ്രാധാന്യമുണ്ട്. ഗാർഹിക മേഖലയിൽ നിന്നും ഗതാഗത മേഖലയിൽ നിന്നും വ്യാവസായിക പ്രവർത്തനങ്ങളിൽ നിന്നുമുള്ള കാർബൺ ബഹിർഗമനത്തിന്റെ ലഘൂകരണം, മണ്ണ് സംരക്ഷണം, ജല സംരക്ഷണം, ജൈവ കൃഷി വ്യാപനം, ശാസ്ത്രീയമായ മണ്ണ് പരിപാലനം, ഊർജ്ജ സംരക്ഷണം, അങ്ങനെ സുസ്ഥിര വികസനത്തിനായുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ കാട്ടാക്കട മണ്ഡലത്തെ കാർബൺ സന്തുലനത്തിലേക്ക് നയിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.

പ്രചരണഘട്ടമെന്ന നിലയിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ കേരളപ്പിറവി ദിനമായ നവംബർ 1 വരെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ ആണ് പദ്ധതിയിലെ ആദ്യ പ്രവർത്തനം. അനിയന്ത്രിതമായ കാർബൺ ബഹിർഗമനം കൊണ്ട് പ്രകൃതിക്കും ജീവജാലങ്ങൾക്കുമുണ്ടാക്കുന്ന ദോഷങ്ങൾ, കാർബൺ ബഹിർഗമനത്തെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ പറ്റിയുള്ള ബോധവത്കരണം എന്നിവയാണ് ക്യാമ്പയിൻ കാലയളവിലെ മുഖ്യ ലക്ഷ്യങ്ങൾ. ഇതിന്റെയടിസ്ഥാനത്തിൽ മണ്ഡലത്തിലെ എൽ.പി സ്കൂൾതലം മുതൽ കോളേജ് തലം വരെയുള്ള 45000 ത്തോളം വരുന്ന വിദ്യാർത്ഥികൾക്കാണ് ആദ്യ പ്രചരണ ഘട്ടത്തിൽ ബോധവത്കരണം നടത്തുക. ബോധവത്കരണത്തോടൊപ്പം മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ സഹായത്തോടെ റീസൈക്കിൾ ചെയ്യുവാൻ സാധിക്കുന്ന വസ്തുക്കൾ ശേഖരിക്കുക, ബോധവൽക്കരണ വീഡിയോ തയ്യാറാക്കൽ മത്സരം,
സെമിനാറുകൾ, ശില്പശാലകൾ എന്നിവയൊക്കെ ഈ ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കും.
കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഉദ്ഘാടനവും
വിദ്യാർത്ഥികൾക്ക് കാർബൺ ന്യൂട്രൽ എന്ന ആശയത്തെ പറ്റി അവബോധം നൽകുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിന് ഓൺലൈനായി സംഘടിപ്പിച്ച ശില്പശാലയും ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ബിജു.ബി ക്ലാസുകൾ കൈകാര്യം ചെയ്തു. ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദീൻ വിഷയാവതരണം നിർവ്വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ സന്തോഷ് കുമാർ, കാട്ടാക്കട എ.ഇ.ഒ ബീന കുമാരി, കാട്ടാക്കട ബി.ആർ.സിയിലെ ബി.പി.സി ശ്രീകുമാർ, നിഷ ആൻ ജേക്കബ്, നാറ്റ്പാക് ഉദ്യോഗസ്ഥർ എന്നിവർ ആശംകളറിയിച്ചു. മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും പ്രിൻസിപ്പൽമാർ, എച്ച്.എമ്മുകൾ, അദ്ധ്യാപകർ, പി.റ്റി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

പ്രചരണത്തിന്റെ രണ്ടാം ഘട്ടമായി റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, വിവിധ ക്ലബുകൾ എന്നിവർക്കായി നവംബർ 1 മുതൽ പുതു വർഷ പുലരി വരെ നീളുന്ന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും തുടർന്ന് മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കി കൊണ്ട് കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ നിയോജക മണ്ഡലമായി കാട്ടാക്കട നിയോജകമണ്ഡലത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.