കാറ്റു പറഞ്ഞ കഥ/അദ്ധ്യായം 2

87
0

അരയാലിലകളില്‍ കാറ്റ് വീശി. കാറ്റുകളെ അയയ്ക്കുന്നതു അല്ലാഹുവാകുന്നു. അവ മേഘങ്ങളെ ഇളക്കിവിടും. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന വിധം ആകാശത്ത് അതിനെ പറത്തുകയും കഷണം കഷണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനടിയില്‍ നിന്നും മഴ പുറത്തു വരുന്നത് നിനക്കു കാണാം.

അരയാല്‍ ഒരു നീണ്ട മൗനത്തിലായിരുന്നു. ആഴങ്ങളില്‍ അന്വേഷണകുതുഹിയായി മഹാമൗനത്തിലേക്ക് ഉള്‍വലിഞ്ഞു. ചില്ലകള്‍ മഹാമൗനത്തിന് ഭംഗം വരാതിരിക്കാന്‍ ഇലകളൊതുക്കി നമിത മുഖികളായി.
പൊരുള്‍ തേടി വന്നവര്‍ക്കൊക്കെ പൊരുളിന്റെ ചുരുളഴിച്ച് വ്യാഖ്യാനിച്ചു കൊടുത്തിട്ടുണ്ട്. എന്നിട്ടിപ്പോള്‍......

കാറ്റ്…..
എന്താണ് കാറ്റിന്റെ പൊരുള്‍……
പൊരുള്‍ തേടി മണ്ണിന്റെ ആഴങ്ങളിലേക്ക് പോയ വേരുകള്‍, പൊരുളറിയാനാകാതെ, പൊരുളിന്റെ അറിവ് ഇലകളിലെത്തിക്കാനാകാതെ കുഴങ്ങി. അരയാല്‍ തളിരിലകളോട് പറഞ്ഞു:
പണ്ട് പണ്ട് ഒരു രാജകുമാരനുണ്ടായിരുന്നു.
പൊരുള്‍ തേടി വന്നവന്‍
അരയാല്‍ തണലായി, തുണയായി
കാത്തിരിപ്പിന്റെ വേരുകള്‍ മണ്ണിന്റെ ആഴങ്ങളില്‍
നമ്മുടെ വേരുകളിലുറച്ചു.
വേരുകള്‍ ഇലകള്‍ക്കന്നവും
രാജകുമാരന് പൊരുളും പകര്‍ന്നുകൊടുത്തു.
പൊരുളറിഞ്ഞവന്‍ ബുദ്ധനായി, ഗൗതമബുദ്ധന്‍.
അരയാല്‍ വിട്ടുപോകുമ്പോള്‍ ഒന്നാം ബുദ്ധന്‍ പറഞ്ഞിരുന്നു.”കാത്തിരിക്കുക. കാലം എല്ലാം വെളിപ്പെടുത്തും.

കാറ്റിന്റെ പൊരുളറിയാന്‍ അരയാല്‍ കാത്തുനിന്നു.
അനുവാദമില്ലാതെ താഴത്തെ ചില്ലയില്‍ ചേക്കേറിയ കാറ്റ് മെല്ലെ താളമിട്ടു. തളിരിലകള്‍ അനങ്ങി. ചില്ലുകളിലൂടെ ശിഖരങ്ങളില്‍ താളം മുറുകി. ഒരു മുറുമുറുപ്പോടെ അരയാലിനെ നോക്കിയ ശിഖരങ്ങളോട് അരയാല്‍ പറഞ്ഞു.''കാറ്റ് ദൈവമാണ്. അസഹിഷ്ണുവായ ദൈവം''. നിന്റെ ദൈവം ഞാനാണ്. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. അതാണ് പ്രമാണം. കാറ്റിന്റെ ഒന്നാം പ്രമാണം. അതു ലംഘിക്കേണ്ട. മഞ്ഞും മധുമാരിയും, വസന്തവും വര്‍ഷവും ഒക്കെതരുന്നത് കാറ്റാണ്...
ആ അറിവിന്‍ ശിഖരങ്ങള്‍ തപ്പുതുടികളോടെ ഓശാന പാടി.
ഓശാനയില്‍ കാറ്റ് പങ്കുകൂടി.
കാറ്റ് പറഞ്ഞു
സമയമായി
കാത്തിരുന്ന സമയമായി
കാത്തിരുന്ന സമയം സമാഗതമായി.

