മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

54
0

മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറഞ്ഞ കോടതി പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും അഭിപ്രായപ്പെട്ടു.

കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ജോർജ്ജ് വട്ടുകുളം നൽകിയ ഹർജിയിലാണ് സർക്കാരിന് വിമർശനം. പ്രതികൾക്കെതിരെ കോടതിയുടെ ഭാഗത്ത് നിന്നും എഴുനൂറിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാൾ ജാമ്യം നേടിയിരുന്നു എന്ന ദുർബലമായ വാദമാണ് എജിയുടെ ഭാഗത്ത് നിന്ന് മറുപടിയായി ഉണ്ടായത്. അതേസമയം ഒരാൾക്ക് ജാമ്യം കിട്ടി എന്നുപറഞ്ഞ് മറ്റുളളവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ഇത് തെളിവുനശിപ്പിക്കുന്നതിന് ഇടയാക്കും.വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

കൊറോണയുടെ പശ്ചാത്തലത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാഞ്ഞതെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ ഇത് ശരിയായ വിശദീകരണമല്ലെന്നും അറസ്റ്റിന് കൊറോണ തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് തിങ്കളാഴ്ച്ച സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് മണികുമാർ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.