കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം

11
0

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം. മൂന്നു ഭീകരരെ വധിച്ചതായാണ് റിപ്പോർട്ട്. നിയന്ത്രണ രേഖയില്‍ അടുത്തിടെ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണ് സുരക്ഷാ സേന തകർത്തെറിഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസമായി ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണ രേഖയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തത്. ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് പ്രധാനമായും ആക്രമണം നടത്തിയത്. ഉറി സെക്ടറില്‍ ഇന്റര്‍നെറ്റ് സര്‍വീസും മൊബൈല്‍ സര്‍വീസും തിങ്കളാഴ്ച രാവിലെ മുതല്‍ റദ്ദാക്കിയിരുന്നു.

അതേസമയം ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഉറി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. 2016 സെപ്റ്റംബര്‍ 16ന് ഉറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനില്‍നിന്ന് ആറ് ഭീകരരുടെ സംഘം ഇന്ത്യന്‍ മേഖലയിലേക്കു നുഴഞ്ഞുകയറിയതായി സംശയമുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കുന്നത് ആദ്യമായാണ്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്.
ഫെബ്രുവരിക്കു ശേഷം പാകിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമൊന്നും ഉണ്ടായിട്ടില്ലെന്നും സൈന്യം അറിയിച്ചു. അതേസമയം ഉറി മേഖലയിലുൾപ്പെടെ ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ് സൈന്യം