അക്ഷരം മ്യൂസിയം നിര്‍മ്മാണം കേരള പിറവി ദിനത്തില്‍

14
0
  • രാജ്യത്തെ ആദ്യ ഭാഷാ സാഹിത്യ സാംസ്‌കാരിക മ്യൂസിയം
  • ഭാഷ പരിണാമം പ്രദര്‍ശനത്തിലെ ആകര്‍ഷണീയത

തിരുവനന്തപുരം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ കെട്ടിട നിര്‍മ്മാണം നവംബര്‍ ഒന്നിന് ആരംഭിക്കും. സഹകരണ മന്ത്രി വി.എന്‍. വാസവന്റെയും തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്ന ഭാഷാ, സാഹിത്യ, സാംസ്‌കാരിക മ്യൂസിയമാണ് അക്ഷരം മ്യൂസിയം. കോട്ടയത്ത് നാട്ടകത്താണ് മ്യൂസിയം സ്ഥാപിക്കുന്നത്. വാ മൊഴിയില്‍ നിന്നും വര മൊഴിയിലേയ്ക്കും അതില്‍ നിന്നും ആധുനിക ഭാഷയിലേയ്ക്കുമുള്ള അക്ഷരങ്ങളുടെ പ്രയാണമാണ് മ്യൂസിയത്തിലെ പ്രധാന കാഴ്ച. വിവിധ കാലഘട്ടങ്ങളിലൂടെയുള്ള ഭാഷയുടെ രൂപാന്തരം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഗുഹാചിത്രങ്ങള്‍ മുതല്‍ ആധുനിക സാഹിത്യ സൃഷ്ടികള്‍ വരെ നേരിട്ട് കാണുകയും അനുഭവിച്ചറിയുകയും ചെയ്യാം.
അന്താരാഷ്ട്ര നിലവാരത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉത്ഭവം മുതല്‍ ഇന്നത്തെ സാഹചര്യം വരെ ദൃശ്യാനുഭവമായി പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക കോര്‍ണര്‍, ദേശീയ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച, കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയുടെ വഴികള്‍, ഇന്ത്യയിലെ ഭാഷാ വൈവിധ്യം, വിവിധ സാഹിത്യ വിഭാഗങ്ങളുടെ നാള്‍വഴികള്‍, അപൂര്‍വമായ സൃഷ്ടികള്‍, ആധുനിക, ഉത്തരാധുനിക മലയാള സാഹിത്യം, വിവിധ സാഹിത്യകാരന്മാര്‍ അവരുടെ ശബ്ദത്തില്‍ അവതരിപ്പിച്ച അവരുടെ സൃഷ്ടികള്‍, മറ്റ് പ്രദേശങ്ങളിലെ മലയാളത്തിന്റെ സ്വാധീനം, വിവര്‍ത്തനങ്ങളുടെ ശാസ്ത്രീയ രീതികള്‍ തുടങ്ങി സാഹിത്യത്തിന്റെ വിവിധ വശങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ടാകും.
പ്രദര്‍ശനത്തിനുള്ള വസ്തുക്കള്‍ ശേഖരിക്കാനും വിവിധ സാഹിത്യ സാംസ്‌കാരിക നേതാക്കളുടെ പ്രതിമകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ അവലോകന യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാര്‍ പി.ബി. നൂഹു തുടങ്ങിയ ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുത്തു.