കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്കു നിവേദനം നൽകി

74
0

സംസ്ഥാനത്ത് ബാങ്കേഴ്സ് സമിതി യോഗം വിളിക്കണം:
തിരക്ക് കുറഞ്ഞ വ്യാപാര സ്വഭാവമുള്ള സ്ഥാപനങ്ങൾ തുറക്കണം.
വാക്സിനേഷൻ നടത്തിയവരെ ഉൾപ്പെടുത്തി പൊതുപരിപാടികൾ നടത്തണം

വ്യാപാരികളുടെ വിവിധ വായ്പകൾ തിരിച്ചടവ് മുടങ്ങി NPA ആകുന്നു. സിബിൽ സ്കോറിംഗും ഗണ്യമായി കുറയുന്നു. തന്മൂലം പുതിയ വായ്പകൾ ലഭിക്കുന്നതിന് പ്രയാസം നേരിടുന്നു. ഈ പ്രതിസന്ധി കാലഘട്ടത്തെ അതിജീവിക്കുവാൻ ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തികമായി സഹായം ലഭിച്ചാൽ മാത്രമേ കഴിയൂ എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോബി. വി. ചുങ്കത്ത്, നേതാക്കളായ ശ്രീ. ടി. എഫ്. സെബാസ്റ്റ്യൻ, ശ്രീ. സി.എച്. ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണൻ, എസ്. എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതി യോഗം വിളിക്കണം. സാമ്പത്തിക പ്രതിസന്ധിമൂലം ഒരു വ്യാപാരി കൂടി ആത്മഹത്യ ചെയ്യുവാൻ പാടില്ല.

സിബിൽ സ്കോർ കുറഞ്ഞതും വായ്പാ അക്കൗണ്ടുകൾ NPA(Non Performing Asset) ആകുന്നതും കച്ചവട മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമാണ്.
2020, ഫെബ്രുവരി 28ന് ഉണ്ടായിരുന്ന സിബിൽ സ്കോർ കോവിഡ് പ്രതിസന്ധി തീരും വരെ രാജ്യത്തെ എല്ലാ പൗരന്മാർക്കും അതേപടി നിലനിർത്തുന്നതു കൊണ്ടും, 1/7/2021 മുതൽ വായ്പാ അക്കൗണ്ടുകൾ NPA ആക്കുന്ന ബാങ്കുകളുടെ നടപടികൾ നിർത്തി വയ്ക്കുന്നതു കൊണ്ടും രാജ്യത്തിന്റെ സാമ്പത്തിക ഘടനയ്ക്ക് കോട്ടം വരില്ലായെന്ന് മാത്രമല്ല, ബാങ്കുകൾക്കും നഷ്ടം സംഭവിക്കില്ല.
കച്ചവടക്കാരുടെ നിലവിലുള്ള വായ്പകളിൽ, വായ്പാ തുകക്ക് അനുസൃതമായി കുറഞ്ഞത് 20% അധിക വായ്പയെങ്കിലും അതേ ബാങ്കിൽ നിന്നും ദീർഘകാലാവധിക്ക് അനുവദിക്കുന്നതിന് നിർദേശം നൽകണം.
സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ കോവിഡ് പാക്കേജിന്റെ ഭാഗമായുള്ള വ്യാപാര ലോൺ എത്രയും വേഗം വിതരണം ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

TPR അനുസൃതമായി നിർണയിക്കപ്പെട്ട കാറ്റഗറികളിലെ സ്ലാബ് തുടക്കത്തിൽ നിശ്ചയിച്ച പ്രകാരം പുനർനിശ്ചയിക്കണമെന്നും, TPR 0% – 8% വരെ A കാറ്റഗറിയായും, 8% – 20% വരെ B കാറ്റഗറിയായും 20% – 30% C കാറ്റഗറിയായും 30% മുതൽ D കാറ്റഗറിയായും പുനർനിർണയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ABC കാറ്റഗറികളായ തദ്ദേശ ഭരണ പ്രദേശങ്ങളിൽ റസ്റ്റോറന്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50% ഇരിപ്പിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്ന് അനുമതി നൽകണം.

പാത്രങ്ങൾ, ഹോം അപ്ലയൻസസ് വിൽക്കുന്ന കടകൾ, ഫോട്ടോസ്റ്റുഡിയോകൾ, ഫർണ്ണിച്ചർ കടകൾ, വാഹന ഷോറൂമുകൾ, ടയർ & അലൈൻമെന്റ് സ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങളിൽ പെടുന്ന വ്യാപാര കേന്ദ്രങ്ങൾ ഉപഭോക്താക്കളുടെ തിരക്ക് അനുഭവപ്പെടുന്ന വ്യാപാര സ്വഭാവം ഉള്ളതല്ല. പ്രസ്തുത സ്ഥാപനങ്ങൾ കൂടി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കല്ല്യാണങ്ങൾക്കും , മറ്റ് അഘോഷ പരിപാടികൾക്കുമായി ഓഡിറ്റോറിയങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിക്കനുസരിച്ച് 25%- 50% വരെയെങ്കിലും ആളുകളെ ഉൾപ്പെടുത്തി പ്രവർത്തനാനുമതി നൽകിയാൽ കാറ്ററിംഗ് വ്യവസായ മേഖലയും , അതിലെ തൊഴിലാളികൾക്കും വലിയ ആശ്വാസമാകും എന്നതിനാൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.

പന്തൽ -ഡെക്കറേഷൻ – ലൈറ്റ് & സൗണ്ട് മേഖലയിലെ സംരംഭകരും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യണമെങ്കിൽ അവർക്ക് പ്രവർത്തിക്കുവാൻ അനുമതി വേണം. കോവിഡ് വാക്സിനേഷൻ എടുത്തവരെയും, 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും മാത്രം അനുവദിച്ച് കൊണ്ട് 200 പേരെ വരെ ഉൾക്കൊള്ളിച്ച് കൂട്ടായ്മകൾ അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നേതാക്കൾ ഇന്ന് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
പ്രസ്തുത ആവശ്യങ്ങൾ അടുത്ത അവലോകന യോഗത്തിൽ അവതരിപ്പിക്കുമെന്ന് നേതാക്കൾക്ക് ഉറപ്പ് ലഭിച്ചു.