ഇലകളോടതു പറഞ്ഞു, കാറ്റ് അരയാലില്‍ നിന്ന് മേലോട്ടുയര്‍ന്നു. കാറ്റേറ്റ് അരയാല്‍ മൗനിയായി, വെളിപ്പെടുന്ന പൊരുളിനായി കാത്തിരുന്നു. കാറ്റ് പിന്നെയും മേലേക്കുയര്‍ന്ന് കാഴ്ച സുഗമമാക്കി കാതു കൂര്‍പ്പിച്ചു.
അള്ളാപ്പാറയില്‍ നിന്നും ഒരു നൂപുരധ്വനി ഇടറിയിടറി, അടര്‍ന്നടര്‍ന്ന് വളരെ നേര്‍ത്തും അവ്യക്തമായും എത്തിക്കൊണ്ടിരുന്നു.
കാറ്റതറിഞ്ഞു.
അരയാലിനുമേല്‍ ഉയര്‍ന്നു നിന്നിരുന്ന കാറ്റ് ഒരു വിഹഗക്കാഴ്ചയിലൂടതുകണ്ടു.
ആലിന്റെ മുകളില്‍ നിന്നും വട്ടം ചുറ്റി വട്ടം ചുറ്റി കാറ്റ്, ഇലകളെ സ്പര്‍ശിക്കാതെ വര്‍ത്തുളമായിക്കറങ്ങി, ഓരോ കറക്കത്തിലും ചെറുതായി അരയാലിനു ചുവട്ടിലെത്തി മൃദുവായി മന്ത്രിച്ചു:
ഇതാ ഞാന്‍ നിന്റെ ദാസന്‍.

അപ്പോള്‍ സുനിതയും സീതയും അരയാലിന്റെ ചുവട്ടിലെത്തിയിരുന്നു. സീതപ്പെണ്ണിന്റെ കൈകള്‍ സുനിതയെ താങ്ങിയിരുന്നു. കാറ്റ് മറ്റു മരങ്ങളെ ഒന്നും തൊടാതെ അരയാല്‍ ഇലകളെ മാത്രം കമ്പനം കൊള്ളിച്ച് മേലോട്ടുയര്‍ന്ന് ഒരു മുത്തുക്കുടപോലെ തണലായി അരയാലിനു മുകളില്‍ നിന്നു.
എനിക്കു വയ്യ. ഇവിടൊന്നിരിക്കട്ടെ
സീതപ്പെണ്ണ് മെല്ലെ സുനിതയെ അരയാലിന്റെ തറയില്‍ ഇരുത്തി.
നിനക്കു കിടക്കണോ.....?
വേണ്ട
''എന്റെ മടിയില്‍ കിടന്നോ'' എന്നു പറഞ്ഞ് അവള്‍ സുനിതയ്‌ക്കൊപ്പമിരുന്നു.
അവള്‍ മെല്ലെ, സീതയെച്ചാരി അവളുടെ മടിയില്‍ക്കിടന്നു.
അപ്പോള്‍ സുനിതയുടെ കണ്ണുകള്‍ നേരെ അരയാലിന്റെ മുകലിലായിരുന്നു. അവിടെ ആരെയോ സൂക്ഷിച്ചു നോക്കുന്നതുപോലെ.....
ആരെയെന്ന് ചോദിക്കണമെന്ന് പലവട്ടം തോന്നിയെങ്കിലും, അവളെ ശല്യപ്പെടുത്തേണ്ട എന്ന ചിന്തയില്‍, പിന്നെ എല്ലാ ചോദ്യങ്ങളും, അവള്‍ തന്നോടുതന്നെ ചോദിച്ചു.
പിന്നെ വെയില്‍ ചായുന്നു എന്ന ചിന്തയില്‍ അവള്‍ വിളിച്ചു:
സുനിതേ....
ങും....
പോകാം....
അവര്‍ യാത്ര തുടര്‍ന്നു. അവര്‍ക്കു മുകളിലായി, അവര്‍ക്കൊപ്പം ഒരു മുത്തുക്കുടപോലെ കാറ്റും യാത്രയായി.
ജോസു ഡോക്ടറുടെ ചെറുപുഷ്പം ഹോസ്പ്പിറ്റലിലേക്ക് യാത്രതുടരുമ്പോള്‍ വെയില്‍ മായാന്‍ തുടങ്ങിയിരുന്നു. കന്നാരക്കാടുകളില്‍ നിന്നും, വിണ്ടുകീറിയ വയലില്‍ നിന്നും, നാലുമണിക്കാറ്റ് തരം നോക്കി പുറത്തു കടന്നിരുന്നു.അവ പരത്തിയ നേരിയൊരു കുളിര് ആവോലിയുടെ ആകാശത്തിനുകീഴെ വല നെയ്തു കിടന്നിരുന്നു. തണുപ്പറിഞ്ഞ സീതപ്പെണ്ണ് ചോദിച്ചു:
നിനക്ക് തണുക്കുന്നുണ്ടോ....?.
ഇല്ല.
പനിക്കുന്നുണ്ടോ.....?
ഇല്ല.
ങേ...!
അവള്‍ സുനിതയുടെ മുഖത്തേക്ക് നോക്കി.
വാഴക്കൂമ്പുപോലെ വാടിത്തളര്‍ന്നിരുന്ന അവളുടെ മുഖത്തിന് എന്തൊര് ഉണര്‍വ്. എന്തൊരൈശ്വര്യം. അത്ഭുതപ്പെട്ട് അവള്‍ സുനിതയെ പിടിച്ചുനിര്‍ത്തി, നെറ്റിയില്‍ കൈവച്ചു നോക്കി. ശരീരം നന്നായി തണുത്തിരിക്കുന്നു. പനിച്ചൂട് വിട്ടകന്നിരിക്കുന്നു. പെട്ടന്നവള്‍ സുനിതയുടെ മുഖത്തും കഴുത്തിലും നെഞ്ചത്തും കൈവച്ചു നോക്കി. ചൂടൊട്ടുമില്ല. പനി പൂര്‍ണ്ണമായും വിട്ടകന്നിരിന്നു. അത്ഭുതത്തോടെ അവള്‍ വിളിച്ചു:
സുനിതേ.....
ങും

