മൗനനൊമ്പരം

83
0

വിനീത് വിശ്വദേവ്

മൗനം പൂത്തതാഴ്വരയിൽ
ഏകാന്തത നിഴലാട്ടം നടത്തുന്നു .
ഓർമ്മതൻ നിലാച്ചില്ലയിലോടി
മറയുന്നു കളിവഞ്ചികൾ.

താനേ പൂവിട്ടരാമത്തിൽ
ഋതുക്കൾ പോയ്മറഞ്ഞിരുന്നു .
മഴമുകിലിനെ കാത്തിരുന്ന വേഴാമ്പലായി
മനതാരിൽ മാരിവില്ല് ചേർത്തിരുന്നു ഞാനും .

വ്രണപ്പെടുത്തിയ വാക്കുകൾ
വാചാലതയെ തുന്നിക്കെട്ടിയ മൗനമായി
വ്യഥയിലാണ്ടു പോയി ഞാനും .
നീണ്ടു പോയി ദൂരങ്ങൾ
വാക്കിനും മൗനത്തിനുമിടയിലായി .

കാലക്കെടുതിയിൽ കറങ്ങുന്ന ചക്രങ്ങളായി
കൈയ്യിലിരുന്ന ഘടികാരനിമിഷങ്ങൾ.
കരഞ്ഞുതീർന്ന ദിനങ്ങൾ കോർത്തൊരു
കണക്കുപുസ്തകമുണ്ടാക്കി ഞാനുമെൻ
മൗനനൊമ്പരങ്ങളാൽ.