ആറ്റിങ്ങൽ നഗരത്തിലെ ആദ്യ ഡിജിറ്റൽ സ്കൂളായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി

90
0

പട്ടണത്തിൽ ആദ്യത്തെ ഡിജിറ്റൽ സ്കൂളായി ഗവ.ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു. സ്കൂൾ അങ്കണത്തി വച്ച് നടന്ന പരിപാടിയിൽ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം എം.എൽ.എ ഒ.എസ് അംബിക നിർവ്വഹിച്ചു. കൂടാതെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള നാലാം ഘട്ട മൊബൈൽ ഫോൺ വിതരണവും നിർവ്വഹിച്ചു. ക്യൂ ബർസ്റ്റ് എന്ന സ്ഥാപനം 10 ഫോണുകൾ സംഭാവന ചെയ്തു. അധ്യാപകരുടെ സ്നേഹക്കൂട്ടായ്മയിലുടെ നിർധനരായ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 7 ഫോണുകളും വിതരണം ചെയ്തു. ഈ അധ്യയന വർഷം 40 ൽ അധികം ഫോണുകളാണ് ഫോൺ ലൈബ്രറി പദ്ധതിയിലൂടെ സ്കൂളിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. ഇതിലൂടെ 150 ഓളം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കാൻ സാധിച്ചു. ഇത്തരത്തിൽ പരമാവധി കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയതിലൂടെ പട്ടണത്തിലെ സമ്പൂർണ ഡിജിറ്റൽ സ്കൂളാവാൻ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സാധിച്ചു. ഇങ്ങനെ ലഭ്യമാവുന്ന ഫോണുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ വിദ്യാർത്ഥികൾക്കൊപ്പം രക്ഷകർത്താക്കളും ശ്രദ്ധിക്കണമെന്ന് എം.എൽ.എ അറിയിച്ചു. കൂടാതെ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച 5000 രൂപ നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് കൈമാറി.

നഗരസഭ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് വി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ, പ്രിൻസിപ്പൽ ലത.ആർ.എസ്, ഹെഡ്മിസ്ട്രസ് ലത.എസ്.നായർ, സ്റ്റാഫ് സെക്രട്ടറി സഫീനബീവി, ക്യൂബർസ്റ്റ് അസോസിയേറ്റ് ആർക്കിടെക്ക് നിതിൻ തുടങ്ങിയവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.