നിനക്കിപ്പോള്‍….
ഒന്നുമില്ല
പനി…?
ഇല്ല
തലവേദന…?
ഇല്ല
നിനക്കു ക്ഷീണമുണ്ടോ..?
ഇല്ല
വേറെന്തെങ്കിലും…….
ഒന്നുമില്ല.
ഇതെന്തു മറിമായം. അരയാലിന്റെ ചുവട്ടിലെത്തുന്നതുവരെയും ചുട്ടു പൊള്ളുന്ന ചൂടായിരുന്നു നിനക്ക്. എനിക്ക് പേടിയായിരുന്നു. ജോസ് ഡോക്ടറുടെ അടുത്തുവരെ എത്തുമോയെന്ന് പോലും ഞാന്‍ സംശയിച്ചിരുന്നു. എന്നിട്ടിപ്പോള്‍……..
എനിക്കുമറിയില്ല സീതേ. എനിക്കിപ്പോള്‍ ഒന്നുമില്ല.
അപ്പോഴും കാറ്റ് അവരുടെ മുകളിലുണ്ടായിരുന്നു. ഒരു തണലായി അവര്‍ക്കൊപ്പം യാത്രയിലായിരുന്നു.
അവരപ്പോഴും ചെറുപുഷ്പം ഹോസ്പിറ്റലിലേക്കുള്ള യാത്രയിലാലിരുന്നു

