അവശ്യസേവന സര്‍വ്വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം

270
0

ആലപ്പുഴ : അവശ്യസേവന മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും. 16 അവശ്യ സേവന മേഖലകളിലെ ജീവനക്കാര്‍ക്കാണ് തപാല്‍ വോട്ടിനുള്ള അവസരം. തിരഞ്ഞെടുപ്പ് ചുമതലയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, എക്‌സ്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിട്ടി, കെ എസ് ആര്‍ ടി സി, ട്രഷറി, വനം വകുപ്പ്, ആംബുലന്‍സ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ റെയില്‍വെ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ്, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, വ്യോമയാനം, ഷിപ്പിംഗ് , തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 16 അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്ന തിരഞ്ഞെടുപ്പ് ചുമതലയുളളവര്‍ക്കാണ് തപാല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകുക. ഇവരെ ‘ആബ്‌സെന്റി വോട്ടേഴ്സ്’ ( അസന്നിഹിതരായ വോട്ടര്‍മാര്‍) ഗണത്തില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് തപാല്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കുന്നത്.

തപാല്‍ വോട്ട് ചെയ്യാനായി അതാതു നിയോജക മണ്ഡലങ്ങളില്‍ റിട്ടേണിങ് ഉദ്യോഗസ്ഥര്‍ക്ക് ഫോം 12 ഡി യില്‍ അപേക്ഷ നല്‍കണം. അപേക്ഷകള്‍ പരിശോധിച്ച് തപാല്‍ വോട്ടുകള്‍ തയ്യാറാക്കുന്നത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി അഞ്ചുദിവസം വരെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കാം. ഫോം 12 ഡി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും.

(പി.ആര്‍/എ.എല്‍.പി/814)