ആര്‍ബിഐ മുന്നറിയിപ്പ് : പ്രതിരോധ നടപടികള്‍ക്കായി ആലോചനാ യോഗം

8
0

ശക്തമായി ചെറുക്കുമെന്ന് സഹകരണ മന്ത്രി

  • സഹകരണ സംഘം അസോസിയേഷനും ജീവനക്കാരുടെ സംഘടനാ നേതാക്കളും പങ്കെടുത്തു *

റിസര്‍വ്വ് ബാങ്ക് പത്രക്കുറിപ്പിലൂടെ നല്‍കിയ മുന്നറിയിപ്പുകള്‍ നേരിടാന്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ അടിയന്തര നടപടികള്‍. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിങ് ഭേദഗതി നിയമഭദഗതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന വാര്‍ത്താക്കുറിപ്പിറക്കിയത്. സുപ്രീം കോടതി റദാക്കിയ നിയമഭേദഗതി മറ്റൊരു രൂപത്തില്‍ നടപ്പിലാക്കുന്നതിനായാണ് വ്യവസ്ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. റിസര്‍വ്വ് ബാങ്കിന്റെ നടപടി പ്രതിരോധിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ചയാണ് സഹകാരികളെയും പ്രാഥമിക സഹകരണ സംഘം അസോസിയേഷനെയും സംഘടിപ്പിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക സഹകരണ സംഘം അസോസിയേഷന്‍ ( പിഎസിഎസ് അസോസിയേഷന്‍ ) നേതാക്കളുമായും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ച നടന്നു. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. മന്ത്രിക്കു പുറമെ സഹകരണ സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, PACS അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.ജോയ് എം എൽ എ എന്നിവരും പങ്കെടുത്തു.
റിസര്‍വ്വ് ബാങ്കിന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനിച്ചു. സര്‍ക്കാരിനായി സഹകരണ വകുപ്പും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി അസോസിയേഷനും റിസര്‍വ്വ് ബാങ്കിന് നിവേദനം നല്‍കും. തുടര്‍ ചര്‍ച്ചകളുടെ സാദ്ധ്യതയും പരിശോധിക്കും. കേരളത്തിലെ സഹകരണ മേഖലയുടെ പ്രത്യേകതയെ കുറിച്ച് ബോദ്ധ്യപ്പെടുത്താനും ശ്രമിക്കും. ഇതിനു പുറമെ നിയമപരമായ നീക്കങ്ങളും നടത്തും. ഇതിനായി സഹകരണ വകുപ്പ് മന്ത്രി നിയമ വിദഗ്ദ്ധരുമായി ശനിയാഴ്ച വിശദമായ ചര്‍ച്ച നടത്തും. പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 29ന് സഹകരണ സംഘം അസോസിയേഷന്‍ പ്രതിനിധികളുടയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെയും വിപുലമായ യോഗം ചേരും. റിസര്‍വ്വ് ബാങ്ക് വാര്‍ത്താക്കുറിപ്പ് പുറത്തു വന്നതിനെ തുടര്‍ന്ന് ആശങ്കയിലായ സഹകാരികളെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതിനും തത്വത്തില്‍ തീരുമാനിച്ചു. പ്രാദേശിക തലത്തിലുള്ള പരിപാടികള്‍ 29 ന് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.
സഹകാരികള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടെന്ന് യോഗത്തില്‍ സംസാരിച്ച സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. റിസര്‍വ്വ് ബാങ്കിന്റെ നീക്കങ്ങളെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അടിയന്തര പ്രാധാന്യത്തോടെ പ്രതിരോധ നടപടികളും സ്വീകരിക്കുന്നു. നേരത്തേ തന്നെ പലതരത്തിലുള്ള സര്‍ക്കുലറുകളും പുറപ്പെടുവിച്ചിരുന്നുവെങ്കിലും സംസ്ഥാനം ശക്തമായ ചെറുത്ത് നില്‍പ്പാണ് നടത്തിയത്. എല്ലാ സംസ്ഥാനങ്ങളും സഹകരണ സംഘങ്ങളിലെ നിക്ഷേപവും വായ്പയും അടക്കമുള്ള വിശദവിവരങ്ങള്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് കൈമാറണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളം വഴങ്ങിയില്ല. ശക്തമായി ചെറുക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സ്വകാര്യവല്‍ക്കരണ നയത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളിലേയ്ക്ക് നടത്തുന്ന കടന്നു കയറ്റം. ഇത് അനുവദിക്കില്ല. 97-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്ത ഹര്‍ജിയിലെ വിധിയിലും അപ്പീല്‍ നല്‍കാനുള്ള അവസരം സര്‍ക്കാരിനുണ്ടെന്ന് നിയമോപദേശം കിട്ടിയിരുന്നു ഇതും വിശദമായി പരിശോധിക്കും. രാജ്യത്തെ പകുതി സംസ്ഥാനങ്ങള്‍ നിയമം പാസാക്കിയാല്‍ മാത്രമെ ഭരണഘടനാപരമായ ഭേദഗതി നിലവില്‍ വരുകയുള്ളൂ.എന്നാല്‍ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഭേദഗതി നിയമത്തില്‍ ഇതുണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട നിലപാടും നിയമപരമായ പരിശോധനയിലാണെന്നും മന്ത്രി പറഞ്ഞു.