കാറ്റ് മടങ്ങിയെത്തിയിരുന്നില്ല. സാന്ധ്യാകാശം തെളിഞ്ഞു കിടന്നു. പക്ഷേ, ആകാശത്തേക്ക് നോക്കി ഇലയനക്കം മറന്നു നിന്ന അരയാലിന്റെ തളിരിലകളില്‍ ഒരു തുള്ളി വെള്ളം വീണു. അത്ഭുതപ്പെട്ട് അരയാല്‍ ദൂരേക്ക് നോക്കുമ്പോള്‍ ധൃതിപ്പെട്ട് കാറ്റ് അവിടേക്ക് വരുന്നുണ്ടായിരുന്നു. വേഗേന താഴത്തെ ചില്ലയില്‍ കൂടേറിയ കാറ്റിനെ അരയാല്‍ നോക്കി:
ഒരു തുള്ളി വെള്ളം
മഴയാണ്
ങേ, മഴയോ……..?
അതെ. മഴയാണ്..
മഴ..,
ആകാശത്തിന്റെ അലിവാണ്
ഭൂമിയുടെ പ്രാര്‍ത്ഥനയാണ്
മേഘങ്ങളുടെ കനിവാണ്
കാറ്റിന്റെ ഔദാര്യമാണ്
പച്ചപ്പിന്റെ കാത്തിരിപ്പാണ്
മലകളുടെ മൗനമാണ്
കടലിന്റെ ദാനമാണ്
ജീവന്റെ താളമാണ്
മഴയുടെ ലുത്തിനിയ കാറ്റ് ചൊല്ലി. അരയാല്‍ കേട്ടിരുന്നു.
അതിനിടയില്‍ ഒന്നൊന്നായി മഴത്തുള്ളികള്‍ ആലിലകളില്‍ പതിച്ചു കൊണ്ടിരുന്നു. തളിരിലകള്‍ തിസ്രയില്‍, ത്രിപുടയില്‍ കൊട്ടിക്കേറി നൃത്തം വച്ചു.
മഴ കണ്ട മണ്ണ് ഉറവകള്‍തുറന്നു വച്ച് ജപിച്ചിരുന്നു. ക്ഷീണിച്ച കാറ്റ് മഴനനഞ്ഞിരുന്നു. മഴയ്ക്കായ് എല്ലാവരും സുമനസ്സുകളായി.

മഴത്തുള്ളികള്‍ക്കിടയിലൂടെ പരിചിതമല്ലാത്തൊരു പദതാളം കാറ്ററിഞ്ഞു. നിലത്തുറയ്ക്കാത്ത കാല്‍പ്പാദങ്ങളുടെ അവ്യക്തത മഴത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ചു. മഴ കഴുകി വെടിപ്പാക്കിക്കൊണ്ടിരുന്ന നിരത്തിലൂടെ ജനാര്‍ദ്ദനന്‍ നടന്നു. കീറിയ ഉടുപ്പഴിച്ച് തലയില്‍ വട്ടത്തിലൊരു കെട്ടുകെട്ടിയിരുന്നു. തലക്കെട്ടിന്റെ അതിരുകളും കടന്ന് വെള്ളം നീണ്ടുവളര്‍ന്ന മുടികള്‍ക്കിടയിലൂടെ മുഖത്തെ രോമസഞ്ചയത്തിലേക്ക് ചാലുകീറി. ബീഡിക്കറപുരണ്ട ചുണ്ടുകള്‍ക്കിടയില്‍, തീയണഞ്ഞ ഒരു ബീഡിക്കുറ്റിയിരുന്നിരുന്നു. കെട്ടുപോയിട്ടും, ജനാര്‍ദ്ദനന്‍ ഇടയ്ക്കിടെ അത് ആഞ്ഞാഞ്ഞു വലിച്ചു കൊണ്ടിരുന്നു. അരയില്‍ ചുറ്റിയിരുന്ന ചുവന്ന മുണ്ടിന്റെ ഒരു തുമ്പ് നിലത്തു വീണ് വലിഞ്ഞു. അഴിഞ്ഞുപോകുന്ന മുണ്ട് ഇടതുകൈകൊണ്ട് അടി വസ്ത്രത്തോട് ചേര്‍ത്തു വച്ച് ഇടയ്ക്കിടെ അതുറപ്പിച്ചിരുന്നു. വേച്ചു വേച്ചു പോകുന്നതിനിടയിലും വലതുകൈയ്യിലെ മരുന്ന് നിലത്ത് വീഴാതിരിക്കാന്‍ ശ്രമിച്ചിരുന്നു.

ഈ ചെന്നെല് ഒരാവ്ടിപൂരോണ്ട്. ഈ ആവ്ടിപുരത്തൊരു പ്‌ളാറ്റുണ്ട്. ഒരു പാട്ടുപോലെ ജനാര്‍ദ്ദനന്‍ അത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഈ ചെന്നെല് ഒരാവ്ടിപുരോണ്ട്. ഈ ആവ്ടിപുറത്തൊരു പ്‌ളാറ്റുണ്ട്.
ഛേ! അങ്ങനല്ല.
ഈ ചെന്നെലൊരാവ്ടിപൊരൊണ്ട്.

