കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവന നൽകുക : മേയർ

145
0

നഗരസഭയുടെ കോവിഡ് കൺട്രോൾ റൂം പ്രവർത്തനങ്ങൾ നഗരവാസികൾക്കാകെ ആശ്വാസമായി പ്രവർത്തിക്കുകയാണ്. കൺട്രോൾറൂം കോൾസെൻററും മെഡിക്കൽ സംഘവും വോളന്റിയർമാരുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ആയിരത്തിലേറെ രോഗികൾക്ക് സാന്ത്വനമാകാൻ മെഡിക്കൽ സംഘത്തിനായി. മേയറുടെ ആഹ്വാനം ഉൾക്കൊണ്ട് നിരവധിപേർ സംഭാവനയായി മരുന്നുകളും കോവിഡ് പ്രതിരോധ സാമഗ്രികളും നൽകി. ഇന്ന് നഗരസഭയുടെ പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ എന്നിവർ കൺട്രോൾ റൂം സന്ദർശിച്ചു. കൺട്രോൾ റൂം പ്രവർത്തനത്തിനാവശ്യമായ പ്രതിരോധ സാമഗ്രികളും മരുന്നുകളും സംഭാവന നല്കണമെന്ന മേയറുടെ അഭ്യർത്ഥന നഗരവാസികൾ ഏറ്റെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. മെഡിക്കൽ കോളേജ് വാർഡിലെ ശ്രീമൂലം റസിഡൻസ് അസോസിയേഷൻ നൽകിയ മരുന്നുകളും പ്രതിരോധ സാമഗ്രികളും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി. ACV ചാനൽ സംഭാവനയായി നൽകിയ ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഏറ്റുവാങ്ങി. അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ., സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.സലിം, ഡി.ആർ.അനിൽ, പി.ജമീല ശ്രീധരൻ, ഡോ . റീന.കെ.എസ്. എസ്.എം.ബഷീർ എന്നിവർ സന്നിഹിതരായിരുന്നു. കൺട്രോൾ റൂം പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിന് CPI(M) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നഗരസഭയിൽ എത്തി. നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തി. അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ നഗരസഭ പുനരധിവസിപ്പിച്ച യാചകർക്ക് ഇന്ന് RTPCR ടെസ്റ്റ് നടത്തി. നഗരത്തിൽ അലഞ്ഞുതിരിയുന്ന മുഴുവൻ പേരെയും പുനരധിവാസിപ്പിക്കുമെന്ന് മേയർ അറിയിച്ചു. കോവിഡ് രോഗികളെ കണ്ടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായുള്ള ജിയോടാഗിംഗ് ആരംഭിച്ചു. വിവിധ വാർഡുകളിൽ പരിശീലനം സിദ്ധിച്ച വോളൻറിയർമാർ ആണ് ഇക്കാര്യത്തിൽ സഹായിക്കുന്നത്. നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരവാസികളുടെ പൂർണ്ണപിന്തുണ മേയർ അഭ്യർത്ഥിച്ചു. PPE Kit, N-95 മാസ്ക്, ഫെയ്സ് ഷീൽഡ്, പാരസെറ്റാമോൾ, സർജിക്കൽ മാസ്ക്, മൈക്രോപോർ 2 ഇഞ്ച്, ഹൈഡ്രോകോർട്ടിസോൾ ഇഞ്ചക്ഷൻ എന്നിവ അടിയന്തിരമായി നഗരസഭാ കൺട്രോൾ റൂമിലേക്ക് നൽകാൻ സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധമാകണമെന്ന് മേയർ അഭ്യർത്ഥിച്ചു.