എട്ട് വർഷമായിട്ടും ആശ്രിതനിയമനം നടത്താതെ സർക്കാർ വഞ്ചിക്കുന്നുവെന്ന് പരാതി

132
0

ആരോഗ്യ വകുപ്പിൽ സർവീസിലിരിക്കെ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്ന് പരാതി. എട്ട് വർഷമായിട്ടും ആശ്രിതനിയമനം നടത്താതെ സർക്കാർ വഞ്ചിക്കുന്നുവെന്നാണ് നിയമനം കാത്ത് കഴിയുന്നവർ പറയുന്നത്. വിഷയത്തിൽ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം. ജോലിക്കിടെ മരിച്ച ആരോഗ്യ വകുപ്പിലെ ഇരുന്നൂറ്റി അമ്പതിലേറെ ജീവനക്കാരുടെ കുടുംബങ്ങളാണ് നീതി ലഭിക്കാതെ ദുരിതക്കയത്തിൽ പെട്ട് കിടക്കുന്നത്. സർവീസിലിരിക്കെ എൻഡോസൾഫാൻ ബാധിതനായി മരിച്ച ബാലകൃഷ്ണന്‍റെ കുടുംബം മുതൽ കടബാധ്യതമൂലം വീട് ജപ്തി ഭീഷണിയിൽ ഇരിക്കുന്നവർ വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇതിൽ പലരും 2010 മുതൽ നിയമന ഉത്തരവ് കയ്യിൽ ലഭിച്ച് കാത്തിരിക്കുന്നവരാണ്. എന്നാൽ പിന്നീട് തുടർനടപടികൾ ഒന്നും ഉണ്ടായില്ല. അകാലത്തിൽ മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങൾക്കായി തുടങ്ങിയ സമാശ്വാസ തൊഴിൽദാനപദ്ധതി അട്ടിമറിക്കപ്പെട്ടെന്ന് ഇവർ ആരോപിക്കുന്നു. നിപ്പ, കോവിഡ് മഹാമാരി കാലങ്ങളിൽ മുന്നണി പോരാളികളായിരുന്നു മരിച്ച ഭൂരിഭാഗം ജീവനക്കാരും. ഇവരുടെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. നിയമന ഉത്തരവ് ഉള്ളതിനാൽ ഇവര്‍ക്ക് മറ്റ് ജോലികൾക്കും പോകാൻ സാധിക്കാത്ത അവസ്ഥയാണ്.