ഈ ആവ്ടിപൊരത്തൊരുപ്‌ളാറ്റൊണ്ട്….
ഛേ! പിന്നെം ശരിയല്ല.
ഈ ചെന്നെലൊരാവ്ടിപൊരം. ഈ ആവ്ടിപൊരത്തൊരു…..ഏതാണ്ടൊണ്ടല്ലോ.
ഛേ…..ഒന്നും ശര്യാകണില്ല.
ഈ ചെന്നെലൊരാവ്ടിപൊരത്തൊരു…….
ഒന്നുകൂടിപറയാം
ഈ ചെന്നെലൊരാവ്ടിപൊറത്തരുപ്‌ളാറ്റുണ്ട്.
എന്താപറഞ്ഞെ….
ങാ….. അതുതന്നെ. അങ്ങനെതന്നെ.
എന്തൊണ്ട്…….
പ്‌ളാറ്റ്
ശ്രദ്ധിച്ചു കേള്‍ക്കണം. വല്യവാക്കാ
പ്‌ളാറ്റ്.
ഛേ! അതു തെറ്റി പ്‌ളാറ്റല്ല. ഫ്……ളാ………റ്റ്. പറഞ്ഞേ ഫ്..ളാ..റ്റ്.
ഇങ്കിരീഷ് പറയുവാണോ, ഇങ്കിരീഷ് പറേണ പോലെ തന്നെ പറേണം
അക്കാര്യത്തില്‍ ഈ ജനാര്‍ത്തനെ ആരും തോപ്പിക്ക്യേല. ങാ… അതുതന്നെ. അതാ പറഞ്ഞെ ഫ്..ളാ..റ്റ്..
ഛെ! പിന്നെം തെറ്റി. ചെന്നെല് ഒരു ഫ്‌ളാറ്റല്ലല്ലോ. എത്ര ഫ്‌ളാറ്റുകളാ….
പിന്നെപറിഞ്ഞുപോയ മുണ്ടു നിലത്തുനിന്നും തപ്പിയെടുത്ത് തലയില്‍ കെട്ടി ജനാര്‍ദ്ദനന്‍ വട്ടം ചുറ്റി
പ്‌ളാറ്റ് പ്‌ളാറ്റ് പ്‌ളാറ്റ്
ഫ്‌ളാറ്റ് ഫ്‌ളാറ്റ് ഫ്‌ളാറ്റ്
പ്‌ളാറ്റ് പ്‌ളാറ്റ് പ്‌ളാറ്റ്
ഫ്‌ളാറ്റ് ഫ്‌ളാറ്റ് ഫ്‌ളാറ്റ്
വട്ടം ചുറ്റുന്നതിനടയില്‍ നിലതെറ്റി ജനാര്‍ദ്ദനന്‍ ചെളിവെള്ളത്തില്‍ വീണു. അവിടെ നിന്നും ഉരുണ്ട്പിരണ്ടെണീറ്റ് പറഞ്ഞു
ചുമ്മാതല്ല നാട്ടുകാര് പറേണ ജനാര്‍ത്തനന് വെവരല്ലാന്ന്.
പിന്നെ നാലഞ്ചു ചുവടുകള്‍ പിറകോട്ടു നടന്നിട്ട് ചോദിച്ചു:
എടാ, ജനാര്‍ത്തനാ,നെനക്കു വെവരമുണ്ടാരുന്നേല്‍ നിന്റെ ഭാര്യയാകാമെന്നു പറഞ്ഞ പെണ്ണ് പോക്വാരുന്നോ.
അല്ല ജനാര്‍ത്തനാ, നെനക്കു വെവരമുണ്ടാരുന്നേല് നെന്റെ സ്ഥലം കൂടി വിറ്റ കാശോണ്ട് നിന്റമ്മ ചെന്നെല് ഫ്‌ളാറ്റു വാങ്ങ്വാരുന്നോ.
പൊട്ടന്‍.
അതിനെന്താ, അമ്മേന്നെ വിളിച്ചാരുന്നല്ലോ. അമ്മേം വകേലൊരു പെണ്ണും കൂടി അവ്‌ടെ…. കാശൊണ്ടാക്വാണു.
അമ്മ പറഞ്ഞല്ലോ:
ജനാര്‍ദ്ദനാ നീ സുന്ദരനല്ലേ. അമ്മേട മക്കളില്‍ ഏറ്റോം സുന്ദരന്‍. നീയും അവളും കൂടി കൂടിയാല്‍…..
ങും……. തള്ളേടെ പൂതി. അവള് പെണ്‍വേശ്യ. ജനാര്‍ത്തനന്‍ ആണ്‍വേശ്യ.
ഫൂ…..
