കാശ്മീരിൽവിവിധയിടങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്‌ഡ്

29
0

ജമാ അത്ത് ഇ ഇസ്ലാമി സംഘടനാ നേതാവിന്റെ വീട്ടിലും പരിശോധന നടക്കുകയാണ് . എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാന്‍, ആനന്ദ്‌നാഗ്, ബന്ദിപ്പോറ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് പരിശോധന നടക്കുന്നത്.

എൻഐഎയും സിആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. നാല്‍പ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. അതേസമയം ഷോപ്പിയാനിലെ മല്‍ദേര, നദിഗാം എന്നീ മേഖലകളില്‍ റെയ്‌ഡ് പൂര്‍ത്തിയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ വിവിധയിടങ്ങളില്‍ പരിശോധന നടത്തുകയും കുറച്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പ്രദേശത്ത് ഭീകര സംഘടനകളുമായി ബന്ധമുള്ളവർ പിടിമുറുക്കുന്നു എന്ന വിവരം ലഭിച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്‌. തുടർന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയീദ് സലാഹുദ്ദീന്റെ രണ്ട് മക്കളെ ഉൾപ്പെടെ ഭീകര ബന്ധം പുലർത്തിയിരുന്ന നിരവധി പേരെ ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി അന്ന് കണ്ടെത്തിയത്. സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീല്‍, ഷാഹിദ് യൂസുഫ് എന്നിവരായിരുന്നു പിരിച്ചുവിട്ടവരിലെ പ്രധാനികള്‍. ഇവരില്‍ ഒരാള്‍ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാള്‍ സ്‌കീംസിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു.