അഗതികൾക്ക് തണലായി നഗരസഭ

206
0

പാലത്തിനടിയിൽ താമസിച്ചിരുന്ന വയോധികനെ പുനരധിവസിപ്പിച്ചു

നഗരത്തിൽ ആരോരുത്തരുമില്ലാത്തവർക്കും അന്തിയുറങ്ങാൻ ഇടമില്ലാത്തവർക്കു ആശ്രയമായി നഗരസഭ. സംരക്ഷിക്കാൻ ആരുമില്ലാതെ മരുതംകുഴി പാലത്തിനടിയിൽ കഴിഞ്ഞിരുന്ന വയോധികനായ രവി എന്നയാളെ മേയറുടെ നേതൃത്വത്തിൽ പുതുജീവിതത്തിലേക്ക് കൊണ്ടുവന്നു. ചാനൽ വാർത്തയെ തുടർന്ന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നഗരസഭ പ്രോജക്ട് ഓഫീസർ ജി.എസ്.അജികുമാറിനെയും കൂട്ടി മേയറും ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലിമും സ്ഥലത്തെത്തി ടിയാളെ പുനരധിവസിപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. തുടർന്ന് നഗരസഭ ആംബുലൻസിൽ അദ്ദേഹത്ത കോവിഡ് പരിശോധനയ്ക്ക് കൊണ്ടു പോകുകയും അതിനുശേഷം നഗരസഭയുടെ കല്ലടിമുഖത്തെ സാക്ഷാത്കാരം വയോജനകേന്ദ്രത്തിൽ പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാലത്തിനടിയിൽ താമസിച്ചിരുന്ന വയോധികന് ഇത്രയുംനാൾ ഭക്ഷണവും മറ്റും നൽകിയ സുമനസുകൾക്ക് മേയർ നന്ദി രേഖപ്പെടുത്തി. ലോക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുത്, അനാഥരാകരുത് എന്ന ലക്ഷ്യം മുൻനിർത്തി നഗരത്തിലെ യാചകരെ മുഴുവൻ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടിയെടുത്തിരുന്നു . 200 ലേറെ പേരെയാണ് ഇത്തരത്തിൽ പുനരധിവസിപ്പിച്ചത്. ഇവർക്ക് മുഴുവൻ പേർക്കും പുതിയ വസ്ത്രവും മികച്ച ഭക്ഷണവും നൽകി . എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവായ 40 പേരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അഗതികളെ പുനരധിവസിപ്പിക്കുന്നതിന് നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് മേയർ അറിയിച്ചു.