ജനാര്‍ദ്ദനന്‍ ഒരാട്ടാട്ടി. മഴമേളത്തിനും മേലെ അതു മുകളിലോട്ടുയര്‍ന്ന് കാറ്റിന്റെ ചെവിയിലെത്തി.
അതിനു തള്ളയൊരു മറുപടി പറഞ്ഞു:
കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന്” അതു തന്നെയായിരിക്കും അപ്പന്‍ ചത്തപ്പോഴും പറഞ്ഞെ. ജനാര്‍ദ്ദനന്‍ പിറകോട്ടു നടന്ന ദൂരവും അത്രയും കൂടി മുന്നോട്ട് നടന്ന് അരയാലിന്റെ നേര്‍ക്ക് തിരിഞ്ഞിട്ട് പറഞ്ഞു ”തള്ളേടെ ചിത കത്തിയെര്യാന്‍ തീ കൊളുത്താന്‍ ജനാര്‍ത്തനന്‍ പോയില്ല” പിന്നെ തിമിര്‍ത്തു പെയ്യുന്ന മഴത്തുള്ളികളെ നോക്കി, നെഞ്ചത്തൂക്കിലിടിച്ചിട്ട് പറഞ്ഞു ”ഇതു ഞാനാ, ജനാര്‍ത്തനന്‍” ഞാനെന്റെ തള്ളേനോടു ചോദിച്ചു ”അപ്പന്റെ വെള്ളം വീഴാന്നേരത്ത് ഒന്നു കമന്നു കെടക്കാമ്മേലാരുന്നോന്ന്. എങ്കി ഞാനൊണ്ടാക്യേലാരുന്നല്ലോ” തള്ളയാണ് തള്ള. ഫ്യാ….
വായിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളത്തിനൊപ്പം കള്ളിന്റെ മണമുള്ള തുപ്പല്‍ ദൂരേക്ക് തെറിക്കാതെ മേത്തു തന്നെ വീണു.
”ങും! എന്തൊരു മണം” എന്നു പറഞ്ഞ് ജനാര്‍ദ്ദനന്‍, മുഖത്ത് ഒരൊതുക്കവുമില്ലാതെ വളര്‍ന്നു നില്‍ക്കുന്ന താടിയില്‍ നിന്നും തുപ്പല്‍ തൂത്തുകളയാനായി കൈ ഉയര്‍ത്തി.
മഴയ്‌ക്കൊരു ശമനമുണ്ടായിരുന്നില്ല. ആകാശവിതാനത്തിന്റെ വാതിലുകളെല്ലാം തുറന്നുവച്ച് മഴ പകയോടെ പെയ്തുകൊണ്ടിരുന്നു. നനഞ്ഞു കുതിര്‍ന്ന മണ്ണ് വെള്ളം തിരസ്‌കരിക്കാന്‍ തുടങ്ങി. നാലുപാടും ചാലു കീറി വെള്ളം ഒഴുകി മറഞ്ഞു കൊണ്ടിരുന്നു.
”മഴ പെയ്യാങ്കണ്ട ഒരു നേരം. ജനാര്‍ത്തനനു വീട്ടിപ്പോക്‌ണ്ടേ”. എന്ന് ആകാശത്തേക്കു കണ്ണുയര്‍ത്തിച്ചോദിച്ച ജനാര്‍ദ്ദനന്റെ കണ്ണില്‍ മഴ അടിച്ചുകയറി. കണ്ണുവേദനിച്ചപ്പോള്‍ ”ഓ മഴയാ പെയ്യണല്ലേ, ഞാനോര്‍ത്തു മഴയാന്ന്” എന്നു പറഞ്ഞ് ജനാര്‍ദ്ദനന്‍ കൈ ഉയര്‍ത്തി കണ്ണുതുടച്ചു. അപ്പോള്‍ കക്ഷത്തിലിരുന്ന മരുന്ന് താഴെ വീണ,് തെറിച്ച് ഓടയിലെ വെള്ളത്തോടൊപ്പം ഒഴുകാന്‍ തുടങ്ങി. അതുനോക്കി ഉറക്കെച്ചിരിച്ച് ”ങാ… പോ, ങാ, പോ, പോണോടം വരെ പോ…….”