എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം

148
0

ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം. ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

കടുത്ത പനി, തലവേദന, പേശി വേദന, വിറയല്‍ എന്നിവയും കണ്ണിനു ചുവപ്പ്, മൂത്രത്തിനു മഞ്ഞനിറം തുടങ്ങിയവയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടണം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ സൗജന്യചികിത്സ ലഭിക്കും.

കൃഷിയിടങ്ങളിലും മലിനജലത്തിലും ജോലി ചെയ്യുന്നവര്‍ കാലുറ, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മലിന ജലത്തില്‍ മുഖം കഴുകുകയോ, കുളിക്കുകയോ ചെയ്യരുത്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി ജലവുമായി സമ്പര്‍ക്കത്തില്‍വരുന്ന ജോലി ചെയ്യുന്നവര്‍ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഭക്ഷണത്തിനുശേഷം കഴിക്കണം. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും.

എലി പെരുകുന്നത് ഒഴിവാക്കാന്‍ ഭക്ഷണസാധനങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലും ചപ്പുചവറുകള്‍ കുന്നുകൂടാതിരിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധവയ്ക്കണം. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങി കളിക്കാതിരിക്കുവാനും ഇറങ്ങി മീന്‍ പിടിക്കാതിരിക്കുവാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശംവച്ചിരിക്കുന്നവര്‍ സറണ്ടര്‍ ചെയ്യണം

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവച്ചിരിക്കുന്നവര്‍ ഈ മാസം 30നു മുന്‍പു കാര്‍ഡ് സറണ്ടര്‍ ചെയ്യണമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍. റേഷന്‍ കടകള്‍ മുഖേനയോ ഇ-മെയിലായോ പിഴ കൂടാതെ സറണ്ടര്‍ ചെയ്യാം.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ മേഖലയിലെ ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍നിന്നു വിരമിച്ച് 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവരും 10000 രൂപ വരെയുള്ള സ്വാതന്ത്ര്യ സമര പെന്‍ഷന്‍ വാങ്ങുന്നവരും ഒഴികെയുള്ള സര്‍വീസ് പെന്‍ഷന്‍കാര്‍, ടാക്സി ഒഴികെ സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍, പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, സ്വന്തമായി ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ എന്നിവരാണ് പ്രധാനമായി ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നതെന്നു സപ്ലൈ ഓഫിസര്‍ അറിയിച്ചു.

അതതു റേഷന്‍ കടകള്‍ക്കു പുറമെ താലൂക്ക് സപ്ലൈ ഓഫിസ് നെയ്യാറ്റിന്‍കര (tsonta12@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് കാട്ടാക്കട (tsoktda2015@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് നെടുമങ്ങാട് (tsonedumangad@gmail.com), സിറ്റി റേഷനിങ് ഓഫിസ് സൗത്ത്(crosouthvanchiyoor@gmail.com) സിറ്റി റേഷനിങ് ഓഫിസ് നോര്‍ത്ത് (crontvpm@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് തിരുവനന്തപുരം (tsotvpm@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് വര്‍ക്കല(tsovarkala@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് ചിറയിന്‍കീഴ്(tsoattingal@gmai.com) എന്നിവ വഴിയും കാര്‍ഡ് സറണ്ടര്‍ ചെയ്യാം.

വായന പക്ഷാചരണം: വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു. വായിച്ചിട്ടുള്ള പുസ്തകത്തെക്കുറിച്ച് രണ്ടു പേജില്‍ കവിയാത്തവിധം ആസ്വാദന കുറിപ്പ് തയാറാക്കി vayana.prd2021@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ഒപ്പം വിദ്യാര്‍ഥിയുടെ സ്‌കൂള്‍, ക്ലാസ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ അടങ്ങുന്ന ബയോഡാറ്റയും അയക്കണം. മൂന്നു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും. ജൂലൈ ഏഴിനു വൈകിട്ട് അഞ്ചിനു മുന്‍പ് ലഭിക്കത്തക്കവിധമാണ് കുറിപ്പുകള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2731300.

നിയമസഭാ തെരഞ്ഞെടുപ്പ്; ചെലവു കണക്കുകള്‍ സമര്‍പ്പിക്കണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ചെലവു കണക്കുകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജൂണ്‍ 30നു മുന്‍പ് കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ക്കു നല്‍കണമെന്നു ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് നാളെ (ജൂണ്‍ 23) രാത്രി 11.30 വരെ 1.8 മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.