ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

122
0

ടൂറിസം വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിനു കീഴിലുള്ള വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന പരിപാടികളില്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കായിരിക്കും ആദ്യ പരിഗണന. പദ്ധതി നടത്തിപ്പിനായി വിവിധ വകുപ്പ് തലവന്‍മാരും ജില്ലാ ഭരണകൂടവുമായി അടിയന്തിര യോഗങ്ങള്‍ ചേരും.

വയനാട്, കോഴിക്കോട് സിറ്റി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തും.
വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ഫലപ്രദമായി ബന്ധിപ്പിച്ച് കൂടുതല്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. റോഡുകള്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കും. ലോകനിലവാരത്തിലുള്ള ശുചിമുറി സൗകര്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കായി ഒരുക്കും. മാലിന്യമുക്ത ടൂറിസം കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെയുള്ള ബൃഹദ് പദ്ധതിക്കും അടിയന്തിരമായി രൂപം നല്‍കും. മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ സമീപഭാവിയില്‍ കൂടുതല്‍ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാനാകും.

അറബ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ സ്ഥിരതാമസക്കാരായ മലയാളികളെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയോഗിച്ച് സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.