എന്നു പറഞ്ഞ് ആമ്പയിട്ടിരുന്ന ജനാര്‍ദ്ദനന്‍ ഒരു വെളിപാടുപോലെ പറഞ്ഞു ”ഓ! അത് മരുന്ന്. സുനിതേടെ മരുന്ന്…..” പിന്നെ ജനാര്‍ദ്ദനന്‍ തിരുത്തിപ്പറഞ്ഞു. ”ഓ! ആരുടെ മരുന്നായാലെനിക്കെന്താ. സുനിതയ്ക്ക് ഞായെന്തിനാ മരുന്ന് മേടിച്ചു കൊടുക്കണേ”. പിന്നെ അരയാലിലേക്ക് തിരിഞ്ഞിട്ട് അവിടെ ആരൊക്കെയോ ഉണ്ടെന്ന ചിന്തയില്‍ ചോദിച്ചു ”അവ്‌ളെന്റെ മക്‌ളാണോ? നിങ്ങള് പറ. അവ്‌ളെന്റെ മകളാണോന്ന്. പിന്നെ അരയാലിനു പുറം തിരിഞ്ഞു നിന്നിട്ടു പറഞ്ഞു ”എന്നാ, അവ്‌ളുടെ തള്ള പറഞ്ഞേ. പെഴച്ചവള്…..”
വെള്ളത്തില്‍ വീണ മരുന്നെടുക്കാനായി ജനാര്‍ദ്ദനന്‍ ഓടയ്ക്കരുകിലേക്ക് നീങ്ങി. നനഞ്ഞു കുതിര്‍ന്ന കടലാസ്സുമായി, മരുന്നുപൊതി ഓടവെള്ളത്തില്‍ എങ്ങോപോയി മറഞ്ഞിരുന്നു. എന്നിട്ടും ജനാര്‍ദ്ദനന്‍ ഓടയരികില്‍ കുത്തിയിരുന്നിട്ട് ഓടയിലേക്ക് കൈ നീട്ടി. കാലുകള്‍ നിലത്തുറയ്ക്കാതെ ഓടയിലേക്ക് കമിഴ്ന്നു വീണു, വീണിടത്തു നിന്നും ഒന്നു തിരിഞ്ഞ് നേരെ കിടന്നു. അപ്പോള്‍ മഴ ശക്തിയായി മുഖത്തു പതിച്ചുകൊണ്ടിരുന്നു. ”ശ്ശോ, മുള്ളാതെന്നെ” ചെറു കിണ്ടിവാലിലെ വെള്ളം പോലെ മുഖത്തു വീണ മഴ ആരുടെയോ മൂത്രമാണെന്നതോന്നലില്‍ ജനാര്‍ദ്ദനന്‍ ഉച്ചത്തില്‍ പറഞ്ഞു ”മോത്തേക്ക് മുള്ളാതെന്ന്” വീണ്ടും ഉച്ചത്തില്‍ വാ നിറയെ തെറി പറഞ്ഞിട്ട് ”പറഞ്ഞില്ലേ, മോത്തേക്ക് മുള്ളല്ലെന്ന്” പിന്നെ ഒന്നു ശമിച്ചിട്ടു പറഞ്ഞു ”അല്ലേ മുള്ളിക്കോ, ഉപ്പില്ലാത്ത മൂത്രല്ലേ ”എന്നു പറഞ്ഞ് ഒന്നുകൂടി ചുരുണ്ട്കൂടി കിടക്കുന്നു.

കണ്ടോ
അരയാലിനോടു കാറ്റു ചോദിച്ചു.
സുനിതയുടെ അച്ഛനാണത്. പാവം.
അച്ഛനോ....
അതെ
എന്നും വൈകുന്നേരങ്ങളില്‍ നാലു കാലില്‍ അയാള്‍ ഇതിലെ വരാറുണ്ടല്ലോ. അയാള്‍ക്ക് ഭാര്യയും മക്കളും ഇല്ലല്ലോ...
അയാള്‍ സുനിതയുടെ അച്ഛനാണ്. 
അയാളാണ് സുനിതയുടെ അച്ഛന്‍. ഞാനാക്കഥ ഒരിക്കല്‍ പറയാം.
മഴ ശമിക്കാന്‍ തുടങ്ങിയിരുന്നു. ഇലത്തുമ്പുകളില്‍ ശമനത്തിന്റെ ശാന്തത നിറഞ്ഞു. ആകാശത്ത് തെളിമയുടെ നൂലോട്ടങ്ങള്‍. കുതിര്‍ന്ന മണ്ണിന് പുതുകുതൂഹലം. 

തുടരും….