കേന്ദ്രമന്ത്രി പർഷോത്തം രുപാലയുമായി മന്ത്രി ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി; വെറ്റിനറി ആംബുലൻസ്‌ ഉദ്‌ഘാടനം രണ്ടു മാസത്തിനകം

4
0

കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പർഷോത്തം രുപാലയുമായി സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി. കേന്ദ്രസർക്കാർ കേരളത്തിനു അനുവദിച്ച 29 വെറ്റിനറി മൊബൈൽ ആംബുലൻസിനുള്ള ഫണ്ട് കൈമാറിയതായി കേന്ദ്രമന്ത്രി അറിയിച്ചു. 4.6 കോടി രൂപയാണ് ആംബുലൻസ് വാങ്ങുന്നതിനു അനുവദിച്ചത്. ഒരു ആംബുലൻസിന് 16 ലക്ഷം രൂപ വീതം 29 ആംബുലൻസുകൾക്കാണു ഫണ്ട് കൈമാറിയത്. എല്ലാ നടപടികളും പൂർത്തിയാക്കി രണ്ടു മാസത്തിനകം ഉദ്ഘാടനം നടത്തുമെന്നു മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മന്ത്രിയെ അറിയിച്ചു. കേരളം നേരത്തെ നൽകിയിരുന്ന പ്രൊപ്പോസലാണിത്. ഒരു ലക്ഷം കന്നുകാലികൾക്ക് ഒരു ആംബുലൻസ് എന്ന കണക്കിന് 29 സ്ഥലങ്ങളിൽ ഇതിന്റെ പ്രയോജനം ലഭിക്കും. കേരളത്തിൽ നിലവിലെ കണക്കനുസരിച്ച് 30 ലക്ഷം കന്നുകാലികളാണുള്ളത്.

കന്നുകാലികൾക്ക് ഉള്ളതു പോലെ കോഴി കർഷകരെ സഹായിക്കുന്നതിനു പൗൾട്രി ഇൻഷുറൻസ് ഏർപ്പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.
കേരളത്തിലെ മുഴുവൻ കന്നുകാലികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തുതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റേഡിയോ ഫ്രീക്വൻസി ടെക്‌നോളജി ഉപയോഗിച്ചുള്ള ചിപ്പുകൾ കന്നുകാലികളിൽ ഘടിപ്പിക്കുന്ന രീതി പൈലറ്റ് പദ്ധതിയായി കേരളം നടപ്പിലാക്കി വിജയിപ്പിച്ചാൽ പൈലറ്റ് പദ്ധതിയായി കേരളം ഇത് നടപ്പാക്കി വിജയിപ്പിച്ചാൽ കേന്ദ്രം പദ്ധതി ഏറ്റെടുത്ത് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകി.
കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി സജീവ് കുമാർ ബല്യാണുമായുള്ള കൂടിക്കാഴ്ചയിൽ പാലോട് വാക്‌സിൻ കേന്ദ്രത്തിന്റെ അടിസ്‌ഥാനസൗകര്യ വികസനം മുതൽ കാലിത്തീറ്റയുടെ വില കുറയ്ക്കുന്നതിനു വൈക്കോൽ പോലുള്ള ഘടകങ്ങൾ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് വരെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
എല്ലാ വിഷയങ്ങളിലും അനുഭാവ പൂർണമായ ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കൂടാതെ പുതുതായി ചില സാമ്പത്തിക
സഹായം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.

*ശുദ്ധമായ പാലുല്പാദനം പ്രോത്സാഹിപ്പിക്കാൻ ആധുനിക കാലിത്തൊഴുത്തുകളുടെയും ചാണകക്കുഴികളുടെയും നിർമ്മാണവും നവീകരണവും

  • ബയോഗ്യാസ് പ്ലാന്റുകളുടെ നിർമ്മാണം

*പാൽ സൊസൈറ്റികളിൽ സോളാർ പവർപ്ലാന്റ് നിർമ്മാണം

*മീഥലിൻ ബ്ലൂ റിഡക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പാൽ ഉല്പാദിപ്പിക്കുന്ന ക്ഷീര കർഷകർക്ക് ഇൻസെന്റീവ്

*അഫ്‌ളാടോക്‌സിൻ എം.1ന്റെയും ആന്റിബയോട്ടിക്‌സിന്റെയും അവശിഷ്ടങ്ങൾ കൂടാതെ പാലുല്പാദിപ്പിക്കുന്ന ക്ഷീര കർഷകർക്ക് അധിക ഇൻസെന്റീവ്

