പ്രതിപക്ഷ നേതാവ് ഇന്ന് (ജൂലൈ 23, 2021) നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്‍

29
0

തൃശൂര്‍ മലക്കപ്പാറ അരേക്കാപ്പിലെ ആദിവാസി കുടുംബങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ ചൊവ്വാഴ്ച ഇടമലയാറിലെത്തിയ പ്രതിപക്ഷ നേതാവ് ആദിവാസി കുടുംബങ്ങളുടെ ദുരവസ്ഥ നേരിട്ട് മനസിലാക്കുകയും പ്രശ്‌നപരിഹാരം ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

മലക്കപ്പാറയിലെ വാസയോഗ്യമല്ലാത്ത സ്ഥലത്ത് നിന്നും 12 കുട്ടികളും 11 സ്ത്രീകളും അടങ്ങുന്ന 39 അംഗ സംഘം ഇടമലയാറിലെ വൈശാലി ഗുഹയിലെത്തി താമസം തുടങ്ങി. ഇവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലിലേക്ക് മാറ്റി. ഇവിടെയാകട്ടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങളോ ഇല്ല. അരേക്കാപ്പില്‍ അനുവദിച്ച ഭൂമി തിരിച്ചെടുത്ത് പകരം തങ്ങളുടെ പൂര്‍വികര്‍ താമസിച്ചിരുന്ന ഇടമലയാറില്‍ പകരം ഭൂമി നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം. വൈശാലി ഗുഹയ്ക്ക് സമീപമുള്ള പ്രദേശം വനവിഭവങ്ങള്‍ ശേഖരിക്കാനും കൃഷിക്കും മത്സ്യബന്ധനത്തിനും അനുയോജ്യമാണെന്നും ആദിവാസികള്‍ പറയുന്നു. ഈ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്.

അരേക്കാപ്പില്‍ നിന്നും ഇവരെ മാറ്റി താമസിപ്പിക്കുന്നത് പരിഗണിക്കാമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവിന് ഉറപ്പ് നല്‍കി. ട്രൈബല്‍ ഹോസ്റ്റലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം സ്ഥലവും സൗകര്യങ്ങളും നല്‍കുമെന്നും മന്ത്രി അറിയിച്ചു.