പകർച്ച വ്യാധി; കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കണം

205
0

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി ഗ്യാരേജുകള്‍, പോലീസ് സ്റ്റേഷന്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കാലഹരണപ്പെട്ട വസ്തുക്കള്‍ തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സ്ഥാപന മേധാവികളുടെ നേതൃത്വത്തില്‍ സ്ഥാപനവും പരിസരവും മാലിന്യമുക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് തല സാനിറ്റേഷന്‍ സമിതികള്‍ യഥാസമയം വിളിച്ചുചേര്‍ത്ത് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ഉറപ്പാക്കണം. റബ്ബര്‍, പൈനാപ്പിള്‍ തോട്ടങ്ങളില്‍ കൊതുകു പെരുകുന്നതിനുള്ള സാധ്യത ഒഴിവാക്കുന്നതിനായി ചിരട്ടകള്‍ പോലുള്ള വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ സ്വീകരിക്കണം.

അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് വൃത്തിയുള്ള പരിസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പകര്‍ച്ചവ്യാധി, കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആവശ്യമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ അവരവരുടെ വീടും പരിസരവും വൃത്തിയാക്കി അണുനശീകരണം ചെയ്ത് ശുചീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മുകളിലും സണ്‍ഷേഡുകളിലും കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.