*പ്രാദേശിക പാൽ യൂണിയനുകൾക്ക്
നൂതനമായ പാലുലാപദന വികസനത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള സാമ്പത്തിക സഹായം

*മൊബൈൽ ഫുഡ് ട്രക്ക് ഉൾപ്പെടുന്ന കോൾഡ് ചെയിൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാമ്പത്തിക സഹായം

  • ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയും ഡയറി കോർപ്പറേറ്റീവ് സൊസൈറ്റിയെയും ബന്ധിപ്പിച്ച് മിൽക്ക് വാല്യു പേമന്റ് സിസ്റ്റം കൂടുതൽ ഫലപ്രദവും സുതാര്യവുമാക്കാൻ വേണ്ടിയുള്ള സാമ്പത്തിക സഹായം.

എന്നീ മേഖലകളിലാണ് സാമ്പത്തിക സഹായം അവശ്യപ്പെട്ടത്. ഇവ പരിഗണിക്കുമെന്നും വിശദമായ പ്രൊപ്പോസൽ നൽകാനും കേന്ദ്രമന്ത്രി നിർദേശിച്ചു.

നാടൻ പശുക്കളെ പ്രത്യേകം പരിപാലിക്കുന്നതിനായി കേരളം മുന്നോട്ടു വച്ച പ്രൊപോസലും തത്വത്തിൽ അംഗീകരിചിട്ടുണ്ട്.

കേന്ദ്രസർക്കാർ വെച്ചൂർ പശുക്കളെ മാത്രമാണ് നാടൻ ഇനത്തിൽ ഇതുവരെ കണക്കാക്കിയിട്ടുള്ളത്. കേരളത്തിലെ തനതു ജനുസുകളായ കാസർഗോഡ് കുള്ളൻ, ചെറുവള്ളി, കുട്ടംപുഴ (പെരിയാർ എന്നറിയപ്പെടുന്നു), വില്വാദ്രി എന്നീ ഇനം പശുക്കളെയും നാടൻ ഇനങ്ങളായി അംഗീകരിക്കണം എന്നതാണ് ആവശ്യപെട്ടത്.
സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

സങ്കരയിനം കന്നുകാലികളിലെ രണ്ടാംതലമുറ രോഗങ്ങക്കു പരിഹാരം കാണാനായി രാഷ്ട്രീയ ഗോകുൽ ഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

പാലോട് വാക്‌സിൻ ഉല്പാദന കേന്ദ്രത്തിൽ ഫ്‌എംഡി എച് എസ് സംയുക്ത വാക്‌സിൻ തയ്യാറാക്കുന്നതിനു ബൈ ബാക്ക് ഗ്രാററന്റിയിൽ സഹകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കാലിത്തീറ്റയുടെ പ്രധാന ഘടകമായ വയ്‌ക്കോൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നതിനും ഗുണമേന്മ ഉറപ്പു വരുത്തന്നതിനും ഇടപെടാമെന്നു മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ അസ്‌കാഡ് ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താവുതാണ്. സങ്കരയിനം
അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ഉല്പാദനത്തിന് കേരളം സമർപ്പിച്ച സെക്‌സ്ഡ് സെമൻ കൺസർവേഷൻ ആന്റ് പ്രൊപ്പഗേഷൻ ഓഫ് എലീറ്റ് ജെംപ്ലാസം എന്ന പ്രോജക്ടിനു അംഗീകാരം നല്കുമെന്ന് മന്ത്രി പറഞ്ഞു.

ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ചിന് കീഴിൽ കേരളത്തിലെ വെറ്റിനറി സർവ്വകലാശാല വിദേശ സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ഗവേഷണങ്ങൾക്ക് കേന്ദ്രസർക്കാർ പ്രോത്സാഹനവും ധനസഹായവും നൽകും.

രാജ്യത്തെ ഏറ്റവും ശക്തമായ പഞ്ചായത്ത് സംവിധാനമാണ് കേരളത്തിലുള്ളത്. സംസ്ഥാന ബജറ്റിന്റെ 40% ചെലവഴിക്കുന്നത് സ്വയം ഭരണ സ്ഥാപനങ്ങളാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തിന്റെ കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കാൻ ഈ സംരംഭം ഉപയോഗിക്കണം. ഇതിനായി കേന്ദ്ര സർക്കാരിന്റെ റിസേർച്ച് & ഡവലപ്പ്മെന്റ് ഫണ്ടുകൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശികൻ, ജോയിന്റ് സെക്രട്ടറിമാരായ ഒ.പി.ചൗധരി, വർഷ ജോഷി, ഉപമന്യു ബസു എന്നിവർ പങ്കെടുത്തു.